ന്യൂദല്‍ഹി: ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത സി.ജെ.പി കോഡിനേറ്റര്‍ അഭിജിത് ദീപ്കെ, സഹ കോഡിനേറ്റര്‍മാരായ അഷുതോഷ് രങ്ക, സൗരവ് ദാസ് എന്നിവര്‍ അടക്കമുള്ളവരെ കോടതിയില്‍ ഹാജരാക്കാനും മോചിപ്പിക്കാനും ആവശ്യപ്പെട്ട് സി.ജെ.പി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനായി ദല്‍ഹിയിലെത്തിയപ്പോഴായിരുന്നു സി.ജെ.പി നേതാക്കളെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
സിജെപി കവറേജ് കോര്‍ഡിനേറ്റര്‍ ഗൗരവ് ഭാരതിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം അഭിഭാഷകരായ രാജേഷ് ജി. ഇനാംദാര്‍, ശാശ്വത് ആനന്ദ് എന്നിവര്‍ വഴി ഹേബിയസ് കോര്‍പസ് റിട്ട് സമര്‍പിച്ചത്. ഹരജി ഇന്ന് (ഒക്ടോബര്‍ 11, ഞായര്‍) കോടതി പരിഗണിക്കും. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുക എന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
സി.ജെ.പി നേതാക്കള്‍ക്ക് പുറമെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എല്ലാ വ്യക്തികള്‍ക്കും വേണ്ടിയാണ് ഹരജി സമര്‍പ്പിച്ചതെന്ന് സി.ജെ.പി വ്യക്തമാക്കി.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കസ്റ്റഡി നടപടികള്‍ നിയമപരമാണോ എന്ന് പരിശോധിക്കും. നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍ കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാന്‍ ഹേബിയസ് കോര്‍പസിന്റെ അധികാര പരിധി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്.
ഇന്നലെ വൈകിട്ടായിരുന്നു സി.ജെ.പി ഹരജി നല്‍കിയത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വൈകുന്നേരമായിട്ടും മോചിപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. കസ്റ്റഡിയിലാക്കപ്പെട്ടവരുടെ വിവരങ്ങളും തടവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും വെളിപ്പെടുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഹരജിയില്‍ ഉന്നയിക്കുന്നു.
അറസ്റ്റ് രേഖകള്‍, പൊലീസ് സ്റ്റേഷന്‍ ഡയറികള്‍, സഞ്ചാര വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രജിസ്റ്ററുകള്‍ എന്നിവ ഹാജരാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഏത് അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഏത് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്നും കസ്റ്റഡിക്കായി പറഞ്ഞ കാരണങ്ങളെന്തെന്നും ഹരജിയില്‍ ചോദിക്കുന്നതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റഡിയിലെടുത്തവരുടെ ഇപ്പോഴത്തെ സ്ഥലം വെളിപ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
ഒരു പ്രകടനത്തിന് അനുമതി നിഷേധിച്ചു എന്നതുകൊണ്ട് മാത്രം അതിന്റെ സംഘാടകരും പിന്തുണക്കുന്നവരും അഭിഭാഷകരും അടക്കമുള്ളവരെ തടവില്‍ വെക്കുന്നത് ന്യായീകരിക്കാനാവില്ലെ എന്നും ഹരജിയില്‍ പറയുന്നു. പൊതുയോഗങ്ങള്‍ നിയന്ത്രിക്കുന്നതും വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.
അഭിജിത് ദീപ്കെ, അഷുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളായിട്ടും അവരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ഗണൈസേഷന്‍ ഇന്‍ചാര്‍ജ് അജിങ്ക്യ ഷിന്‍ഡെ ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് എഴുതിയ കത്ത് നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഇവരെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് കത്ത്. ദീപ്കെ അടക്കമുള്ളവര്‍ എവിടെയാണെന്ന വിവരം ഉടന്‍ ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കസ്റ്റഡിയിലുള്ള നേതാക്കള്‍ക്ക് അവരുടെ അഭിഭാഷകരെ കാണാന്‍ അവസരമൊരുക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.
പ്രതിഷേധങ്ങളില്‍ പങ്കെടുക്കാനായി ഇന്നലെ മുംബൈയില്‍ നിന്ന് ദല്‍ഹിയിലെത്തിയ അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ശനിയാഴ്ച രാവിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ കയറിയായിരുന്നു പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Content Highlight: CJP Member Moves Supreme Court Seeking Release of Abhijeet Dipke, Saurav Das & Others Over Alleged Detention