| Saturday, 15th August 2026, 5:46 pm

കര്‍ണാടക വനത്തില്‍ ഏറ്റുമുട്ടല്‍; വനം വകുപ്പിന്റെ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു; പ്രതിഷേധിച്ച് നാട്ടുകാര്‍

അഞ്ജു ചന്ദ്രന്‍

ബെഗളൂരു: കര്‍ണാടകയിലെ ചാമരാജ് നഗറിലുള്ള കാവേരി വന്യജീവി സങ്കേതത്തില്‍ നടന്ന വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കാടിനുള്ളില്‍വച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ട മൂവരും മൃഗങ്ങളെ വേട്ടയാടാനായി എത്തിയവരെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് ചാമരാജ് നഗറിലും പരിസരപ്രദേശങ്ങളിലും നാട്ടുകാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

വനത്തില്‍ അനധികൃതമായി വേട്ടയാടാന്‍ വന്ന സംഘത്തെ തടയുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

എന്നാല്‍ നാട്ടുകാര്‍ ഈ വാദം തള്ളി രംഗത്തുവന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രകോപിതരായ നാട്ടുകാര്‍ വനം വകുപ്പ് ഓഫീസിനു നേരെ ആക്രമണം നടത്തുകയും ഓഫീസ് കെട്ടിടവും ഉപകരണവും അടിച്ചു തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

കൊല്ലപ്പെട്ടവരുടെ വ്യക്തിവിവരങ്ങളും ഏറ്റുമുട്ടല്‍ ഉണ്ടാകാനുള്ള സാഹചര്യവും പരിശോധിച്ചു വരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ സജ്ജമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.

ഹനൂര്‍ ഉള്‍പ്പെടുന്ന ചാമരാജന്‍ നഗര്‍ മേഖല കാവേരി മേഖലയുമായി ബന്ധപ്പെട്ട പ്രധാന വനപ്രദേശമാണ്. വേട്ടയാടലും വന്യജീവി കടത്തും തടയുന്നതിനായി ഇവിടെ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Content Highlights: Clash in Karnataka forest; three killed in Forest Department firing; locals protest.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more