ന്യൂദല്‍ഹി: ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അവസാനിച്ച ശേഷവും പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കുന്നതടക്കമുള്ള പൊലീസ് നടപടികളുടെ വിശദാംശങ്ങള്‍ പങ്കുവച്ച് സി.ജെ.പി. ഇന്ന് (ജൂലൈ 27 തിങ്കള്‍) വൈകിട്ട് സി.ജെ.പി നേതാക്കളും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഈ വിശദാംശങ്ങള്‍ സി.ജെ.പി അറിയിച്ചത്.
പൊലീസ് നടപടികളെക്കുറിച്ച് അസമില്‍ നിന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് സി.ജെ.പി ലീഗല്‍ കോര്‍ഡിനേറ്റര്‍ രത്‌ന പറഞ്ഞു. ഏഴോ എട്ടോ എഫ്.ഐ.ആര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തതായാണ് അസമില്‍ നിന്നുള്ള അഭിഭാഷകരില്‍ നിന്ന് ലഭിച്ച വിവരം. പൊലീസ് നടപടി നേരിടുന്നവരെ സഹായിക്കാനായി തങ്ങളുടെ നിയമ സഹായ സംഘങ്ങള്‍ പ്രവര്‍ത്തിച്ച് വരികയാണെന്നും അവര്‍ വ്യക്തമാക്കി.
ഒരു അഭിഭാഷകനെ തന്നെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചതായി അറിയുന്നു. അദ്ദേഹത്തിനും ജാമ്യം ലഭ്യമാക്കാന്‍ നിയമസഹായം ഒരുക്കുകയാണ്. കൊല്‍ക്കത്തയില്‍ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടെന്നും രത്‌ന അറിയിച്ചു.
ഞങ്ങള്‍ക്ക് ലഭിച്ച വിവരമനുസരിച്ച് കൊല്‍ക്കത്തയില്‍ അറസ്റ്റിലായവരില്‍ പത്ത് പേര്‍ മുസ്ലിം സമൂഹത്തില്‍പ്പെട്ടവരാണ്. സര്‍ക്കാര്‍ ഒരു പ്രത്യേക സമൂഹത്തെ വിവേചനപരമായ രീതിയില്‍ ലക്ഷ്യമിടുന്നുണ്ടോ എന്ന ആശങ്ക ഇത് ഉയര്‍ത്തുന്നുവെന്നും അവര്‍ വ്യക്തമാക്കി.
ജൂലൈ 25 മുതല്‍, ദല്‍ഹിയിലുള്ള അഭിഭാഷകരുമായി ഞങ്ങളുടെ സംഘടന തുടര്‍ച്ചയായി ഏകോപിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്ത എല്ലാവര്‍ക്കും നിയമസഹായം ലഭിക്കാനും വേഗത്തില്‍ മോചിതരാകാനും വേണ്ടിയാണ് ഈ ശ്രമമെന്നും സി.ജെ.പി ലീഗല്‍ കോര്‍ഡിനേറ്റര്‍ വ്യക്തമാക്കി.
സമാധാനപരമായി പ്രതിഷേധിച്ച ആര്‍ക്കും ആരെയും ഉപദ്രവം വരുത്താന്‍ ഉദ്ദേശ്യമില്ലായിരുന്നു എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അവര്‍ക്കായി അഭിഭാഷകരുമായി ഞങ്ങളുടെ നിയമസംഘം തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
പ്രതിഷേധക്കാര്‍ക്കെതിരായ ചില കേസുകളില്‍ ഗുണ്ടാ ആക്ട് പ്രയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടുണ്ടെന്നും രത്‌ന ചൂണ്ടിക്കാട്ടി.
ഏറ്റവും ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ ബിഹാറില്‍ നിന്നാണ് ലഭിക്കുന്നത്. അവിടെ ഏകോപിതമായ ഒരു നിയമസംഘം അത്യാവശ്യമാണ്. നിലവില്‍ ഒരേ വ്യക്തികള്‍ക്കായി പല അഭിഭാഷകരും പ്രത്യേകം ഹാജരാകുന്നതുകൊണ്ട് ഏകോപനം ബുദ്ധിമുട്ടുകയാണെന്നും അവര്‍ പറഞ്ഞു.
‘സിവാന്‍, പട്ടണ, ഛപ്ര എന്നീ സ്ഥലങ്ങളില്‍ ഗുരുതര സംഭവങ്ങള്‍ നടന്നതായാണ് ഞങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ മൂന്ന് സ്ഥലങ്ങളിലും പോലീസിന്റെ അതിക്രമത്തെക്കുറിച്ചുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പൊലീസ് എ.കെ 47 തോക്കുകള്‍ ഉപയോഗിച്ചതായി പോലും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പട്ടണയില്‍ സമരക്കാര്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകശ്രമം ജാമ്യമില്ലാത്ത കുറ്റമായതിനാല്‍ ജാമ്യം നേടാന്‍ കോടതിയിലൂടെ പ്രത്യേക നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരും’ അവര്‍ വ്യക്തമാക്കി.
തങ്ങള്‍ക്ക് ലഭിച്ച ഒരു എഫ്.ഐ.ആറിന്റെ കോപ്പിയില്‍ 144 പേരെ പേരെടുത്ത് പ്രതികളാക്കിയിട്ടുണ്ട്. ഒപ്പം അയ്യായിരത്തോളം കണ്ടാലറിയാവുന്നവരെയും എഫ്.ഐ.ആറില്‍ പ്രതികളാക്കി ചേര്‍ത്തിരിക്കുന്നു. ബീഹാറില്‍ 86 പേരെ ഇതിനകം അറസ്റ്റ് ചെയ്തതായാണ് വിവരം. മറ്റ് ആളുകളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന്റെ ശ്രമം തുടരുകയാണെന്നും രത്‌ന വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭിഭാഷക സംഘടനകളോടും വിദ്യാര്‍ത്ഥി സംഘടനകളോടും കഴിയുന്നത്ര സഹായം നല്‍കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ അഭിഭാഷകരോടും കഴിയുന്ന രീതിയില്‍ മുന്നോട്ട് വന്ന് സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും രത്‌ന വ്യക്തമാക്കി.
Content Highlight: CJP Press Consference With Kapil Sibal- About Police Cases