| Saturday, 25th July 2026, 8:56 am

അഴിമതിക്ക് സമ്മാനം നല്‍കല്‍; വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഴിച്ചുപണിക്കെതിരെ സി.ജെ.പി, പ്രധാന്റെ രാജിയിലുറച്ച് പ്രതിഷേധം

ആദർശ് എം.കെ.

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നടത്തിയ ഉദ്യോഗസ്ഥ പുനസംഘടനയ്‌ക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി). മുന്‍ വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റിയ നടപടി ‘അഴിമതിക്ക് പ്രതിഫലം നല്‍കുന്നതിന്’ തുല്യമാണെന്നായിരുന്നു അഭിജീത് ദീപ്‌കെ പറഞ്ഞത്.

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി കടുത്ത പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഈ സെക്രട്ടറിതല മാറ്റങ്ങള്‍ വരുത്തിയത്.

പേപ്പര്‍ ചോര്‍ച്ച പോലുള്ള ഗുരുതരമായ വിഷയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന ഈ ഉദ്യോഗസ്ഥ പുനസംഘടന യഥാര്‍ത്ഥ ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് ദീപ്‌കെ ആരോപിച്ചു.

മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെയാണ് പുതിയ വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത് എന്നും ഇദ്ദേഹത്തിനെതിരെ കോടിക്കണക്കിന് രൂപയുടെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉണ്ടെന്നുമാണ് പ്രധാന ആരോപണം

ഇത്തരമൊരു ഉദ്യോഗസ്ഥനെ നിയമിക്കുന്നത് രാജ്യത്തെ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും നേരിട്ട് അപമാനിക്കുന്നതിന് തുല്യമാണെന്നും സി.ജെ.പി സ്ഥാപകന്‍ വിമര്‍ശിച്ചു.

നീറ്റ് പരീക്ഷാ വിവാദം കേവലം ഒരു വീഴ്ചയല്ലെന്നും, വ്യവസ്ഥാപിതമായ അഴിമതിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ കേഡറിലെ 1994 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ നരേഷ് പാല്‍ ഗംഗ്വാറിനെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. വിനീത് ജോഷിക്ക് പകരമായാണ് ചുമതല. ടി.കെ. അനില്‍ കുമാറിനെ സ്‌കൂള്‍ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതുവരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി അറിയിച്ചു. മത്സരപരീക്ഷകളിലെ സുതാര്യതയും പരിഷ്‌കരണങ്ങളും ഉറപ്പാക്കണമെന്നും പ്രതിപക്ഷ സംഘടനകളും ആക്ടിവിസ്റ്റുകളും ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ നിന്ന് 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്.

പിരിച്ചുവിട്ടവരില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്രിമിനല്‍ കേസ് അടക്കമുള്ള നിയമ നടപടികളാവും ഇവര്‍ക്കെതിരെയുണ്ടാവുക.

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടമക്കമുള്ള വിഷയങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാണ് ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ധര്‍മേന്ദ്ര പ്രധാന്റെ രാജി അടക്കം ആകെ മൂന്ന് ആവശ്യങ്ങളാണ് മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ സി.ജെ.പി മുന്നോട്ട് വച്ചത്. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുക എന്നതാണ് രണ്ടാമത്തെ ആവശ്യം. ദല്‍ഹി പൊലീസ് സമരക്കാര്‍ക്കെതിരെ ചുമത്തിയ എഫ്.ഐ.ആറുകള്‍ റദ്ദാക്കുക എന്നതായിരുന്നു മൂന്നാമത്തെ ആവശ്യം.

ഇതില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ഒഴികെയുള്ള മറ്റ് രണ്ട് ആവശ്യങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിച്ചതായാണ് ചര്‍ച്ചയില്‍ പങ്കെടുത്ത സി.ജെ.പി വക്താവ് സൗരവ് ദാസ് അറിയിച്ചത്. ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: CJP raises serious corruption allegations regarding the bureaucratic restructuring within the Union Ministry of Education.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more