| Wednesday, 15th October 2025, 4:53 pm

കെ.ജെ. ഷൈനെ അധിക്ഷേപിച്ച കേസ്; കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സി.പി.ഐ.എം നേതാവ് കെ.ജെ. ഷൈനെ സൈബറിടങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍. എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയാണ് ഗോപാലകൃഷ്ണന്‍. നിലവില്‍ ഗോപാലകൃഷ്ണനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറിയാണ് സി.കെ. ഗോപാലകൃഷ്ണന്‍.

കെ.ജെ. ഷൈനിന്റെയും വൈപ്പിന്‍ എം.എല്‍.എ കെ.എന്‍. ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നാല് എം.എല്‍.എമാരുടെയും പരാതിയിലാണ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്.

സി.പി.ഐ.എം നേതാവിനെ അധിക്ഷേപിച്ചതില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഗോപാലകൃഷ്ണന്‍ ഒളിവില്‍ പോയിരുന്നു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനാണ് കേസില്‍ മറ്റൊരു പ്രതി. സൈബര്‍ അധിക്ഷേപത്തിന് കേസെടുത്തതിനെ തുടര്‍ന്ന് ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു.

സൈബര്‍ അധിക്ഷേപത്തിലും വ്യാജപ്രചാരണത്തിലും കെ.ജെ. ഷൈന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. മലപ്പുറം സ്വദേശിയായ യാസര്‍ എന്നയാള്‍ക്കെതിരെയും സൈബര്‍ ആക്രമണത്തില്‍ കേസെടുത്തിരുന്നു.

ഫേസ്ബുക്കിലൂടെ തുടര്‍ച്ചയായി അധിക്ഷേപിച്ചെന്നായിരുന്നു ഇയാള്‍ക്കെതിരായ പരാതി. ഇതിനിടെ ഗോപാലകൃഷ്ണന്റെ പങ്കാളി ഷേര്‍ളിയും പൊലീസില്‍ പരാതി നല്‍കി.

ഭിന്നശേഷിക്കാരിയായ തന്നെ ചില ഇടത് ഹാന്‍ഡിലുകള്‍ സൈബര്‍ ഇടങ്ങളില്‍ അക്രമിച്ചുവെന്നും രാത്രി സമയം വീട്ടിലേക്ക് മാര്‍ച്ച് നടത്തിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഷേര്‍ളിയുടെ പരാതിയില്‍ സൈബര്‍ പൊലീസും പറവൂര്‍ പൊലീസും കേസെടുത്തിരുന്നു.

Content Highlight: CK Gopalakrishnan arrested in K.J. Shine insult case

We use cookies to give you the best possible experience. Learn more