കൊച്ചി: കേരളത്തിലെ ഡി.വൈ.എഫ്.ഐ പിരിച്ചു വിടണമെന്ന് അഭിജിത് ദീപ്‌കെ പറഞ്ഞിട്ടില്ലെന്ന് സി.ജെ.പി സംസ്ഥാന ഘടകം. സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ഇത്തരത്തില്‍ പറഞ്ഞുവെന്ന തരത്തലുള്ള പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.ജെ.പിയുടെ പ്രതികരണം.
‘കേരളത്തിലെ ഡി.വൈ.എഫ്.ഐ പിരിച്ചുവിടണം. എല്ലാവരും സി.ജെ.പിയില്‍ ചേരണം. കമ്യൂണിസം കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രം,’ എന്ന് സി.ജെ.പി അഭിപ്രായപ്പെട്ടുവെന്ന തരത്തിലാണ് അഭിജിത് ദീപ്‌കെയുടെ ഫോട്ടോയോട് കൂടിയ പോസ്റ്റര്‍ പ്രചരിച്ചത്. ഇത് വ്യാജവാര്‍ത്തയാണെന്ന് സംഘടന വ്യക്തമാക്കി.
‘സി.ജെ.പി.യുടെ പേരില്‍ പ്രചരിക്കുന്ന ഈ പോസ്റ്റ് വ്യാജമാണ്. ഇത് അഭിജിത്ത് ദിപ്‌കെ പറഞ്ഞതോ പങ്കുവെച്ചതോ അല്ല. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഇത്തരം വ്യാജ പോസ്റ്റുകള്‍ വിശ്വസിക്കുകയോ ഷെയര്‍ ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്,’ സി.ജെ.പി കേരള ഘടകത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
‘വിവരങ്ങളുടെ ഉറവിടം പരിശോധിച്ചതിന് ശേഷം മാത്രം പങ്കുവെക്കുക. വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കുക,’ എന്നും സംഘടന വ്യക്തമാക്കി.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി കേരളത്തില്‍ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ഒക്ടോബര്‍ രണ്ട്, വെള്ളി) വൈകിട്ട് 5.30ന് കൊച്ചി ഹൈക്കോടതി ജങ്ഷനിലാണ് പ്രതിഷേധം.
Content Highlight: CJP About Fake Poster of Abhijeet Dipke and Kerala DYFI