ന്യൂദല്‍ഹി: തന്നെയും കുടുംബത്തെയും ദല്‍ഹി പൊലീസ് മാനസികമായി പീഡിപ്പിച്ചതായി കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള തന്റെ ഗ്രാമമായ സന്തുക് പിംപ്രിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദീപ്‌കെ.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി ഈ ശനിയാഴ്ച ദല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോള്‍ ദീപ്‌കെയെയും സി.ജെ.പി സഹ കണ്‍വീനര്‍മാരായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 24 മണിക്കൂറോളം കസ്റ്റഡിയില്‍ വെച്ച ശേഷം ഞായറാഴ്ചയാണ് ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി വിട്ടയച്ചത്. കസ്റ്റഡിയിലായിരിക്കെ പൊലീസ് തന്നോടും കുടുംബത്തോടും മാനസികമായി പീഡിപ്പിക്കുന്ന തരത്തിലാണ് ഇടപെട്ടതെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ദീപ്‌കെ വ്യക്തമാക്കി.
ഒക്ടോബര്‍ പത്തിന് വിമാനത്തിനുള്ളില്‍ നിന്ന് തന്നെ കസ്റ്റഡിയിലെടുത്ത ശേഷം താന്‍ എവിടെയാണെന്ന വിവരം കുടുംബത്തെയോ അഭിഭാഷകനെയോ പൊലീസ് അറിയിച്ചില്ല. മുത്തശ്ശിയുടെ മരണത്തില്‍ ദുഖിച്ചിരുന്ന തന്റെ മാതാപിതാക്കള്‍ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. ഡല്‍ഹി പോലീസില്‍ നിന്ന് താനും എന്റെ കുടുംബവും നേരിട്ടത് മാനസിക പീഡനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഭിജിത് കസ്റ്റഡിയിലായിരിക്കെ അദ്ദേഹത്തിന്റെ മുത്തശ്ശി മരണപ്പെട്ടിരുന്നു. മുത്തശ്ശിയുടെ മരണവാര്‍ത്ത വളരെ അനുഭാവപൂര്‍വ്വം അറിയിച്ചുവെന്നും വീട്ടിലെത്താന്‍ ആവശ്യമായ സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും അവകാശപ്പെട്ട് ദല്‍ഹി പൊലീസ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാല്‍, പോലീസിന്റെ യഥാര്‍ത്ഥ പെരുമാറ്റം മറച്ചുവെക്കാന്‍ വേണ്ടി ആ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് ദീപ്‌കെ പഞ്ഞു. പൂര്‍ണമായ വീഡിയോ പുറത്തുവിടാന്‍ പൊലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടുംബാംഗത്തോട് സംസാരിക്കാന്‍ അനുവാദം ചോദിച്ചിട്ടും കസിന്റെ നമ്പറിലേക്ക് വിളിക്കാനായി ഫോണ്‍ ഉപയോഗിക്കാന്‍ പൊലീസ് അനുവദിച്ചില്ല. പുലര്‍ച്ചെ 3.30-ഓടെ അറസ്റ്റ് രേഖകളില്‍ ഒപ്പിടാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. തന്നെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് അഭിഭാഷകരെ അറിയിച്ചില്ലെന്നും ദീപ്‌കെ പറഞ്ഞു.
പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കരാറിലുെ താന്‍ ഒപ്പുവെച്ചിട്ടില്ലെന്നും, അഭിഭാഷകനുമായി ആലോചിക്കാതെ ഒരു രേഖയിലും ഒപ്പുവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരെ കണ്ട ശേഷം ഗ്രാമത്തില്‍ തന്റെ മുത്തശ്ശിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടന്ന സ്ഥലവും ദിപ്‌കെ സന്ദര്‍ശിച്ചു.
അതേസമയം, ദല്‍ഹി ജന്തര്‍മന്തര്‍ പ്രതിഷേധ സ്ഥലമല്ലെന്ന് വ്യവസ്ഥ ചെയ്തുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ ദീപ്‌കെ വിമര്‍ശിച്ചു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി സി.ജെ.പിയുടെ സമരത്തെ തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘അവര്‍ ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ കേന്ദ്രമെന്ന പദവിയില്‍ നിന്ന് നീക്കം ചെയ്തു. അതൊരു പ്രതിഷേധ കേന്ദ്രമല്ലാതായിരിക്കുന്നു. കാരണം, ഭീരുവായ ഒരു ഏകാധിപതി അതിനെ ഒരു യുദ്ധക്കളമാക്കി മാറ്റിയിരുന്നു. ഇനി രാജ്യം മുഴുവന്‍ ജന്തര്‍ മന്തറായി മാറും!’ അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ഇന്ന് മോദി ജന്തര്‍ മന്തറിനെ പ്രതിഷേധ കേന്ദ്രമെന്ന പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. നാളെ അദ്ദേഹം ജനാധിപത്യത്തെത്തന്നെ ഇല്ലാതാക്കിയേക്കാമെന്നും ദീപ്‌കെ പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള ആവശ്യം ആവര്‍ത്തിച്ച ദീപ്‌കെ എന്തുകൊണ്ടാണ് മോദി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സംരക്ഷിക്കുന്നതെന്നും ഇന്നലെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദിച്ചു.
‘ദല്‍ഹി പൊലീസ് യുവാക്കളെയും മാധ്യമപ്രവര്‍ത്തകരെയും എം.പിമാരെയും പോലും ആക്രമിക്കുന്നു. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന്‍ വേണ്ടി മാത്രം എല്ലാവരോടും യുദ്ധം ചെയ്യാന്‍ തയ്യാറാകുന്ന തരത്തില്‍, മോദിക്ക് അദ്ദേഹം അത്രയേറെ വേണ്ടപ്പെട്ടവനാകുന്നത് എന്തുകൊണ്ടാണ്,’ ദിപ്‌കെ ചോദിച്ചു.
Content Highlight: CJP’s Abhijeet Dipke alleges mental torture by Delhi Police during detention