| Monday, 20th July 2026, 11:59 pm

പ്രതിഷേധം ധര്‍മേന്ദ്ര പ്രധാന്റെ രാജിവരെ തുടരും; കേന്ദ്രം സമ്മര്‍ദ്ദത്തില്‍; മൗനം തുടര്‍ന്ന് മോദി

റെന്വര്‍ പി

ന്യൂദല്‍ഹി: രാജ്യത്ത് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കും വരെ ജന്തര്‍ മന്ദറി ലെ പ്രതിഷേധം തുടരും. സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് ധര്‍മേന്ദ്ര പ്രധാനെതിരെ ഒരുമാസത്തിലധികമായി പ്രതിഷേധം തുടരുന്ന കോക്രോച്ച് ജനത പാര്‍ട്ടി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

ജന്ദര്‍ മന്ദറില്‍ ഇന്ന് (ജൂലൈ 20, തിങ്കള്‍) രാത്രിയോടെ സി.ജെ.പി വീണ്ടും സമരം ആരംഭിച്ചിട്ടുണ്ട്. സമരത്തിന് ഇതിനകം തന്നെ പ്രതിപക്ഷ പാര്‍ട്ടികളുടെയും വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികളും ജന്തര്‍ മന്ദറിലെ പ്രതിഷേധത്തില്‍ പങ്കാളിയായിരുന്നു. പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ ഇന്നത്തെ റാലിയിലും ഐക്യധാര്‍ഢ്യം പ്രകടിപ്പിച്ച് പങ്കെടുത്തിരുന്നു.

അതേസമയം, ജന്തര്‍ മന്ദറില്‍ നിരാഹാര സമരം തുടരുന്നതിനിടെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയ സോനം വാങ്ചുക് തന്റെ നിരാഹാര സമരം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിച്ച യുവാക്കള്‍ക്ക് നേര്‍ക്കുള്ള പൊലീസിന്റെ ക്രൂരത കണ്ടതോടെ താന്‍ നിരാഹാര സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നെന്ന് വാങ്ചുക് തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.

ജൂണ്‍ 20നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധം ആരംഭിച്ചത്. ഇതിന് ശേഷം ഇന്ന് ആദ്യമായി സമരക്കാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധരായി. കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി സി.ജെ.പി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് യുവാക്കള്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് നടന്ന ദിവസം തന്നെയാണ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധരായത്. എന്നാല്‍ വിദ്യാര്‍ത്ഥി സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം ഒന്നും പുറത്ത് വന്നിട്ടില്ല.

ജൂണ്‍ 20 മുതല്‍ തന്നെ അധികൃതരുമായി കൂടിക്കാഴ്ചയ്ക്ക് തങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും ഇന്നാണ് അതിന് അനുമതി ലഭിച്ചതെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് ഇന്ന് രാത്രി ഇന്ത്യ ടുഡെയിലെ ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെ പറഞ്ഞു.

മറ്റ് പ്രതിഷേധങ്ങളോട് ചെയ്യുന്നത് പോലെ പ്രതിഷേധക്കാരെ കേള്‍ക്കേണ്ടെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ തങ്ങളോടും സ്വീകരിച്ചതെന്ന് സൗരവ് ദാസ് വ്യക്തമാക്കി. ‘പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. അവര്‍ക്ക് വിയോജിപ്പുകളെ തന്നെ ഇഷ്ടമല്ല,’ സൗരവ് ദാസ് പറഞ്ഞു.

ഇന്ന് സര്‍ക്കാര്‍ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായത് തങ്ങളുടെ വലിയ വിജയമാണെന്നും സൗരവ് പറഞ്ഞു.

‘സര്‍ക്കാര്‍ ഇങ്ങോട്ട് വന്നാണ് തങ്ങളോട് ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചത്. സര്‍ക്കാര്‍ പ്രതിനിധിയും സമരക്കാരും ചര്‍ച്ച നടത്താന്‍ അവര്‍ ഇന്നലെ മുതലെ ശ്രമം നടത്തിയിരുന്നു.

ആദ്യ ഘട്ടത്തില്‍ ജില്ലാ മജിസ്‌ട്രേറ്റും സമരക്കാരുമായി ചര്‍ച്ച നടത്താമെന്നായിരുന്നു അവര്‍ അറിയിച്ചത്. പക്ഷേ ഞങ്ങള്‍ ഉന്നയിക്കുന്നത് ജില്ലാ മജിസ്‌ട്രേറ്റിന്റെ പരിധിയിലുള്ള വിഷയമല്ല.

പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യത്തില്‍ ഞങ്ങള്‍ ഉറച്ചു നിന്നു. എന്നാല്‍ പിന്നീട് കേന്ദ്രമന്ത്രി ജെ.പി നദ്ദയുമായി ചര്‍ച്ച നടത്താന്‍ തങ്ങള്‍ സമ്മതിക്കുകയായിരുന്നു,’ എന്നും സൗരവ് ദാസ് പറഞ്ഞു.

ഇന്ന് സമരക്കാര്‍ക്ക് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണെന്നും സൗരവ് വ്യക്തമാക്കി.

ധര്‍മേന്ദ്ര പ്രധാന്റെ രാജി ഉടന്‍ തന്നെ വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടു. സോനം വാങ്ചുക്കിനെ ആശുപത്രിയില്‍ നിന്ന് പുറത്ത് വിടണം, നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കുട്ടികളുടെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചതായും അദ്ദേഹം അറിയിച്ചു.

ആവശ്യങ്ങള്‍ ജെ.പി നദ്ദയോട് വാക്കാലും കത്ത് നല്‍കിയും ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ സംബന്ധിച്ച് മുതിര്‍ന്ന കാബിനറ്റ് അംഗങ്ങളോട് സംസാരിക്കാമെന്ന് നദ്ദ പറഞ്ഞു. എന്നാല്‍ ഇതുവരെ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും സൗരവ് അറിയിച്ചു.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാനായി ഇന്ന് ദല്‍ഹി ജന്തര്‍ മന്ദറിലെത്തിയത്. മാര്‍ച്ചിനെത്തിയ വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ ദല്‍ഹി പൊലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തി. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ കടുത്ത സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ സി.ജെ.പി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. നിരവധി പേര്‍ക്ക് തലക്ക് പരിക്കേറ്റിട്ടതായി സി.ജെ.പി അറിയിച്ചു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് വരെ പൊലീസ് ലാത്തിച്ചാര്‍ജുണ്ടായതായും സി.ജെ.പിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് ‘ജനാധിപത്യമല്ല’ എന്നാണ് പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തെ സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ഇന്ന് രാത്രി എക്‌സില്‍ പങ്കുവച്ച ഒരു പോസ്റ്റില്‍ വിമര്‍ശിച്ചത്.

Content Highlight: CJP To Continue Protest at Jantar Mandar, Delhi

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more