| Friday, 10th May 2019, 10:31 am

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക അക്രമ പരാതി; പരാതിക്കാരിയോട് ജോലി തിരിച്ചുകിട്ടിയാല്‍ പോരേയെന്ന് അന്വേഷണ സമിതി അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗിക അക്രമ പരാതിയില്‍ പരാതിക്കാരിയായ യുവതിയോട് ജോലി തിരിച്ചുകിട്ടിയാല്‍ പോരേയെന്ന് അന്വേഷണ സമിതി അധ്യക്ഷന്‍ ചോദിച്ചതായി ആരോപണം. സമിതി അധ്യക്ഷനായ എസ്.എ ബോബ്‌ഡെ ജോലി തിരിച്ചുനല്‍കിയാല്‍ പോരേയെന്നു ചോദിച്ചെന്നാണ് സുപ്രീം കോടതി മുന്‍ ജീവനക്കാരി കൂടിയായ യുവതി ആരോപിക്കുന്നത്. കാരവന്‍ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് യുവതിയുടെ ആരോപണം.

‘ഭാവിയില്‍ നിങ്ങള്‍ക്ക് ഒരു അപകടവും സംഭവിക്കില്ലെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കാം. നിങ്ങളുടെ ജോലി നിങ്ങള്‍ക്കു തിരിച്ചുനല്‍കും.’ എന്നാണ് അവര്‍ എന്നോട് പറഞ്ഞത്.

എനിക്കു നീതിയാണ് വേണ്ടതെന്നാണ് താന്‍ മറുപടി നല്‍കിയതെന്നും യുവതി പറയുന്നു. ‘വേണ്ട ലോഡ്ഷിപ്പ്. എനിക്കു ജോലി തിരികെ വേണ്ട. എനിക്കു നീതിവേണം. ജോലി തിരിച്ചുകിട്ടാന്‍ വേണ്ടിയല്ല ഞാനിതെല്ലാം ചെയ്യുന്നു. ഈ സംഭവത്തിനുശേഷമുള്ള ഇരയാക്കലിനെതിരെയാണ്. അത് അവസാനിപ്പിക്കേണ്ടതാണ്.’

തനിക്കു നീതി വേണമെന്നു മാസങ്ങളായി താന്‍ നേരിടുന്ന അതിക്രമങ്ങള്‍ അവസാനിച്ചു കിട്ടണമെന്നും പറഞ്ഞപ്പോള്‍ ‘അത് അവസാനിക്കും. അത് ഞങ്ങള്‍ ഉറപ്പു നല്‍കം’ എന്നാണ് ബോബ്‌ഡെ പറഞ്ഞതെന്നും യുവതി ആരോപിക്കുന്നു.

അന്വേഷണ കമ്മീഷനു മുമ്പാകെ ഹാജരായ തനിക്കു നേരിട്ട അനുഭവങ്ങളും അഭിമുഖത്തില്‍ യുവതി വിശദീകരിക്കുന്നുണ്ട്. ‘നോട്ടീസ് ലഭിച്ച ദിവസം മൂന്നംഗ ജഡ്ജിമാരുടെ കമ്മിറ്റിയോട് എനിക്കൊപ്പം ഒരു സഹായിയെ അനുവദിക്കണമെന്ന് ഞാന്‍ അപേക്ഷിച്ചിരുന്നു. വീഡിയോ റെക്കോര്‍ഡിങ് അനുവദിക്കാനും വിശാഖ ചട്ട പ്രകാരമോ ലൈംഗിക പീഡനകേസുകള്‍ കൈകാര്യം ചെയ്യുന്ന ചട്ടപ്രകാരമോ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടിരുന്നു. അവര്‍ അത് പാലിച്ചില്ല. ജസ്റ്റിസ് രമണയുമായി ബന്ധപ്പെട്ട എന്റെ അപേക്ഷ മാത്രമാണ് അവര്‍ പരിഗണിച്ചത്. ജസ്റ്റിസ് രമണ രഞ്ജന്‍ ഗോഗോയിയുടെ അടുത്തയാളാണ്. അദ്ദേഹം ഇടയ്ക്കിടെ രഞ്ജന്‍ ഗോഗോയിയെ സന്ദര്‍ശിക്കും. അതിനാല്‍ അവര്‍ അത് പരിഗണിച്ചു.’ യുവതി പറയുന്നു.

