ഗസ: പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും ഗസയിലുടനീളമുളള തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ 8,000 ത്തോളം മൃതദേഹങ്ങള്‍ കെട്ടികിടക്കുന്നതായി പ്രദേശത്തെ സിവില്‍ ഡിഫന്‍സ് റിപ്പോര്‍ട്ട് ചെയ്തു.
തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മണ്ണുമാന്തി യന്ത്രങ്ങളുടെയും മറ്റ് സാങ്കേതിക ഉപകരണങ്ങളുടെയും ദൗര്‍ലഭ്യം നേരിടുന്നതായും സിവില്‍ ഡിഫന്‍സ് ഫെബ്രുവരി 12 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഏകദേശം 3000 ആളുകളെകുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല,
അവര്‍ ജീവിച്ചിരിപ്പുണ്ടോ, രക്തസാക്ഷികളാണോ, തടവുകാരാണോയെന്നതിനെ കുറിച്ചും അറിവില്ല,’ സിവില്‍ ഡിഫന്‍സ് വക്താവ് മഹമൂദ് ബസല്‍ പറഞ്ഞു.
അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിലെ കാലതാമസം കാരണം മൃതദേഹങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രഈല്‍ പ്രയോഗിച്ച തെര്‍മോബോറിക് ആയുധങ്ങള്‍ കാരണം ചില മൃദദേഹങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം 700 ലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തതിന് ശേഷമാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.
ഇസ്രഈലിന്റെ തുടര്‍ച്ചയായ പൊളിച്ചുമാറ്റല്‍ പ്രവര്‍ത്തനങ്ങളും ഷെല്ലാക്രണവും ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും നിയന്ത്രണങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായിട്ടുണ്ട്.
യു.എന്നിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗസ ഏകദേശം 61 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൂടപ്പെട്ടിരിക്കുകയാണ്.
ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷവും നൂറുകണക്കിന് ഇസ്രഈലി നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതായി മിഡിലീസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
ഈ അക്രമങ്ങളില്‍ ഏകദേശം 600 പേര്‍ കൊല്ലപ്പെടുകയും 1,500 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇസ്രഈല്‍ 72,037 ലധികം ഫലസ്തീനികളെ കൊല്ലുകയും പ്രദേശത്തിന്റെ 90 ശതമാനത്തോളം അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Civil Defense report says 8,000 bodies trapped under rubble in Gaza