| Friday, 27th October 2023, 6:53 pm

മതഘോഷയാത്രക്കിടെ ബീഹാറില്‍ സംഘര്‍ഷം; രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: വെള്ളിയാഴ്ച ബീഹാറിലെ ഛപ്ര പട്ടണത്തില്‍ നടന്ന മതപരമായ ഘോഷയാത്രയില്‍ സംഘര്‍ഷം. സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സരണ്‍ ജില്ലയുടെ ആസ്ഥാനമായ ഛപ്രയിലെ ഭഗവാന്‍ ബസാറില്‍ നടന്ന ദുര്‍ഗാദേവിയുടെ വിഗ്രഹ നിമജ്ജനയാത്ര പുറപ്പെടുന്നതിനിടെയാണ് പ്രശ്‌നം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.

‘ഘോഷയാത്രയ്ക്കിടെ ഡി.ജെ ഉച്ചത്തില്‍ പ്ലേ ചെയ്യുകയായിരുന്നു. ഇതിനിടെ പ്രതിഷേധസൂചകമായി പരിപാടിയ്ക്ക് നേരെ ചില സാമൂഹ്യവിരുദ്ധര്‍ കല്ലെറിഞ്ഞു. പൊലീസ് സ്ഥലത്തെത്തി വിഗ്രഹ നിമജ്ജനം ഏറ്റെടുത്ത ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്,’ ജില്ലാ പൊലീസ് അറിയിച്ചു.

സ്ഥലത്ത് കനത്ത പൊലീസ് വിന്യാസം നിലവിലുണ്ടെന്നും വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ ആക്രമികളെ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

പ്രശ്‌നബാധിത പ്രദേശങ്ങളിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ സാമൂഹ്യവിരുദ്ധര്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് വിദ്വേഷപരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതായി സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു.

അതിനാല്‍ ഞായറാഴ്ച വൈകുന്നേരം 6 മണി വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചതായി ആഭ്യന്തര വകുപ്പ് അറിയിച്ചു.

ചപ്രയിലെ സദര്‍ സബ് ഡിവിഷനില്‍ ഉടനീളം നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ഈ കാലയളവില്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ എല്ലാത്തരം സന്ദേശങ്ങളും ചിത്രപരമായ ഉള്ളടക്കവും പങ്കിടുന്നത് നിയന്ത്രിക്കും പ്രസ്താവനയില്‍ പറയുന്നു.

Content highlight : Clash in Bihar town during religious procession, internet suspended for two days

We use cookies to give you the best possible experience. Learn more