| Thursday, 12th November 2026, 9:44 am

'മുഖ്യമന്ത്രിക്ക് കണ്ണീര്‍ ക്ഷാമമോ': കണ്ണീര്‍ ദാന ക്യാമ്പുമായി സി.ജെ.പി

റെന്വര്‍ പി

തിരുവനന്തപുരം: എല്‍.പി.എസ്.ടി സമരപ്പന്തല്‍ പൊളിച്ചതിനെതിരെ കണ്ണീര്‍ ദാന ക്യാമ്പ് എന്ന പേരില്‍ പുതിയ പ്രതിഷേധവുമായി സി.ജെ.പി. എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ട് സി.ജെ.പി ഇന്ന് (നവംബര്‍ 12, വ്യാഴം) മുതല്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ആക്ഷേപ ഹാസ്യ രൂപത്തിലുള്ള പുതിയ പ്രതിഷേധവും പ്രഖ്യാപിച്ചത്.

മുടി മുറിച്ചപ്പോള്‍ കണ്ണീരൊഴുക്കിയവര്‍ക്ക്, എല്‍.പി.എസ്.ടി സമരപ്പന്തല്‍ പൊളിച്ചപ്പോള്‍ ഒരു തുള്ളി കണ്ണീര്‍ പോലും കിട്ടിയില്ലേയെന്ന് സി.ജെ.പി കേരള ഘടകം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. സി.ജെ.പി കേരളം കണ്ണീര്‍ ദാനം ചെയ്യാന്‍ തയ്യാറാണെന്നും പോസ്റ്റില്‍ പരിഹസിക്കുന്നു.

‘മുഖ്യമന്ത്രിക്ക് കണ്ണീര്‍ ക്ഷാമമോ? പേടിക്കേണ്ട, ഞങ്ങളുണ്ട്! മുടി മുറിച്ചപ്പോള്‍ കണ്ണീരൊഴുക്കിയവര്‍ക്ക്, സമരപ്പന്തല്‍ പൊളിച്ചപ്പോള്‍ ഒരു തുള്ളി കണ്ണീര്‍ പോലും കിട്ടിയില്ലേ? അതോ കണ്ണീര്‍ സ്റ്റോക്ക് തീര്‍ന്നുപോയോ? വിഷമിക്കേണ്ട സി.എം. സി.ജെ.പി കേരളം കണ്ണീര്‍ സംഭാവന ചെയ്യാന്‍ തയ്യാറാണ്!,’

നിങ്ങളുടെ കണ്ണീര്‍ പാഴാക്കേണ്ട. മുഖ്യമന്ത്രിക്ക് ദാനം ചെയ്യൂ! ഒരു തുള്ളി കണ്ണീര്‍, അധികാരികള്‍ക്കൊരു ഓര്‍മ്മപ്പെടുത്തല്‍! വരൂ… കണ്ണീര്‍ ദാന ക്യാമ്പയിനില്‍ പങ്കാളികളാകൂ. നിങ്ങളുടെ സുഹൃത്തുക്കളെയും ക്ഷണിക്കൂ,’ സി.ജെ.പി കേരളം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്ററില്‍ പറയുന്നു.

എല്‍.പി.എസ്.ടി സമരക്കാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുമെന്ന് സി.ജെ.പി കേരള ഘടകം ഇന്നലെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഓരോ ദിവസവും നിരാഹാരത്തോടൊപ്പം ഓരോ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ പരിപാടികള്‍ നടത്താന്‍ സി.ജെ.പി കേരളഘടകം തീരുമാനിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ എല്‍.പി.എസ്.ടി സമരക്കാര്‍ക്ക് കൊടുത്ത വാക്കുകള്‍ പാലിക്കണമെന്നും അതിന്മേല്‍ അടിയന്തര നടപടികള്‍ ഉണ്ടാകണം എന്നും ആവശ്യപ്പെട്ടാണ് ഈ സമരത്തിന് തങ്ങള്‍ പിന്തുണ നല്‍കുന്നതെന്നും സി.ജെ.പിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇന്നലെ (നവംബര്‍ 11, ബുധന്‍) രാത്രി 9.30തോടെയായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിലെ എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കിയത്. സമര സമിതി നേതാവ് വളര്‍മതിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇതിനിടെ സമരം തുടരുമെന്ന് എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ വളര്‍മതിക്കൊപ്പം സമരം ചെയ്ത എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥി എം. ജയകൃഷ്ണന്‍ സമരം ഏറ്റെടുത്തിട്ടുണ്ട്. ജനാതിപത്യ മര്യാദകള്‍ പാലിച്ചുകൊണ്ട് സമരം ഇനിയും ആരംഭിക്കുമെന്നും എല്ലാ യുവജന സംഘടനകളും തങ്ങളുടെ കൂടെയുണ്ടെന്നും ജയകൃഷ്ണന്‍ പ്രതികരിച്ചു.

Content Highlight: CJP Satirical Protest on Dismantling of Protest Sheds of LPST Strike

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more