| Friday, 26th December 2025, 7:36 pm

ഐമാക്‌സ് അടക്കം എല്ലാ സ്‌ക്രീനുകളിലും പൊടിപാറും, ബാര്‍ബന്‍ഹൈമറിന് ശേഷം ഹോളിവുഡിലെ ഏറ്റവും വലിയ ക്ലാഷായി 'ഡ്യൂണ്‍സ്‌ഡേ'

അമര്‍നാഥ് എം.

സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഒരുപിടി മികച്ച സിനിമകളാണ് 2026ല്‍ തിയേറ്ററുകളിലെത്തുന്നത്. അതിഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിക്കുന്ന സിനിമകളെല്ലാം പ്രീമിയര്‍ സ്‌ക്രീനുകളില്‍ കാണാനാണ് പലരും പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ആരാധകരെ പ്രതിസന്ധിയിലാക്കുന്ന ക്ലാഷ് റിലീസാണ് ഇപ്പോള്‍ സിനിമാലോകത്തെ പ്രധാന ചര്‍ച്ച.

മാര്‍വലിന്റെ ബിഗ് ബജറ്റ് ചിത്രം അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയും വാര്‍ണര്‍ ബ്രോസിന്റെ ഡ്യൂണ്‍ 3യും തമ്മിലുള്ള ക്ലാഷാണ് സിനിമാപ്രേമികളെ പ്രതിസന്ധിയിലാക്കുന്നത്. 2026 ഡിസംബര്‍ 18നാണ് രണ്ട് ചിത്രങ്ങളും റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡെന്നീസ് വില്ലന്യൂവിന്റെ ഡ്യൂണ്‍ ട്രിലോജിയിലെ അവസാന ചിത്രമാണ് ഡ്യൂണ്‍ 3.എന്‍ഡ് ഗെയിമിന് ശേഷം റൂസോ ബ്രദേഴ്‌സ് മാര്‍വലിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ.

ഡ്യൂണ്‍ 3 Photo: Screen grab/ Warner Bros

ഇപ്പോഴിതാ, രണ്ട് സിനിമകളുടെയും ക്ലാഷിനെ ബന്ധപ്പെടുത്തി ‘ഡ്യൂണ്‍സ്‌ഡേ’ എന്ന പുതിയ ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. അവഞ്ചേഴ്‌സിന്റെ സിംബല്‍ ഡ്യൂണിന്റെ ടൈറ്റില്‍ ഡിസൈനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റുകള്‍ ഇതിനോടകം വൈറലായി മാറി. രണ്ട് സിനിമകളും വിജയിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

പ്രേക്ഷകര്‍ക്ക് ഗംഭീര വിഷ്വല് ട്രീറ്റ് സമ്മാനിക്കുന്ന രണ്ട് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മാറ്റുരക്കുമ്പോള്‍ ആര് വിജയിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. അതോടൊപ്പം പ്രീമിയം സ്‌ക്രീനുകളായ ഐമാക്‌സ്, എപിക്, പി.എല്‍.എഫ് പോലുള്ള ഫോര്‍മാറ്റുകളിലും ഈ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ഏതെങ്കിലും ഒരു സിനിമ പിന്മാറിയില്ലെങ്കില്‍ രണ്ട് ചിത്രങ്ങളുടെയും കളക്ഷനെ ഈ ക്ലാഷ് സാരമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ Photo: Marvel entertainments

2026 മെയ് മാസത്തില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു ഡൂംസ്‌ഡേ. എന്നാല്‍ ഷൂട്ട് പൂര്‍ത്തിയാകാത്തതുകൊണ്ട് ചിത്രം നീണ്ടുപോവുകയായിരുന്നു. രണ്ടാം ഭാഗത്തിന് പിന്നാലെ ഡ്യൂണ്‍ 3 2026 ഡിസംബറില്‍ തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ ആദ്യമേ അറിയിച്ചിരുന്നു. അതിനാല്‍ തന്നെ ഈ ക്ലാഷില്‍ നിന്ന് ഡ്യൂണ്‍ 3 പിന്മാറാനുള്ള സാധ്യത വളരെ കുറവാണ്.

ഇതിന് മുമ്പ് ഹോളിവുഡിന്റെ ശ്രദ്ധ ആകര്‍ഷിച്ച ക്ലാഷ് അരങ്ങേറിയത് 2023ലായിരുന്നു. വാര്‍ണര്‍ ബ്രോസ് അവതരിപ്പിച്ച ബാര്‍ബിയും ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പന്‍ഹൈമറും ബോക്‌സ് ഓഫീസില്‍ കൊമ്പുകോര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. ‘ബാര്‍ബന്‍ഹൈമര്‍’ എന്ന ടൈറ്റില്‍ അന്ന് വലിയ ചര്‍ച്ചയായി മാറി. ബോക്‌സ് ഓഫീസില്‍ ബാര്‍ബി മുന്നേറിയെങ്കിലും നിരൂപക പ്രശംസയില്‍ ഓപ്പന്‍ഹൈമര്‍ ബഹുദൂരം മുന്നിലായിരുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു വമ്പന്‍ ക്ലാഷില്‍ ആര് വിജയിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. മാര്‍വലിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഡൂംസ്‌ഡേ എത്തുമ്പോള്‍ ആദ്യ രണ്ട് ഭാഗങ്ങളെക്കാള്‍ മുകളില്‍ നില്‍ക്കുന്ന തിയേറ്റര്‍ എക്‌സ്പീരിയന്‍സാകും ഡ്യൂണ്‍ 3 എന്ന് ആരാധകര്‍ കരുതുന്നു.

Content Highlight: Clash between Dune 3 and Avengers Doomsday discussing

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more