ജസ്റ്റിസ് രമണയെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കണമെന്ന യുവതിയുടെ പരാതി അംഗീകരിക്കുകയും പകരം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

‘ എനിക്ക് വലതു ചെവി കേള്‍ക്കില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. ചില സമയത്ത് ഇടതു ചെവിയും ശരിയ്ക്ക് കേള്‍ക്കില്ല. നടപടിയ്ക്കിടെ അവര്‍ എന്നോട് നിങ്ങള്‍ക്ക് മനസിലായോ? എന്ന് ചോദിക്കാറുണ്ട്. ഒന്നുകൂടി പറയുമോയെന്ന് ഞാന്‍ ചോദിക്കും. അങ്ങനെ ചോദിക്കേണ്ടി വരുമ്പോള്‍ ഉള്ളില്‍ ഭയമായിരുന്നു. എത്ര തവണയെനിക്ക് അവരോട് ആവര്‍ത്തിക്കാന്‍ പറയാനാവും? അക്കാരണം കൊണ്ടാണ് ഒരു സഹായിയെ നിര്‍ത്താന്‍ അനുവദിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടത്. പക്ഷേ അവര്‍ അനുവദിച്ചില്ല. ‘ അവര്‍ പറയുന്നു.

ചോദ്യം ചെയ്യലിനായെത്തിയ തന്നെ മൂന്ന് നാല് വനിതാ പൊലീസുകാര്‍ പരിശോധിക്കുകയും തീവ്രവാദിയെപ്പോലെ കൈകാര്യം ചെയ്യുകയും ചെയ്തു. അവര്‍ എല്ലാം പരിശോധിച്ചു. എന്റെ മുടി അഴിപ്പിച്ചു, വസ്ത്രവും. പരുക്കന്‍ രീതിയിലായിരുന്നു പരിശോധന. ഞാന്‍ ഉള്ളില്‍ കരയുകയായിരുന്നു. വൃന്ദ ഗ്രോവര്‍ മാം വന്നശേഷമാണ് എന്നെ അകത്തേക്ക് കൊണ്ടുപോയതെന്നും യുവതി പറയുന്നു.

ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ, ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, ഇന്ദിരാ ബാനര്‍ജി എന്നിവര്‍ അംഗങ്ങളായ മൂന്നംഗ സമിതിയാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിച്ചത്. പരാതിയില്‍ കഴമ്പില്ലെന്ന കണ്ടെത്തലാണ് ഇവര്‍ നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് ജസ്റ്റിസ് എന്‍.വി രമണയ്ക്കു കൈമാറിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസിനും റിപ്പോര്‍ട്ട് കൈമാറിയെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആഭ്യന്തര നടപടിക്രമങ്ങളുടെ ഭാഗമായുള്ള റിപ്പോര്‍ട്ട് പരസ്യപ്പെടുത്താത്തത് 2003-ല്‍ ഇന്ദിര ജെയ്സിങ്ങും സുപ്രീം കോടതിയും തമ്മിലുള്ള കേസിലെ വിധിയനുസരിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

സമിതിക്കു മുന്നില്‍ രണ്ടുതവണ ഹാജരായ യുവതി പിന്നീട് പരാതിയില്‍നിന്നു പിന്മാറുകയായിരുന്നു. അഭിഭാഷകരില്ലാതെ സമിതിക്കു മുന്നില്‍ ഹാജരാകുന്നതു ഭീതിയും മാനസിക സമ്മര്‍ദവുമുണ്ടാക്കുന്നതായി ആരോപിച്ചായിരുന്നു ഇത്.

ഫോട്ടോ കടപ്പാട്: കാരവന്‍

Latest Stories

We use cookies to give you the best possible experience. Learn more