മുംബൈ: ഇന്ന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ തന്നെ സി.ജെ.പി സമരം നടക്കുമെന്ന് വ്യക്തമാക്കി അഭിജീത് ദീപ്‌കെ.
സി.ജെ.പിയുടെ സമരത്തെ പ്രദേശവാസികള്‍ പ്രതിഷേധിക്കുമെന്ന വാദത്തെ ദീപ്‌കെ തള്ളി.
‘ഒരു പ്രദേശവാസിയും ഞങ്ങളുടെ പ്രതിഷേധത്തെ എതിര്‍ക്കുന്നില്ല. ശിവാജി പാര്‍ക്ക് ഒരു നിശബ്ദമേഖലയാണെങ്കില്‍ എങ്ങനെയാണ് മുഖ്യമന്ത്രി അവിടെ റാലികള്‍ നടത്തുന്നത്’, ദീപ്‌കെ ചോദിച്ചു.
ബുധനാഴ്ച ഗതാഗത തടസവും താമസക്കാരുടെ സുരക്ഷയും ചൂണ്ടിക്കാട്ടി പ്രതിഷേധത്തിന് അനുമതി നല്‍കരുതെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പ്രതിഷേധത്തിന് പൊലീസ് അനുമതി നല്‍കിയിട്ടില്ല. ശിവാജി പാര്‍ക്കില്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുമതി തേടിയുള്ള ഹരജികളില്‍ ബോംബെ ഹൈക്കോടതിയാണ് തീരുമാനമെടുക്കുന്നത്. നഗരത്തിലെ പ്രതിഷേധങ്ങള്‍ക്കായി നിയുക്ത സ്ഥലം ആസാദ് മൈതാനമാണ്. കോടതിയെ സമീപിച്ചോ എന്ന് ചോദിച്ചപ്പോള്‍ കോടതിയില്‍ നടപടികള്‍ നീണ്ട് പോകുമെന്നാണ് ദീപ്‌കെ മറുപടി പറഞ്ഞത്.
ഗ്യാനേഷ് കുമാര്‍ ദേശദ്രോഹിയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തില്‍ ദീപ്‌കെ പറഞ്ഞിരുന്നു.
വോട്ടുകള്‍ നീക്കം ചെയ്തതോടെ വലിയൊരു വിഭാഗം ആളുകള്‍ ദുരിതത്തിലായെന്നും പലര്‍ക്കും തെരുവിലിറങ്ങേണ്ടി വരുമെന്നും ദീപ്‌കെ പറഞ്ഞു. ഗ്യാനേഷ് കുമാര്‍ രാജി വെച്ചില്ലെങ്കില്‍ അവര്‍ നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെടുമെന്നും ദീപ്‌കെ പറഞ്ഞു.
മറൈന്‍ ഡ്രൈവില്‍ പ്ലക്കാര്‍ഡുകളുമായി മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് വ്യാജവാര്‍ത്തയാണെന്ന് സി.ജെ.പി നേതാവ് അശുതോഷ് റങ്ക വ്യക്തമാക്കി.
ശിവാജി പാര്‍ക്കില്‍ ആരംഭിക്കുന്ന പ്രതിഷേധം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പാര്‍ട്ടി വക്താവ് സൗരവ് ദാസ് പറഞ്ഞു.
Content Highlight: CJP to protest against CEC Gyanesh Kumar in Mumbai on October 2 .