| Thursday, 18th September 2025, 9:58 am

മുത്തങ്ങയില്‍ എത്ര കാലം കഴിഞ്ഞാലും മാപ്പിന് അര്‍ഹതയില്ല; എ.കെ. ആന്റണിക്ക് മറുപടിയുമായി സി.കെ. ജാനു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: മുത്തങ്ങ വെടിവെപ്പില്‍ എത്ര കാലം കഴിഞ്ഞാലും മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് സി.കെ. ജാനു. കുട്ടികളടക്കം മുത്തങ്ങയില്‍ കൊടിയ പീഡനമാണ് നേരിട്ടതെന്നും വൈകിയെങ്കിലും എ.കെ. ആന്റണിക്ക് തെറ്റായി പോയെന്ന് തോന്നിയതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

മുത്തങ്ങയില്‍ സമരം ചെയ്ത എല്ലാ ആദിവാസികൾക്കും ഭൂമിയാണ് വേണ്ടതെന്നും മാപ്പിനെക്കാള്‍ പരിഹാരമാവുക അതാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളോടെ സംസാരിക്കുകയായിരുന്നു സി.കെ. ജാനു.

‘മുത്തങ്ങയില്‍ വെടിവെപ്പിനുള്ള സാഹചര്യമുണ്ടായിരുന്നില്ല. അത് ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. സമരത്തില്‍ പങ്കെടുത്ത എല്ലാവരും അറസ്റ്റ് വരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ വെടിവെപ്പ് നടത്തുകയായിരുന്നു.

അന്നത്തെ യു.ഡി.എഫ് ഗവണ്മെന്റ് മാത്രമല്ല, എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ആദിവാസികള്‍ക്ക് എതിരായിരുന്നു. സമരം ചെയ്തപ്പോള്‍ ആദിവാസികള്‍ക്ക് കരാര്‍ ഉണ്ടാക്കിയതും യു.ഡി.എഫായിരുന്നെങ്കിലും അവിടെ നടന്നത് പൈശാചിക നടപടിയായിരുന്നു,’ സി.കെ ജാനു പറഞ്ഞു.

മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ഇറങ്ങിയ സിനിമ തെറ്റായ സന്ദേശം നല്‍കിയെന്നും സത്യത്തെ വളച്ചൊടിച്ചുവെന്നും സി.കെ. ജാനു പറഞ്ഞു. പല കാര്യങ്ങളും സിനിമ മറച്ച് വെച്ചെന്നും സര്‍ക്കാരിനെ സംരക്ഷിക്കുന്ന തരത്തിലാണ് ചിത്രമുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം തന്റെ ഭരണകാലത്ത് നടന്ന മുത്തങ്ങയിലെയും ശിവഗിരിയിലെയും പൊലീസ് അതിക്രമങ്ങളില്‍ എ.കെ. ആന്റണി ഖേദം പ്രകടിപ്പിച്ചിരുന്നു. മുത്തങ്ങയിലെ വെടിവെപ്പിലും ശിവഗിരിയിലെ പൊലീസ് നടപടിയിലും തനിക്ക് തെറ്റുപറ്റിയെന്ന് ആന്റണി പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്തെ പൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള നിയമസഭയിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടി പറയാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഈ സംഭവങ്ങളെ കുറിച്ച് സംസാരിച്ചത്.

കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വേണ്ടിയാണ് 1995ല്‍ ശിവഗിരിയില്‍ പൊലീസിന് ഇടപെടേണ്ടി വന്നതെന്നും കേന്ദ്രത്തില്‍ നിന്നുള്ള സമ്മര്‍ദം കാരണമാണ് മുത്തങ്ങയില്‍ വെടിവെപ്പ് നടത്തേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. താനാണ് ആദിവാസികള്‍ക്ക് കൂടുതല്‍ ഭൂമി നല്‍കിയതെന്നും എന്നാല്‍ അവരെ ചുട്ടെരിച്ചവന്‍ എന്ന പഴികേള്‍ക്കേണ്ടി വന്നെന്നും ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതില്‍ മറുപടിപറയുകയായിരുന്നു സി.കെ. ജാനു.

2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വെടിവെപ്പ് നടക്കുന്നത്. ഭൂമിയ്ക്കും നീതിക്കും വേണ്ടി വയനാട് മുത്തങ്ങയിൽ കുടിൽ കെട്ടി സമരം ചെയ്ത ആദിവാസികൾക്കെതിരെയാണ് പൊലീസ് അതിക്രമം നടന്നത്. കേരളത്തിലെ ആദിവാസ ജനതയുടെ ആദ്യത്തെ സംഘടിത സമരമായിരുന്നു മുത്തങ്ങ ഭൂസമരം.

Content Highlight: CK Janu reacts to AK Antony press meet on Muthanga Strike

We use cookies to give you the best possible experience. Learn more