കൊച്ചി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും സമരത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചും ഫുട്‌ബോള്‍ താരം സി.കെ. വിനീത്.
അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചോദിക്കാന്‍ മാത്രം ജനാധിപത്യത്തെ ഓര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, ചോദ്യം ചെയ്യാനുള്ള ജനങ്ങളുടെ അവകാശത്തെ അടിച്ചമര്‍ത്തരുതെന്ന് വിനീത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
രാജ്യത്തിന്റെ നട്ടെല്ലായ വിദ്യാര്‍ത്ഥികളുടെ ഭാവി ഭരണകൂടത്തിന്റെ അഹങ്കാരത്തിന് മുന്നില്‍ ബലികൊടുക്കരുത്. ഭരണത്തിലേറി ഇന്നേവരെ ഒരു വാര്‍ത്താസമ്മേളനത്തില്‍ പോലും ചോദ്യങ്ങളെ നേരിടാന്‍ ശേഷിയില്ലാത്തവര്‍ക്ക് മുന്നില്‍, പോരാട്ടം തന്നെയാണ് മറുപടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേന്ദ്ര ഭരണകൂടം ഇന്ത്യയില്‍ വളര്‍ത്തിയെടുത്ത ഏറ്റവും അപകടകരമായ പ്രവണതയാണ് തങ്ങളെ ചോദ്യം ചെയ്യുന്നവരെയെല്ലാം ”ആന്റി നാഷണല്‍”, ”രാജ്യവിരുദ്ധന്‍”, ”പാകിസ്ഥാനി” എന്ന് മുദ്രകുത്തുന്നതെന്നും വിനീത് ചൂണ്ടിക്കാട്ടി.
ഒരു ജനാധിപത്യ രാജ്യത്ത് പരമാധികാരികള്‍ ജനങ്ങളാണ്. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ ഭരണകൂടത്തിന് ജനങ്ങളോട് കൃത്യമായ ഉത്തരവാദിത്തമുണ്ട്. അത് നിറവേറ്റപ്പെടാതിരിക്കുമ്പോള്‍ ചോദ്യം ചെയ്യുന്നത് രാജ്യവിരുദ്ധതയല്ല, മറിച്ച് ഭരണഘടനാപരമായ അവകാശമാണെന്നും ഫുട്‌ബോള്‍ താരം വ്യക്തമാക്കി.
ദല്‍ഹി തെരുവുകളില്‍ ആളിക്കത്തുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം ഈ രാജ്യത്തിന്റെ ഭാവിയായ യുവാക്കളുടെ നിലവിളിയാണ്. തൊഴിലില്ലായ്മയെക്കുറിച്ചും, തകരുന്ന വിദ്യാഭ്യാസ മേഖലയെക്കുറിച്ചും, അനിശ്ചിതത്വത്തിലായ ഭാവിയെക്കുറിച്ചും അവര്‍ ഉന്നയിക്കുന്ന ന്യായമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും വിനീത് പറഞ്ഞു.
ആ ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കുന്നതിന് പകരം, പോലീസിനെയും കേന്ദ്ര ഭരണസംവിധാനങ്ങളെയും ഉപയോഗിച്ച് അവരെ അടിച്ചമര്‍ത്താനും ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനും ശ്രമം ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന് അകന്ന് ഏകാധിപത്യ ഫാസിസ്റ്റ് പ്രവണതകളിലേക്ക് രാജ്യം നീങ്ങുന്നുവെന്ന ആശങ്ക ശക്തമാക്കുന്നു. ഭിന്നാഭിപ്രായങ്ങളെ ഭയക്കാതെ വിമര്‍ശനങ്ങളെ കേള്‍ക്കാനും സംവദിക്കാനുമുള്ള ശേഷിയിലാണ് ഒരു ജനാധിപത്യത്തിന്റെ കരുത്ത് അളക്കപ്പെടുന്നതെന്നും വീനീത് ചൂണ്ടിക്കാട്ടി.
Content Highlight: CK Vineeth Against Central Governement on Polic Crackdown Against Students