| Wednesday, 27th May 2026, 5:46 pm

ഒരിഞ്ച് പോലും പിന്നോട്ടില്ല, തളര്‍ത്താമെന്ന് കരുതുകയും വേണ്ട; പിന്തുണയുമായി സി.കെ. വിനീത്

ആദര്‍ശ് എം.കെ.

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം പി.ബി അംഗവുമായ പിണറായി വിജയനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡില്‍ പ്രതികരണവുമായി സി.കെ വിനീത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സി.കെ. വിനീത് പിണറായി വിജയന് ഐക്യദാര്‍ഢ്യമറിയിച്ചത്.

ഇ.ഡി റെയ്ഡിന് ശേഷം മാധ്യമങ്ങളെ കാണവെ മുഷ്ടി ചുരുട്ടിപ്പിടിച്ച പിണറായി വിജയന്റെ ചിത്രം പങ്കുവെച്ച് തളര്‍ത്താമെന്ന് കരുതേണ്ട, നോട്ട് ആന്‍ ഇഞ്ച് ബാക്ക് എന്നാണ് വിനീത് കുറിച്ചത്.

വിനീതിന് പുറമെ കലാ-സാംസ്‌കാരിക രംഗത്തെ പലരും ഇ.ഡി നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരും പിണറായി വിജയന് പിന്തുണയറിയിച്ചിരുന്നു.

കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആയുധമായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്നായിരുന്നു വിഷയത്തില്‍ സ്റ്റാലിന്റെ പ്രതികരണം.

പ്രാദേശിക പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യം വെക്കാനും ജനാധിപത്യത്തെ തകര്‍ക്കാനും ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു നേരത്തെ ഇ.ഡി വേട്ടയാടല്‍ നേരിട്ട കെജ്‌രിവാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കണ്ണൂര്‍ പാണ്ടാല്യമുക്കിലെ പിണറായി വിജയന്റെ വീട്ടില്‍ ബുധനാഴ്ച രാവിലെ 8.30നാണ് ഇ.ഡി പരിശോധന ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്കൊടുവില്‍ കേസുമായി ബന്ധപ്പെട്ട യാതൊരു രേഖകളും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ മഹസറില്‍ രേഖപ്പെടുത്തി നല്‍കി.

കണ്ണൂരില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയും കൂകിവിളിക്കുകയും ചെയ്തു. ഒടുവില്‍ പാര്‍ട്ടി നേതാക്കളുടെ ഇടപെടലിലൂടെയാണ് ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാനുള്ള വഴി ഒരുക്കിയത്.

കണ്ണൂരിലെ വീടിന് പുറമെ തിരുവനന്തപുരത്തെ വാടകവീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്, കോട്ടൂളിയിലെ വസതി, സി.എം.ആര്‍.എല്‍ എം.ഡി. ശശിധരന്‍ കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സി.എം.ആര്‍.എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ്, ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്.

കേന്ദ്ര ഏജന്‍സികളുടെ പരിശോധനയ്ക്ക് ശേഷം ‘തല പോയാലും നിന്ന് പോരാടും’ എന്നും കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താന്‍ വരേണ്ടെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

റെയ്ഡിന് പിന്നാലെ കേരളത്തിലുടനീളം സി.പി.ഐ.എം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.

Content Highlight: CK Vineeth supports Pinarayi Vijayan after ED raid

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more