ന്യൂദല്‍ഹി: സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെയുടെ അച്ഛന്റെ അമ്മ അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന സാവിത്രീഭായി ശങ്കര്‍റാവു ദീപ്‌കെ ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മഹാരാഷ്ട്രയിലെ ഹിങ്കോലി ജില്ലയിലുള്ള വീട്ടില്‍ വെച്ച് അന്തരിച്ചത്.
പ്രതിഷേധത്തിനെത്തിയ ദീപ്‌കെയെ വിമാനത്തില്‍ വെച്ച് തന്നെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദീപ്‌കെയോടൊപ്പം സി.ജെ.പി നേതാക്കളായ അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പൊലീസ് എങ്ങോട്ടാണ് മാറ്റിയതെന്ന് ഇപ്പോഴും വിവരമില്ല.
മുത്തശ്ശിയുടെ മരണത്തെക്കുറിച്ച് ദീപ്‌കെയെ അറിയിച്ചിട്ടുണ്ടെന്നും തടങ്കലില്‍ തുടരണോ അതോ അന്ത്യകര്‍മങ്ങള്‍ക്കായി തിരികെ പോകണോ എന്ന് അദ്ദേഹത്തിന് തീരുമാനിക്കാം എന്ന് ദല്‍ഹി പൊലീസ് പ്രതികരിച്ചു.
എന്നാല്‍ വ്യക്തിപരമായ ദുരന്തത്തെ ചുറ്റിപ്പറ്റി ദല്‍ഹി പൊലീസ് നിസാരമായ രാഷ്ട്രീയം കളിക്കുകയാണെന്നും കുടുംബക്കാരെയോ സി.ജെ.പി അഭിഭാഷകരെയോ ദീപ്‌കെ എവിടെയാണെന്ന് അറിയിച്ചിട്ടില്ലെന്നും കോക്രോച്ച് ജനതാ പാര്‍ട്ടി അറിയിച്ചു.
ഞായറാഴ്ച രാവിലെ പത്ത് മണിക്ക് മരണാനന്തരചടങ്ങുകള്‍ നടക്കുമെന്നും ദീപ്‌കെയുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും കുടുംബം അറിയിച്ചു.
Content highlight: CJP leader Abhijeet Dipke’s Grandmother passes away; Dipke remains in custody