| Monday, 12th October 2026, 7:17 am

വോട്ട്‌മോഷണം ചര്‍ച്ച ചെയ്യാനുള്ള കൂടിക്കാഴ്ച: പ്രതിപക്ഷ നേതാക്കളെ കാണാന്‍ വിസമ്മതിച്ച് ചീഫ് ജസ്റ്റിസ്

റെന്വര്‍ പി

ന്യൂഡല്‍ഹി: വോട്ട് മോഷണം വിഷയം ചര്‍ച്ച ചെയ്യുന്നതിനായി രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കാണാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്താന്‍ ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയതായി പ്രതിപക്ഷ നേതാക്കള്‍ ഇന്നലെ (ഒക്ടോബര്‍ 11, ഞായര്‍) അറിയിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ഇക്കാര്യം വിസമ്മതിച്ചതായി ദേശീയ മാാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വോട്ട് മോഷണം അവസാനിപ്പിക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി, വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകന (എസ്.ഐ.ആര്‍) നടപടികള്‍ നിര്‍ത്തിവെക്കുക, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള നിവേദനം ഇന്ന് ചീഫ് ജസ്റ്റിന് കൈമാറാണ് പ്രതിപക്ഷ നേതാക്കള്‍ തീരുമാനിച്ചിരുന്നത്. ഇതിനായി ഇന്ന് വൈകിട്ട് നാലിനും അഞ്ചിനും ഇടയില്‍ കൂടിക്കാഴ്ച നടത്താന്‍ ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.

ഈ വിഷയത്തില്‍ ഭരണപരമായ തലത്തില്‍ ഉത്തരവുകളൊന്നും പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ത്ഥനയോട് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. പകരം, ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ തലത്തില്‍ ഒരു ഹര്‍ജി സമര്‍പ്പിക്കാന്‍ രാഹുലിനോട് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

ഭരണപരമായ തലത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുപ്രീം കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്കുള്ള മറുപടി അദ്ദേഹത്തിന്റെ ഔദ്യോഗിക ഇമെയിലിലേക്ക് അയച്ചതായി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഏത് പൗരനും സുപ്രീം കോടതിയെ സമീപിക്കാമെന്നും അതിനായി കോടതി എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിപക്ഷം ഉന്നയിക്കാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ ഇതിനകം തന്നെ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളവയായതിനാലാണ് കൂടിക്കാഴ്ച നിരസിച്ചതെന്ന് ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ നിന്നുള്ളവര്‍ അറിയിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള കൂടിക്കാഴ്ച അധികാര വിഭജന തത്വത്തിന്റെ ലംഘനമാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയതായി കോണ്‍ഗ്രസ് ദേശീയ നേതത്വത്തിലുള്ളവര്‍ അറിയിച്ചെന്നും ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ന് സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തി ചീഫ് ജസ്റ്റിസിന് നിവേദനം നല്‍കുമെന്നാണ് രാഹുല്‍ ഗാന്ധി ഇന്നലെ അറിയിച്ചത്. എന്നാല്‍ സുപ്രീം കോടതിയിലേക്ക് നടത്താന്‍ ഉദ്ദേശിക്കുന്ന മാര്‍ച്ചിനെക്കുറിച്ച് ചീഫ് ജസ്റ്റിസ് ഒന്നും പ്രതികരിച്ചിട്ടില്ല.

‘ചലോ ദല്‍ഹി – മാര്‍ച്ച് ഫോര്‍ ഡെമോക്രസി’ എന്ന പേരിലാണ് സുപ്രീം കോടതിയിലേക്ക് പ്രതിപക്ഷം പ്രതിഷേധ മാര്‍ച്ച് നടത്തുക. ഉച്ചയ്ക്ക് 1.30ന് കൊണാട്ട് പ്ലേസ് ബാരക്കംബ റോഡ് ജങ്ഷനില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. പാര്‍ട്ടി, ജെന്‍ഡര്‍, ജാതി, സമുദായം, സംസ്ഥാനം എന്നിവയ്ക്കെല്ലാം അതീതമായി ഒറ്റക്കെട്ടായ ഇന്ത്യക്കാരായിട്ടായി എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള മാര്‍ച്ചായിരിക്കും ഇതെന്നും രാഹുല്‍ ഇന്നലെ എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു.

വോട്ട് മോഷണം വിഷയത്തില്‍ ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍ തേടുന്നതിനായി തിങ്കളാഴ്ച അദ്ദേഹത്തെ കാണാന്‍ താനും ഗാന്ധിയും സമയം ചോദിച്ചിട്ടുണ്ടെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നേരത്തെ അറിയിച്ചിരുന്നു.

‘വൈകുന്നേരം നാലിനും അഞ്ചിനും ഇടയിലുള്ള സമയമാണ് ഞങ്ങള്‍ ചോദിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് അദ്ദേഹത്തോട് ആവശ്യം ഉന്നയിക്കാന്‍ കഴിയില്ല, മറിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കാനേ കഴിയൂ. കൈകൂപ്പി അപേക്ഷിക്കാന്‍ മാത്രമേ നമുക്ക് സാധിക്കൂ,’ എന്നാണ് ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഖാര്‍ഗെ പറഞ്ഞത്.

‘കൈകൂപ്പി ഞങ്ങള്‍ അദ്ദേഹത്തെ സാഹചര്യം ബോധിപ്പിക്കും. ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും ചേര്‍ന്ന് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ്. എല്ലായിടത്തും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നത്,’ എന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.

Content Highlight: CJI Surya Kant ‘refuses to meet’ Opposition leaders who want to discuss ‘vote theft’

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more