ന്യൂദൽഹി: മോദിയും അമിത് ഷായും ചേർന്ന് രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണെന്നും ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ ആരംഭിച്ചതായും സി.ജെ.പി ദേശീയ ഓർഗനൈസേഷൻ ഇൻ-ചാർജ് അജിൻക്യ ഷിൻഡെ.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, കേന്ദ്ര ഭരണകൂടത്തിന്റെ ഏകാധിപത്യ നടപടികൾക്കെതിരെ ജനങ്ങൾ കടുത്ത രോഷത്തിലാണെന്നും എക്‌സിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാല് മണിക്ക് മുംബൈ ശിവാജി പാർക്കിലെ ടി-ജംഗ്ഷനിൽ സമാധാനപരമായി പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും കൂടുതൽ നഗരങ്ങൾ ഉടൻ തന്നെ ഈ സമരത്തിൽ പങ്കുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതിലൂടെയും ജനാധിപത്യത്തെ അടിച്ചമർത്തിയതിലൂടെയും സർക്കാർ വലിയ തെറ്റാണ് വരുത്തിവെച്ചിരിക്കുന്നത്. ദൽഹിയിലും രാജ്യത്തുടനീളവുമായി പതിനായിരക്കണക്കിന് ആളുകളെ തടങ്കലിൽ വെച്ച രീതി ചോദ്യം ചെയ്യപ്പെടാതെ പോകില്ലെന്നും ഷിൻഡെ പറഞ്ഞു.
ഒക്ടോബർ പത്തിന് ഡൽഹിയിലെ ജന്തർ മന്ദിറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സി.ജെ.പി നേതാക്കളായ അഭിജിത് ദീപക്, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിമാനത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് അജിൻക്യ ഷിൻഡെ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് മുന്നോട്ട് വന്നത്.
Content Highlight:CJP to intensify agitation against Chief Election Commissioner; protest in Mumbai today.