മുംബൈ: ഒക്ടോബര്‍ രണ്ടിന് മുംബൈയില്‍ ആരംഭിക്കുന്ന ജയില്‍ നിറയ്ക്കല്‍ സമരത്തിന് പുറമെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സി.ജെ.പി. ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കും. ഗോവയിലും പ്രക്ഷോഭം നടത്തുമെന്നും സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ വ്യാഴാഴ്ച പ്രഖ്യാപിച്ചു.
ഈ പ്രക്ഷോഭത്തില്‍ പങ്കുചേരാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ദിപ്‌കെ അഭ്യര്‍ത്ഥിച്ചു. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും സി.ജെ.പി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദിപ്‌കെക്ക് പുറമെ സൗരവ് ദാസ് ഉള്‍പ്പെടെയുള്ള സി.ജെ.പി നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
നാളെ കഴിഞ്ഞാല്‍ ഗോവ, ബംഗളൂരു, കൊല്‍ക്കത്ത, റാഞ്ചി എന്നിവിടങ്ങളില്‍ പ്രതിഷേധ റാലികള്‍ നടത്തുമെന്ന് സി.ജെ.പി നേതാവ് അജിങ്ക്യ ഷിന്‍ഡെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാസാവസാനത്തോടെ അത് ജന്തര്‍ മന്തറില്‍ എത്തുമെന്നും ഷിന്‍ഡെ വ്യക്തമാക്കി.
ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് അഭിജിത് ദീപ്‌കെ പറഞ്ഞു. ഗ്യാനേഷ് കുമാര്‍ ‘പാവ’ ആണ്. അടുത്ത തെരഞ്ഞെടുപ്പ് കമ്മീഷണറെ സുതാര്യമായി തെരഞ്ഞെടുക്കണം, ആ പ്രക്രിയയില്‍ സിവില്‍ സമൂഹത്തെയും പങ്കെടുപ്പിക്കണമെന്നും ദീപ്‌കെ എന്ന് ആവശ്യപ്പെട്ടു.
എസ്.ഐ.ആര്‍ പ്രക്രിയയുടെ മൂന്ന് ഘട്ടങ്ങളിലായി കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 13 കോടി പേരുകള്‍ നീക്കം ചെയ്തത് വളരെ ഗൗരവകരമായ കാര്യമാണ്. അത് ആകെ വോട്ടുകളുടെ 14 ശതമാനമാണ്. അവര്‍ അത് ഒഴിവാക്കി. അപ്പോള്‍ തന്നെ ഫലം തീരുമാനിക്കപ്പെട്ടുകഴിഞ്ഞെന്നും ദീപ്‌കെ പറഞ്ഞു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയും പ്രതിപക്ഷമായ ഇന്ത്യ സഖ്യവും തമ്മിലുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസം ഏകദേശം രണ്ട് ശതമാനം മാത്രമായിരുന്ന സാഹചര്യത്തില്‍ 14 ശതമാനം വോട്ടെന്നത് വളരെ നിര്‍ണ്ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യം എന്നത് ഒരു മിഥ്യാധാരണ മാത്രമാണ്. തെരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രങ്ങള്‍ (ഇ.വി.എം) വിശ്വസനീയമല്ല, കാരണം ഏത് ഇലക്ട്രോണിക് യന്ത്രത്തിലും കൃത്രിമം കാണിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്യാനേഷിനെതിരെ ക്രിമിനല്‍ കേസുകള്‍ ചുമത്താന്‍ സി.ജെ.പി ആവശ്യപ്പെടുന്നു. എസ്.ഐ.ആര്‍ നടപടികള്‍ മരവിപ്പിക്കുക, വോട്ടര്‍ പട്ടിക ഉപയോഗിച്ച തെരഞ്ഞെടുപ്പ് നടത്തുക എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ട് വെക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞടുക്കാന്‍ ഒരു സ്വതന്ത്ര സമിതിയെ തെരഞ്ഞെടുക്കണമെന്നും സി.ജെ.പി ആവശ്യപ്പെടുന്നു.
അതേസമയം, സി.ജെ.പി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരോട് ബാനറുകളോ പാര്‍ട്ടി പതാകകളോ കരുതരുതെന്ന് സി.ജെ.പിയുടെ മുംബൈ കോ-ഓര്‍ഡിനേറ്റര്‍ പ്രണയ് അഹിര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ പതാക കൈയ്യില്‍ കരുതുക. സാധ്യമെങ്കില്‍ ഗാന്ധിയുടെ ചിത്രം പതിച്ച ടീ-ഷര്‍ട്ട് ധരിക്കുക. ശരീരത്തില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ സാധിക്കുമെങ്കില്‍ അതും ചെയ്യണമെന്നും ആഹിര്‍ പറഞ്ഞു.
മുംബൈ പോലീസ് പ്രതിഷേധക്കാരുമായി സഹകരിക്കുമെന്ന് അഭിജിത് ദിപ്‌കെ പറഞ്ഞു. അവര്‍ ഡല്‍ഹി പോലീസിനെപ്പോലെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈയില്‍ ജന്തര്‍ മന്തറില്‍ സി.ജെ.പി സമരത്തിന് നേര്‍ക്കുണ്ടായ പൊലീസസ് അതിക്രമങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ദീപ്‌കെയുടെ പ്രതികണം. തന്നെ ജയിലിലടച്ചാലും മൂന്ന് മാസം കഴിഞ്ഞ് പുറത്തെത്തിയാല്‍ താന്‍ തെരുവിലിറങ്ങുമെന്ന് ദീപ്‌കെ പറഞ്ഞു.
Content Highlight: CJP announces ‘morcha’ in Goa, Bengaluru, Kolkata ‘until Gyanesh Kumar resigns’