| Wednesday, 22nd July 2026, 11:36 pm

ഇന്റര്‍നെറ്റ് തടഞ്ഞു, സി.ജെ.പിയുടെ ഇന്‍സ്റ്റഗ്രാമിന് വിലക്ക്; പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ദീപ്‌കെ

റെന്വര്‍ പി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേട് അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായി തുടരുമെന്ന് വ്യക്തമാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി.). ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കും വരെ സമരം തുടരുമെന്ന് സി.ജെ.പിയും സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അറിയിച്ചു.

അതേസമയം, പ്രതിഷേധം തുടരുന്ന ദല്‍ഹി ജന്തര്‍ മന്ദറില്‍ വീണ്ടും ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതായി കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു. സര്‍ക്കാര്‍ വീണ്ടും ക്രൂരമായ അടിച്ചമര്‍ത്തലിനൊരുങ്ങുകയാണോയെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ ചോദിച്ചു.

സി.ജെ.പിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇന്ത്യയില്‍ വിലക്കിയതായും ദീപ്‌കെ അറിയിച്ചു. വ്യക്തിഗത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ കാര്യം അദ്ദേഹം അറിയിച്ചത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിനെ ‘ഭീരുക്കള്‍’ എന്നും ദീപ്‌കെ വിളിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നിന്ന് സി.ജെ.പി പിന്നോട്ടില്ലെന്നും മറ്റൊരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ദീപ്‌കെ വ്യക്തമാക്കി.

‘സോനം സാറിന്റെ നിരാഹാര സമരം ഞങ്ങള്‍ പാഴാക്കില്ല. വിദ്യാര്‍ത്ഥികള്‍ ക്രൂരമായ അതിക്രമങ്ങള്‍ നേരിട്ടത് വെറുതെയാവില്ല. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കും വരെ ജന്തര്‍ മന്ദറിലെ സമാധാനപരമായ പ്രതിഷേധം തുടരും,’ ദീപ്‌കെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

സി.ജെ.പി പ്രതിഷേധത്തിന്റെ ഭാഗമായി നിരാഹാരം തുടരുന്ന സോനം വാങ്ചുക്കിനെ കേന്ദ്ര മന്ത്രിമാരായ ജെ.പി നദ്ദയും ജിതേന്ദ്ര സിങും ഇന്നലെ (ജൂലൈ 21 ചൊവ്വ) ദല്‍ഹി മെദാന്ത ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ മന്ത്രിമാര്‍ക്ക് നല്‍കിയ ഒരു കത്ത് വാങ്ചുക്കിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ഇന്ന് പങ്കുവച്ചിട്ടുണ്ട്.

ധര്‍മേന്ദ്ര പ്രധാന്റെ രാജി അടക്കമുള്ള ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ഈ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രിമാര്‍ പറഞ്ഞതായി വാങ്ചുക് അറിയിച്ചു. ഈ സാഹചര്യത്തില്‍ സമരം നിര്‍ത്തി സര്‍ക്കാരുമായി ചര്‍ച്ചയിലേക്ക് വിദ്യാര്‍ത്ഥികള്‍ പോകണമെന്നും വാങ്ചുക്ക് അഭിപ്രായപ്പെട്ടു.

എന്നാല്‍ സമരം തുടരുമെന്ന നിലപാടാണ് സി.ജെ.പി ഇതിന് ശേഷവും സ്വീകരിച്ചത്. ധര്‍മേന്ദ്ര പ്രധാന്റെ രാജിയും നീറ്റ് ക്രമക്കേടിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്തികളുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും അടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാലേ സമരം നിര്‍ത്തൂ എന്ന നിലപാട് സി.ജെ.പി ആവര്‍ത്തിച്ചു.

വിദ്യാര്‍ത്ഥികളെ അക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സി.ജെ.പി ആവശ്യപ്പെടുന്നുണ്ട്. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിള്‍ക്ക് നേര്‍ക്ക് ഇനി പൊലീസ് അതിക്രമമുണ്ടാവില്ലെന്ന ഉറപ്പും അവര്‍ ആവശ്യപ്പെടുന്നു.

ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന് അഭിജിത് ദീപ്‌കെ ഒരു എക്‌സ് പോസ്റ്റിലും പറഞ്ഞിട്ടുണ്ട്. കര്‍ഷക സമരം വിജയിക്കുന്നത് വരെ തുടര്‍ന്നെങ്കില്‍ തങ്ങളുടെ സമരവും അത്തരത്തില്‍ തുടരുമെന്നും ദീപ്‌കെ വ്യക്തമാക്കി.

കര്‍ഷക സമര നേതാവായ രാകേഷ് ടികായത്ത് ഇന്ന് ജന്തര്‍ മന്ദറിലെ സമര വേദിയിലെത്തി. രാകേഷ് ടികായത്തിന്റെ വീഡിയോ സി.ജെ.പി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ‘മൂന്ന് കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിച്ച ഇന്ത്യന്‍ കര്‍ഷക യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ജന്തര്‍ മന്തറില്‍ എത്തിയിരിക്കുന്നു,’ വീഡിയോ പങ്കുവച്ച എക്‌സ് പോസ്റ്റില്‍ സി.ജെ.പി കുറിച്ചു.

ഇന്ന്, രാജ്യത്തെ യുവാക്കള്‍ അവരുടെ ഭാവിക്കും നീതിക്കും വേണ്ടി ഉറച്ചുനില്‍ക്കുന്നു. കര്‍ഷകരും വിദ്യാര്‍ത്ഥികളും ഒന്നിക്കുമ്പോള്‍, അധികാരത്തിലിരിക്കുന്നവര്‍ക്ക് തലകുനിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും സി.ജെ.പി കുറിച്ചു.

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ലഭിക്കുന്നതുവരെ ഈ പ്രസ്ഥാനം അവസാനിക്കില്ല. നമ്മള്‍ ഒരുമിച്ച് പോരാടും, ഒരുമിച്ച് വിജയിക്കും,’ സി.ജെ.പി കൂട്ടിച്ചേര്‍ത്തു.

Content Highlight: CJP Reaffirms That It’s Protest lasts till Sacking Pradhan

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more