| Saturday, 25th July 2026, 6:48 pm

എല്ലാ ആവശ്യങ്ങള്‍ക്കും കേന്ദ്രം വഴങ്ങി; അഞ്ചിന അജണ്ടയും അംഗീകരിച്ചു; സമരം ഔദ്യോഗികമായി അവസാനിപ്പിച്ച് സി.ജെ.പി

റെന്വര്‍ പി

ന്യൂദല്‍ഹി: ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പുറമെ തങ്ങള്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി കോക്രോച്ച് ജനതാ പാര്‍ട്ടി. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ചര്‍ച്ചയില്‍ കോക്രോച്ച് ജനത പാര്‍ട്ടിയെ പ്രതിനിധീകരിച്ച് വക്താക്കളായ അശുതോഷ് രംഗയും സൗരവ് ദാസും പങ്കെടുത്തു. മന്ത്രിമാരായ ജെ.പി നദ്ദയും ജിതേന്ദ്ര സിങും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സമരത്തില്‍ പങ്കാളികളായി.

ഞങ്ങള്‍ ഔദ്യോഗികമായി പ്രതിഷേധം അവസാനിപ്പിച്ചു എന്ന് ചര്‍ച്ചക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു. തങ്ങളുടെ എല്ലാ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചെന്നും പ്രതിഷേധക്കാര്‍ പ്രതിഷേധ സ്ഥലത്ത് നിന്ന് സമാധാനപൂര്‍വം ഒഴിഞ്ഞ് പോകണമെന്നും അശുതോഷ് രംഗ പറഞ്ഞു.

ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം, പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം നടന്ന ചര്‍ച്ചയില്‍ സി.ജെ.പി ഉന്നയിച്ചു. ഇവ രണ്ടും സര്‍ക്കാര്‍ അംഗീകരിച്ചതായി സി.ജെ.പി വ്യക്താക്കി.

‘ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന്റെ വികാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്. അവര്‍ക്ക് നിയമപരമായി നഷ്ടപരിഹാരം നല്‍കും.’ എന്ന് മന്ത്രി ജെ.പി നദ്ദ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ എല്ലാ എഫ്.ഐ.ആറുകളും റദ്ദാക്കാന്‍ നടപടി സ്വീകരിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ നദ്ദ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഫയല്‍ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് തന്നെന്ന് സൗരവ് ദാസ് പറഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേര്‍ക്കോ സംഘാടകര്‍ക്ക് നേര്‍ക്കോ ഭാവിയില്‍ കേസുകളൊന്നും എടുക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും സൗരവ് അറിയിച്ചു.

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്താനായി തങ്ങളുന്നയിച്ച അഞ്ചിന അജണ്ട കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സി.ജെ.പി ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും സി.ജെ.പി വ്യക്തമാക്കി.

ഇന്ന് (ജൂലൈ 25, ശനി) ഉച്ചയോടെയായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍ രാജി പ്രഖ്യാപിച്ചത്. ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ 24 മണിക്കൂറിനുള്ളില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് സി.ജെ.പി പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടര വരെയായിരുന്നു സി.ജെ.പി കേന്ദ്രത്തിന് സമയം നല്‍കിയത്. ഈ സമയം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെയായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ രാജി.

സി.ജെ.പി പ്രതിനിധികളുമായി ഇതിന് മുമ്പ് നടത്തിയ രണ്ട് വട്ട ചര്‍ച്ചകളിലും ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. കഴിഞ്ഞ വട്ട ചര്‍ച്ചയില്‍ സി.ജെ.പിയുടെ മറ്റ് രണ്ട് ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചെങ്കിലും ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി ഇന്ന് രണ്ടര വരെ സമയം ചോദിക്കുകയായിരുന്നു. സമയത്തിന് മുമ്പ് രാജിയില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും പാറ്റകള്‍ അറിയിച്ചിരുന്നു.

അതെസമയം സമരം അവസാനിപ്പിക്കുന്നതായുള്ള സി.ജെ.പിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ജന്തര്‍ മന്ദറില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. സി.ജെ.പി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞത്.

Content Highlight: CJP calls off protests after talks with Centre

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more