തിരുവനന്തപുരം: സ്‌കൂളിലേക്ക് എത്തിയത് ശരിയായി മുടി കെട്ടിയല്ല എന്നാരോപിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്നും പുറത്താക്കി തിരുവനന്തപുരത്തെ നന്തന്‍കോട് നിര്‍മല ഭവന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വിചിത്ര നടപടി.
ക്ലാസില്‍ നിന്നും പുറത്താക്കിയതിനെതിരെ പരാതി നല്‍കിയാല്‍ ടി.സി നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
സ്‌കൂളിന്റെ നടപടിക്ക് എതിരെ മ്യൂസിയം പൊലീസില്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവ് പരാതി നല്‍കി. നീളക്കുറവുള്ള മുടി അഴിച്ചിട്ടതിനെ തുടര്‍ന്ന് അധ്യാപിക മുടി കെട്ടിവെയ്ക്കാന്‍ ഉപദേശിക്കുകയായിരുന്നു, തുടര്‍ന്ന് മുടി പോണി ടെയില്‍ മോഡലില്‍ ഉയര്‍ത്തിക്കെട്ടിയിരുന്നു.
എന്നാല്‍ ഇത്ര ഉയര്‍ത്തിക്കെട്ടരുത് എന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിനിക്ക് നേരെ സ്‌കൂള്‍ നടപടിയെടുത്തത്.
ഇത്രയേറെ ഉയരത്തില്‍ കെട്ടരുതെന്നും മുടി താഴ്ത്തിക്കെട്ടി വെയ്ക്കണമെന്നും ടീച്ചര്‍ ഉപദേശിച്ചതായി പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് മുടി പരമാവധി താഴ്ത്തി കെട്ടിവെച്ചു.
പിറ്റേദിവസവും സമാനമായ രീതിയില്‍ മുടി കെട്ടി ക്ലാസിലെത്തിയപ്പോഴാണ് ക്ലാസില്‍ നിന്നും അധ്യാപിക പുറത്തിറക്കി നിര്‍ത്തിയതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു.
‘ക്ലാസില്‍ കയറ്റണമെങ്കില്‍ മുടി താഴ്ത്തിക്കെട്ടി വെയ്ക്കുക തന്നെ വേണമെന്ന് അധ്യാപിക ആവശ്യപ്പെട്ടു. അതുപോലെ അനുസരിക്കുകയും ചെയ്തു. എങ്കിലും മുടി കെട്ടാന്‍ ബുദ്ധിമുട്ടായിരുന്നു’, വിദ്യാര്‍ത്ഥിനി പറഞ്ഞു.
മുടി ക്ലാസില്‍ നിന്നുതന്നെ അഴിച്ചുകെട്ടിയതോടെ ടീച്ചര്‍ പ്രകോപിതയാവുകയും തന്റെ അഹങ്കാരം വീട്ടില്‍ വെച്ചിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞെന്നും വിദ്യാര്‍ത്ഥിനി ന്യൂസ് മലയാളം 24X7 ചാനലിനോട് പറഞ്ഞു.
മുടി കെട്ടുന്നതിലെ നിബന്ധനകള്‍ പോലെ ഇതേ സ്‌കൂളില്‍ നിരവധി വിചിത്രമായ നിബന്ധനകളാണ് വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.
പെണ്‍കുട്ടികള്‍ കാതില്‍ രണ്ട് കമ്മല്‍ ധരിക്കരുത്, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആരോഗ്യകരമായ അകലം പാലിക്കണം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൈപിടിച്ചോ തോളോടുതോള്‍ ചേര്‍ന്നോ നടക്കരുതെന്നും സ്‌കൂളില്‍ നിബന്ധനയുണ്ട്.
Content Highlight: Class 8 student expelled from class for allegedly tying her hair incorrectly; Complaint filed against Nirmala Bhavan School