| Sunday, 11th October 2026, 4:17 pm

പോരാട്ടം ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളൂ; ഗ്യാനേഷിനെതിരെ മാത്രമല്ല മോദിക്കും അമിത്ഷായ്ക്കും എതിരെ കൂടെയാണ് പ്രതിഷേധം: സി.ജെ.പി

റെന്വര്‍ പി

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും. 24 മണിക്കൂറോളം നീണ്ട പൊലീസ് കസ്റ്റഡിയില്‍ നിന്ന് പുറത്ത് വന്ന ശേഷം ഇന്ന് (ഒക്ടോബര്‍ 10, ഞായര്‍) ഉച്ചക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സി.ജെ.പി നേതാക്കള്‍ ഈ കാര്യം പറഞ്ഞത്.

ഈ പോരാട്ടം ഇപ്പോള്‍ മാത്രമേ തുടങ്ങിയിട്ടുള്ളൂ എന്ന് അശുതോഷ് രങ്ക പറഞ്ഞു. സാഹചര്യം യുദ്ധസമാനമായ അവസ്ഥയിലേക്ക് മാറാന്‍ കാരണമായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലജ്ജിക്കണമെന്നും ദല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരായ പൊലീസ് അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ നടത്തിയ അക്രമങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനും ഗ്യാനേഷ് കുമാറിനുമെതിരായ പോരാട്ടം ഇപ്പോള്‍ മോദിയിലേക്കും അമിത് ഷായിലേക്കും കൂടി വ്യാപിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്യാനേഷിന്റെ രാജി അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രതിഷേധം ഇന്നും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധി സി.ജെ.പി പ്രവര്‍ത്തകരെയും എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളിലെ അംഗങ്ങളെയും കസ്റ്റഡിയിലെടുത്തതായും അശുതോഷ് ചൂണ്ടിക്കാട്ടി.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനായി ദല്‍ഹിയിലെത്തിയ സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും സി.ജെ.പി കണ്‍വീനര്‍ അഭിജിത് ദീപ്‌കെയെയും ഇന്നലെ ദല്‍ഹി പൊലീസ് തടങ്കലിലെടുത്തിരുന്നു. ഇന്ന് രാവിലെയാണ് ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതും ഇവര്‍ പുറത്തിറങ്ങിയതും.

കസ്റ്റഡിയല്ല തട്ടിക്കൊണ്ടുപോവല്‍

തങ്ങളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയല്ല ചെയ്തതെന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും അശുതോഷ് രങ്ക വ്യക്തമാക്കി. തങ്ങളെയും അഭിജീത് ദിപ്‌കെയെയും വിമാനത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി മരിച്ച വിവരം വളരെ ക്രൂരമായ രീതിയിലാണ് പൊലീസ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തന്നെ കസ്റ്റഡിയിലെടുത്ത വിവരം ഒരു ബന്ധുവിനെ അറിയിക്കണമെന്ന് അഭിജിത് ദീപ്‌കെ ആവശ്യപ്പെട്ടിരുന്നു. ഹൃദ്രോഗമുള്ള മാതാപിതാക്കളോട് ഈ കാര്യം പറഞ്ഞാല്‍ പ്രശ്‌നമാകും എന്ന് കരുതിയിട്ടായിരുന്നു ദീപ്‌കെ ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ആ ആവശ്യം അനുവദിച്ച് കൊടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും റാങ്ക പറഞ്ഞു.

രാജ്യം മുഴുവന്‍ ഈ ക്രൂരത കണ്ടുകൊണ്ടിരിക്കുകയാണ്

ദല്‍ഹിയില്‍ പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങളെ സൗരവ് ദാസ് അപലപിച്ചു. രാജ്യം മുഴുവന്‍ ഈ ക്രൂരത കണ്ടുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അതിക്രമങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും നക്‌സല്‍ ബാധിത മേഖലകളില്‍ നിന്നും എത്തിച്ച ബി.എസ്.എഫ് ഉദ്യോഗസ്ഥരും മറ്റ് സേനാംഗങ്ങളും ഉള്‍പ്പെടെ 30,000 മുതല്‍ 40,000 വരെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് പ്രതിഷേധത്തെ നേരിടാന്‍ സര്‍ക്കാര്‍ വിന്യസിച്ചതെന്നും സൗരവ് ചൂണ്ടിക്കാട്ടി.

പ്രതിഷേധത്തെ നേരിടാന്‍ സര്‍ക്കാര്‍ 57 മെട്രോ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയും റെയില്‍വേ സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും കടകള്‍ അടച്ചിടുകയും ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്കെതിരെ ജനവികാരം തിരിക്കാമെന്ന് സര്‍ക്കാര്‍ തെറ്റായി ധരിച്ചുവെന്നും ദാസ് പറഞ്ഞു. ‘എന്നാല്‍ അതൊരു തെറ്റാണ്, കാരണം രാജ്യം മുഴുവന്‍ ഈ ക്രൂരത കണ്ടുകൊണ്ടിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

ഭരണകൂടം സ്വന്തം പൗരന്മാര്‍ക്കെതിരെ യുദ്ധം ചെയ്യുന്നു

ഭരണകൂടം സ്വന്തം പൗരന്മാര്‍ക്കെതിരെ യുദ്ധം ചെയ്യുന്നുവെന്നും സൗരവ് പറഞ്ഞു. സമാധാനപരമായ വിയോജിപ്പുകളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. തങ്ങളുടെ പരാതികള്‍ സമാധാനപരമായി ഉന്നയിക്കാന്‍ ശ്രമിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിലൂടെ രാജ്യത്തെ ആഭ്യന്തരയുദ്ധസമാനമായ സാഹചര്യത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറച്ചു.

തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ശബ്ദം രാജ്യത്താകെ അടിച്ചമര്‍ത്തപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി ഏറ്റവും വലിയ ഭീരു

പ്രധാനമന്ത്രി ഏറ്റവും വലിയ ഭീരുവാണെന്ന് അശുതോഷ് രങ്ക പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രിയും അമിത്ഷായും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി ഇന്ത്യയിലെ ഏറ്റവും വലിയ ഭീരുവാണ്, ഇന്ത്യയ്ക്ക് തന്നെ അതൊരു നാണക്കേടാണ്. ഗ്യാനേഷ് കുമാറിനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷനും ഗ്യാനേഷ് കുമാറിനുമെതിരായ പോരാട്ടം ഇപ്പോള്‍ മോദിയിലേക്കും ഷായിലേക്കും കൂടി വ്യാപിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു

ഡല്‍ഹിയിലെ പ്രതിഷേധങ്ങള്‍ക്കിടെ മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ ലക്ഷ്യമിടുകയാണെന്ന് സൗരവ് ദാസ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരോട് അവരുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ (നെയിം ടാഗ് കാണിക്കാന്‍) ആവശ്യപ്പെട്ട സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയിലെ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെയുണ്ടായ മര്‍ദനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും എന്ത് ചെയ്തു. ബി.ജെ.പി തീവ്ര വലതുപക്ഷ ഗ്രൂപ്പുകളെ അണിനിരത്തുമ്പോള്‍, പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്നും സൗരവ് വിമര്‍ശിച്ചു. പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

രാജ്യത്ത് ഭയാനകമായ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് വ്യക്തമായും ഇതെല്ലാം ചെയ്യുന്നത്. എന്തിനാണ് നിങ്ങള്‍ ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് മോദിയോടും ഷായോടും ഞങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സൗരവ് പറഞ്ഞു.

Content Highlight: CJP vows to continue stir- Press Meet of Saurav Das, Ashutosh Ranka and Ratna Singh

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more