മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി നടത്തിയ പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുന്നറിയിപ്പുമായി പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ.
ഗ്യാനേഷ് കുമാറിനെതിരെ ആരംഭിച്ച പ്രതിഷേധം മോദിയിലേക്കും എത്തുമെന്ന സൂചനയാണ് ദീപ്‌കെ നല്‍കിയത്. സി.ജെ.പിയുടെ പ്രതിഷേധത്തിന് പിന്നാലെയാണ് ദീപ്‌കെയുടെ പ്രതികരണം.
മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ഗാന്ധിജയന്തി ദിനത്തില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി.
‘ഗ്യാനേഷ് ഈറ്റ്‌സ് ഡൗണ്‍ ബ്രോ’ എന്ന മുദ്രാവാക്യവും പ്രതിഷേധത്തില്‍ ഉയര്‍ന്നു. പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ശിവാജി പാര്‍ക്കിന്റെ ഗേറ്റിന് പുറത്ത് പ്രതിഷേധക്കാര്‍ ഒത്തുകൂടുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തിലും വോട്ടര്‍പട്ടിക പരിഷ്‌കരണമായ എസ്.ഐ.ആര്‍ നടപടിയിലും പ്രതിഷേധക്കാര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി. വോട്ടവകാശം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും സി.ജെ.പി മുന്നോട്ടുവച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്നും സി.ജെ.പി നേതൃത്വം വ്യക്തമാക്കി. മുംബൈയ്ക്ക് പിന്നാലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധം നടത്താനാണ് സംഘടനയുടെ തീരുമാനം.
പ്രതിഷേധത്തില്‍ നടി ഷബാന ആസ്മി, ഗായകന്‍ വിശാല്‍ ദദ്ലാനി തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സി.ജെ.പി നേതാക്കള്‍ വ്യക്തമാക്കി.
Content Highlights: CJP Protest: ‘Modi will have to follow Gyanesh’: Deep-K