| Saturday, 20th June 2026, 5:44 pm

ഗോ പ്രധാന്‍ ഗോ; പ്ലേറ്റ് കൊട്ടി മുദ്രാവാക്യം മുഴക്കി കോക്രോച്ചുകള്‍; പ്രധാന്‍ രാജിവെക്കും വരെ പ്രതിഷേധമെന്ന് സി.ജെ.പി

സിജൊ

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ ‘ഗോ പ്രധാന്‍ ഗോ’ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി). കോവിഡ് കാലത്ത് പ്ലേറ്റ് കൊട്ടിക്കൊണ്ട് ‘ഗോ കൊറോണ ഗോ’ എന്ന് മുദ്രാവാക്യം വിളിച്ചതിനെ ഓര്‍മിപ്പിച്ചാണ് ഈ സി.ജെ.പിയുടെ പുതിയ പ്രതിഷേധ രീതി.

കൊവിഡ് കാലത്ത് ‘ഗോ കൊറോണ ഗോ’ എന്ന മുദ്രാവാക്യം വിളിച്ചവരെപ്പോലെ പ്ലേറ്റില്‍ സ്പൂണ്‍ വച്ച് കൊട്ടിക്കൊണ്ടാണ് സി.ജെ.പിയുടെ പ്രതിഷേധത്തില്‍ ‘ഗോ പ്രധാന്‍ ഗോ’ എന്ന മുദ്രാവാക്യം വിളിക്കുന്നതും.

ഇന്ന് (ജൂണ്‍ 20) ഉച്ചക്ക് രണ്ടുമണിയോടെയാണ് ജന്തര്‍ മന്ദറില്‍ പ്രതിഷേധം ആരംഭിച്ചത്. ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ അറിയിച്ചിരുന്നു.

ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കാതെ തങ്ങള്‍ ജന്തര്‍ മന്ദറില്‍ നിന്ന് തിരിച്ച് പോകില്ലെന്ന് സി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. ജന്തര്‍ മന്ദറിലെ പ്രതിഷേധത്തിനുള്ള അനുമതി പൊലീസ് തങ്ങള്‍ക്ക് ദീര്‍ഘിപ്പിച്ച് തരണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ശേഷവും ജന്തര്‍ മന്ദര്‍ പരിസരത്ത് തുടരണമെന്നും സി.ജെ.പി അഭ്യര്‍ഥിച്ചിട്ടുണ്ട്. നാളെ (ഞായറാഴ്ച) വൈകിട്ട് അഞ്ച് വരെ പ്രതിഷേധം തുടരുമെന്നും സി.ജെ.പി അറിയിച്ചിരുന്നു.

Abhijeet Dipke Greeting CJP Supporters at Jantar Mandar on June 20 Protest: Photo Credit: x.com/Cockroachisback

അതേസമയം, അഞ്ച് മണി ആയതോടെ പൊലീസ് ജന്തര്‍ മന്ദറിലെത്തിയ പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം ഞായറാഴ്ച വരെ തുടരുമെന്ന് അഭിജിത് ദീപ്‌കെ ആവര്‍ത്തിച്ച് പറയുകയും ചെയ്തിരുന്നു. ദല്‍ഹിയില്‍ നിലവില്‍ ജന്തറില്‍ മാത്രമാണ് പ്രതിഷേധത്തിന് അനുമതിയുള്ളൂ.

ജന്തര്‍ മന്ദറില്‍ പ്രതിഷേധം തുടരും എന്നാണ് സി.ജെ.പിയുടെ നിലപാട്. പൊലീസിനോട് പ്രതിഷേധം തുടരാന്‍ അനുമതി തേടിയെന്നാണ് സി.ജെ.പി നേതാക്കള്‍ അറിയിച്ചത്. എന്നാല്‍ സി.ജെ.പിയുടെ അനുമതി അപേക്ഷ പൊലീസ് അംഗീകരിച്ചില്ലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാം തവണയാണ് ദല്‍ഹി ജന്തര്‍ മന്ദറില്‍ സി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ മാസം ആറിനായിരുന്നു ഇതിന് മുമ്പ് സി.ജെ.പി ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ചത്. നീറ്റ് ചോദ്യച്ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധിച്ചിരുന്ന സി.ജെ.പിയുടെ ആദ്യ ഓഫ് ലൈന്‍ പ്രതിഷേധമായിരുന്നു ജൂണ്‍ ആറിന് നടന്നത്.

പിന്നീട് ഈ മാസം 11 മുതല്‍ 18 വരെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി പ്രതിഷേധിച്ചിരുന്നു. പുനെ, ലക്‌നൗ, അമൃത്സര്‍, ഹൈദരാബാദ്, ജയ്പുര്‍ എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധിച്ചത്.

ധര്‍മേന്ദ്ര പ്രധാനെ വൈറസ് എന്ന് വിളിച്ചുകൊണ്ടുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റും സി.ജെ.പി പങ്കുവച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആത്മ ഹത്യ ചെയ്ത ഒരു വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു സി.ജെ.പിയുടെ പരാമര്‍ശം. ‘പ്രധാന്‍ വൈറസിന്റെ ഒരു ഇരയുടെ പിതാവിന്റെ പ്രതികരണം എന്ന’ വാചകമാണ് ഈ വീഡിയോയുടെ കാപ്ഷനില്‍ സി.ജെ.പി കുറിച്ചത്.

നീറ്റ് ചോദ്യ ചോര്‍ച്ചയില്‍ പരീക്ഷ റദ്ദാക്കിയതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ദീപ്കെ കഴിഞ്ഞ ദിവസം പ്രധാന മന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു.

Content Highlight: CJP Protest at Jantar mandar demanding Resignation of Dharmendra Pradhan: Cockroach Janatha Party Supporters Chant Go Pradhan Go Slogan

സിജൊ

We use cookies to give you the best possible experience. Learn more