കോഴിക്കോട്: നാല്പതിനായിരം രൂപ മിനിമം വേതനമാവശ്യപ്പെട്ട് കൊണ്ടുളള നഴ്‌സുമാരുടെ സമരത്തില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികളും അധികൃതരും തമ്മില്‍ സംഘര്‍ഷം.
നിങ്ങളൊക്കെ ഇനിയും ജോലിക്ക് വരുമല്ലോ എന്ന് ചോദിച്ച് കൊണ്ടായിരുന്നു മാനേജ്‌മെന്റ് സമരത്തിനിറങ്ങിയ നഴ്‌സുമാരോട് തട്ടികയറിയത്.
ജോലിക്ക് ഹാജരാകാത്ത മുഴുവന്‍ സ്റ്റാഫുകളെയും പിരിച്ചുവിടുമെന്ന് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായും നഴ്‌സുമാര്‍ പറയുന്നു.
ആശുപത്രി മാനേജ്‌മെന്റ് നഴ്‌സിങ് വിദ്യാര്‍ത്ഥികളെ തടഞ്ഞുവെച്ചതായും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ ) ഭാരവാഹികള്‍ പറഞ്ഞു. എന്നാലിത് ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമം വേതനം 40,000 രൂപയാക്കി ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു സമരം തുടങ്ങിയത്. ഇന്ന് (തിങ്കള്‍) മുതല്‍ സമ്പൂര്‍ണ പണിമുടക്ക് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും നഴ്‌സുമാര്‍ സമരം തുടങ്ങിയത്.
ഇന്നലെ രാത്രി തന്നെ ഇന്നത്തെ സമരം സംബന്ധിച്ച് നഴ്‌സുമാര്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ രാവിലെ ക്ലാസുണ്ടെന്ന് പറഞ്ഞ് മാനേജ്‌മെന്റ് തടഞ്ഞ് വെച്ച് ജോലി ചെയ്യിച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
അടിസ്ഥാന ആവശ്യങ്ങള്‍ പോലും ആശുപത്രി അധികൃതര്‍ നല്‍കുന്നില്ലെന്നും തടഞ്ഞ് വെച്ച് കയ്യേറ്റം ചെയ്‌തെന്നും സമരത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്നും നഴ്‌സുമാര്‍ പറഞ്ഞു.
ഇതിനോടകം തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സമരം വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്.
വേതനം കൂട്ടാമെന്ന് യു.എന്‍.എയുമായി ധാരണയിലെത്താത്ത
എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളിലാണ് ഇപ്പോള്‍ സമരം നടക്കുന്നത്.
മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ വേതനം നല്‍കാമെന്ന് ഉറപ്പു നല്‍കിയതോടെ സമരം പിന്‍വലിച്ചിരുന്നു. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ച് കരാര്‍ ഒപ്പിട്ട ആശുപത്രികളിലെ സമരം അവസാനിപ്പിച്ചു. മിനിമം വേതനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നഴ്സുമാരുടെ സംഘടനയായ യു.എന്‍.എ ഇത് അംഗീകരിച്ചിരുന്നില്ല.
നഴ്സുമാരുടെ മിനിമം വേതനം 25,450-28,000 രൂപയാക്കി കൂട്ടാനാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നത്. ഉയര്‍ന്ന തസ്തികയിലുള്ള നഴ്സുമാര്‍ക്ക് കുറഞ്ഞ വേതനം 33,080 രൂപവരെയാവും.
നിലവില്‍ 20,000 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം.
2018ലെ ഉത്തരവനുസരിച്ചുള്ളതാണ് ഇപ്പോഴത്തെ വേതനം. പരമാവധി അഞ്ചു വര്‍ഷത്തിനുള്ളില്‍ കൂട്ടണമെന്നിരിക്കേ, എട്ടു വര്‍ഷമായി തുക വര്‍ധിപ്പിച്ചിട്ടില്ല. സുപ്രീംകോടതി
ഉത്തരവുപ്രകാരം സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് തുല്യവേതനം ഉറപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
Content Highlight: Clashes between nurses and hospital authorities at Kozhikode Baby Memorial