| Friday, 24th July 2026, 3:27 pm

രാജി ആവശ്യം ചര്‍ച്ചയിലും അംഗീകരിക്കാതെ കേന്ദ്രം: 24 മണിക്കൂറിനുള്ളില്‍ വഴങ്ങിയില്ലെങ്കില്‍ ശക്തമായ രാജ്യവ്യാപക പ്രതിഷേധമെന്ന് സി.ജെ.പി

റെന്വര്‍ പി

ദല്‍ഹി: ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ കേന്ദ്ര മന്ത്രിമാരും കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ച അവസാനിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യത്തോട് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു. ചര്‍ച്ച കഴിഞ്ഞ് മടങ്ങവെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

24 മണിക്കൂറിനുള്ളില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായും സി.ജെ.പി വ്യക്തമാക്കി. ഈ സമയത്തിനുള്ളില്‍ പ്രധാന്‍ രാജിവെച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും അവര്‍ വ്യക്തമാക്കി.

ധര്‍മേന്ദ്ര പ്രധാന്റെ രാജി അടക്കം ആകെ മൂന്ന് ആവശ്യങ്ങളാണ് മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ സി.ജെ.പി ആവര്‍ത്തിച്ചത്. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുക എന്നതാണ് രണ്ടാമത്തെ ആവശ്യം. ദല്‍ഹി പൊലീസ് സമരക്കാര്‍ക്കെതിരെ ചുമത്തിയ എഫ്.ഐ.ആറുകള്‍ റദ്ദാക്കുക എന്നതായിരുന്നു മൂന്നാമത്തെ ആവശ്യം.

ഇതില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ഒഴികെയുള്ള മറ്റ് രണ്ട് ആവശ്യങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിച്ചതായി സൗരവ് അറിയിച്ചു. ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ കേന്ദ്രം അനുകൂല നിലപാടെടുത്തതായി സൗരവ് അറിയിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുന്ന ദല്‍ഹി പൊലീസിന്റെ നടപടി ഇനി ആവര്‍ത്തിക്കില്ലെന്നും കേന്ദ്രം ഉറപ്പ് നല്‍കിയതായും അദ്ദേഹം അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്‍ തീരുമാനം അറിയിക്കാന്‍ നാളെ (ജൂലൈ 25, ശനി) ഉച്ചക്ക് 2.30 വരെ കേന്ദ്രം സമയം തേടിയതായാണ് വിവരം. ഈ സമയത്തിനുള്ളില്‍ മന്ത്രി രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്ന് സി.ജെ.പി വ്യക്തമാക്കി.

സി.ജെ.പിയെ പ്രതിനിധീകരിച്ച് സൗരവിന് പുറമെ മറ്റൊരു വക്താവായ അശുതോഷും ചര്‍ച്ചയില്‍ പങ്കെടുത്തു. കേന്ദ്രസര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ ജെ.പി നദ്ദയും ജിതേന്ദ്ര സിങുമാണ് പങ്കെടുത്തത്.

‘മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ പിന്‍വലിക്കാനും കേന്ദ്ര സര്‍ക്കാര്‍ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്,’ എന്ന് ചര്‍ച്ചക്ക് ശേഷം സമൂഹ മാധ്യമ പോസ്റ്റില്‍ സി.ജെ.പി അറിയിച്ചു.

‘എന്നാല്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞതൊന്നും ഞങ്ങള്‍ അംഗീകരിക്കില്ല. ഇത് പരിഗണിക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിന് 24 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ട്,’ എന്നും പോസ്റ്റില്‍ പറയുന്നു.

Content Highlight:‘Education Minister must resign in 24 hours’: Else CJP to escalate protests

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more