| Wednesday, 26th August 2026, 8:26 am

മാടാക്കര മുഹിയുദ്ധീന്‍ മസ്ജിദില്‍ സംഘര്‍ഷം; ബൂട്ടിട്ട് കയറി പൊലീസ് മര്‍ദനം

നിഷാന. വി.വി

വടകര: കണ്ണൂക്കര മാടാക്കര പള്ളിയില്‍ ബൂട്ടിട്ട് കയറി പൊലീസ് അതിക്രമം. മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലീസ് പള്ളിയില്‍ കയറിയത്. പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു. ഈ വിഷയത്തില്‍ മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

ഖത്തീബിനെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാണക്കാട് വെച്ച് നടത്തിയ അനുരജ്ഞന ചര്‍ച്ചയില്‍ നിലവിലെ ഖത്തീബ് വെള്ളിയാഴ്ച ജുമ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ നബിദിനവുമായി ബന്ധപ്പെട്ട് നിലവിലെ ഖത്തീബിന്റെ നേതൃത്വത്തില്‍ മൗലീദ് പാരായണം നടത്താനുള്ള ഒരുക്കത്തെ എതിര്‍ വിഭാഗം ചോദ്യം ചെയ്തതോടെയാണ് തര്‍ക്കമുണ്ടാവുന്നത്.

ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ ചോമ്പാല്‍ പൊലീസ് സംഘം ബൂട്ടിട്ട് പള്ളിക്കകത്ത് കയറി ലാത്തി വീശുകയായിരുന്നു. നിസ്‌ക്കാര പടത്തിലടക്കം ബൂട്ടിട്ട് കയറി ലാത്തി വീശുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

പള്ളിയിലെ വരുമാനത്തെ ചൊല്ലി രണ്ടുവര്‍ഷമായി ഭിന്നതയുണ്ട്. ലീഗ് അനുകൂലികളായ കഴിഞ്ഞ കമ്മിറ്റിയുടെ കാലയളവില്‍ പള്ളിയിലെയും മറ്റ് സ്ഥാപനങ്ങളിലേയും രണ്ട് കോടി രൂപയുടെ കണക്കുമായി ബന്ധപ്പെട്ടാണ് വിശ്വാസികള്‍ക്കിടയില്‍ ഭിന്നത.

സംഘര്‍ഷത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയും ചോമ്പാല എസ്.ഐ. പി.പി ഷമീലിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് കനത്ത പൊലീസ് കാവലുണ്ട്.

Content Highlight: Clash at Madakkara Muhiyuddeen Mosque; police entered wearing boots and assaulted people.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more