| Monday, 20th July 2026, 2:31 pm

സി.ജെ.പി മാര്‍ച്ച്: പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലീസ്; ജന്തര്‍ മന്തറില്‍ സംഘര്‍ഷം

ആദർശ് എം.കെ.

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടി ആഹ്വാനം ചെയ്ത പാര്‍ലമെന്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.

മാര്‍ച്ചിനെത്തിയ വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ ദല്‍ഹി പൊലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തി. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ കടുത്ത സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മാര്‍ച്ചിന് മുന്നോടിയായി ദല്‍ഹിയില്‍ അതീവ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. അയ്യായിരത്തിലധികം പൊലീസുകാരെയും 25 ബറ്റാലിയന്‍ അര്‍ധസൈനിക വിഭാഗത്തെയുമാണ് നഗരത്തില്‍ വിന്യസിച്ചിരുന്നത്. സമരക്കാരെ തടയാന്‍ മുന്‍കരുതലായി അഞ്ച് മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുകയും നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം, സി.ജെ.പി പ്രതിഷേധത്തിന് മുമ്പില്‍ കേന്ദ്ര സര്‍ക്കാര്‍ വഴങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് സി.ജെ.പി നേതാക്കളുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ ചര്‍ച്ച നടത്താന്‍ തയ്യാറായി.

പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ സി.ജെ.പി ആഹ്വാനം ചെയ്ത ‘ചലോ സന്‍സദ്’ മാര്‍ച്ചിന് ലഭിച്ച വന്‍ ജനപങ്കാളിത്തമാണ് കേന്ദ്രത്തെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചത്.

രാവിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ സമരക്കാരുമായി ബന്ധപ്പെടുകയും, സി.ജെ.പി പ്രതിനിധികളായ സൗരവ് ദാസിനും ദേശീയ വക്താവ് അശുതോഷ് രങ്കയ്ക്കും കേന്ദ്രമന്ത്രിയെ കാണാന്‍ അവസരമൊരുക്കാമെന്ന് ഉറപ്പുനല്‍കുകയുമായിരുന്നു.

ആദ്യം ദല്‍ഹി ഡി.സി.പി സച്ചിന്‍ ശര്‍മ വഴി ജില്ലാ മജിസ്ട്രേറ്റുമായും ഗവണ്‍മെന്റ് സെക്രട്ടറിയുമായും ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്. എന്നാല്‍, പ്രധാനമന്ത്രിയെയോ കേന്ദ്രമന്ത്രിമാരെയോ മാത്രമേ കാണൂ എന്ന ഉറച്ച നിലപാടില്‍ സി.ജെ.പി നേതാക്കള്‍ ഉറച്ചുനിന്നതോടെയാണ് കേന്ദ്രമന്ത്രി ജെ.പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിതുറന്നത്. സമരം തുടങ്ങിയ ശേഷം ഇതാദ്യമായാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്.

നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണ്‍ 20നാണ് ജന്തര്‍ മന്തറില്‍ സി.ജെ.പി അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം ഒരു മാസത്തോട് അടുക്കുമ്പോഴും കേന്ദ്രം ഒരു തരത്തിലും സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ വിമുഖത കാണിച്ചിരുന്നു.

ജൂണ്‍ 28 മുതല്‍ സമരത്തില്‍ പങ്കുചേര്‍ന്ന പ്രമുഖ കാലാവസ്ഥാ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് നിലവില്‍ ആശുപത്രിയിലും നിരാഹാര സമരം തുടരുകയാണ്.

ദേശീയ ശ്രദ്ധയാകര്‍ഷിച്ച സമരത്തിന് പ്രമുഖരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. നടന്‍ പ്രകാശ് രാജ്, മഹുവ മൊയ്ത്ര, ചന്ദ്രശേഖര്‍ ആസാദ്, ശബാന ആസ്മി തുടങ്ങിയ പ്രമുഖര്‍ ജന്തര്‍ മന്തറിലെ സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തമാണെന്നും യുവജനങ്ങളുടെ കരുത്തില്‍ സമരം വിജയം കാണുമെന്നും സി.ജെ.പി നേതാവ് സൗരവ് ദാസ് എക്സിലൂടെ (ട്വിറ്റര്‍) പ്രതികരിച്ചു.

Content Highlight: CJP March: Police drive away protesters; tension at Jantar Mantar.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more