കോഴിക്കോട്: താമരശ്ശേരിയിലെ കട്ടിപ്പാറയിൽ കോഴി മാലിന്യ സംസ്കരണ ഫാക്ടറിക്ക് തീയിട്ട സംഭവത്തിനു പിന്നാലെ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. ഓമശ്ശേരി, കോടഞ്ചേരി, താമരശ്ശേരി പഞ്ചായത്തുകളിലാണ് ഹർത്താൽ .
അന്വേഷണം നടത്തണമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യത്തിലാണ് ഹർത്താൽ നടത്തുന്നത്. നാളെ (ബുധൻ) രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ ആചരിക്കുക.
ഇന്ന് (ചൊവ്വ) കട്ടിപ്പാറയിലെ കോഴി മാലിന്യ സംസ്കരണ ഫാക്ടറിക്ക് സമരക്കാർ തീയിട്ട സംഭവത്തിന് പിന്നാലെ പോലീസുമായി സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ 16 പൊലീസുകാർക്കും 27 സമരക്കാർക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്.
അറവു മാലിന്യ ഫാക്ടറിയിലേക്ക് വരുന്ന വാഹനങ്ങൾ തടയാനാണ് സമരക്കാർ പ്രധാനമായും ലക്ഷ്യമിട്ടത്. വാഹനങ്ങൾ തടഞ്ഞതിന് പിന്നാലെ കല്ലേറുണ്ടാകുകയും പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് പ്രതിഷേധക്കാർക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പൊലീസുകാർക്കും പ്രതിഷേധക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ പ്രായമുള്ളവരും സ്ത്രീകളും കുട്ടികളുമുൾപ്പെടെയുണ്ടെന്നാണ് വിവരം.
ഫാക്ടറി മാറ്റണമെന്നാവിശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കാലങ്ങളായി നാട്ടുകാർ ഉന്നയിക്കുന്ന ഈ ആവശ്യത്തിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇപ്പോൾ ഫാക്ടറിയുടെ ലൈസൻസ് പുതുക്കി നൽകിയെതിനെ തുടർന്നാണ് വീണ്ടും പ്രതിഷേധം നടന്നത്.
കോഴിക്കോട് ജില്ലയിലെ ഏക അറവ് മാലിന്യ സംസ്കരണ ഫാക്ടറി എന്ന നിലയിലാണ് 2019 ൽ ഫ്രഷ് കട്ട് എന്ന സ്ഥാപനം കട്ടിപ്പാറയിൽ ആരംഭിക്കുന്നത്. ജില്ലയിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് ഫാക്ടറിയിൽ വെച്ച് സംസ്കരിക്കുകയാണ് ചെയ്യുന്നത്.
ഒരു തരത്തിലുമുള്ള ദുർഗന്ധമോ പ്രശ്നങ്ങളോ ഉണ്ടാകില്ലെന്ന ഉറപ്പുനൽകിയതിന് ശേഷമാണ് ഫാക്ടറി പ്രവർത്തിക്കാൻ തുടങ്ങിയത്. എന്നാൽ ആരംഭഘട്ടം തന്നെ വലിയ രീതിയിലുള്ള ദുർഗന്ധം വമിക്കുകയും സമീപത്തെ തോടുകളിലും പുഴയിലുമെല്ലാം മാലിന്യം നിറയുന്ന സ്ഥിതിയാണുണ്ടായത്.
Content Highlight: Clashes at Fresh Cut Factory; Harthal to be held in Thamarassery tomorrow