തിരുവനന്തപുരം: മുന്നാറില്‍ സമരം നയിച്ച തോട്ടം തൊഴിലാളികള്‍ക്ക് പിന്നില്‍ തമിഴ് തീവ്രവാദ സംഘടനകളാണെന്ന പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുന്നതായി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍ . പ്രസ്താവനയിറക്കി മണിക്കൂറുകള്‍ക്കകമാണ് സഹദേവന്റെ മാപ്പു പറച്ചില്‍.
കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്തായിരുന്നു സി.ഐ.ടി.യു നേതാവായ കെ.പി സഹദേവന്‍ മുന്നാറിലെ തൊഴിലാളി സമരത്തെ ആക്ഷേപിച്ച് കൊണ്ട് സംസാരിച്ചിരുന്നത്.
തമിഴ് തീവ്രവാദ സംഘടനകളുടെ നിര്‍ദേശപ്രകാരമാണ് തൊഴിലാളികള്‍ പ്രവര്‍ത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതെന്നും സമരക്കാര്‍ക്ക് വെള്ളവും ഭക്ഷണവും ലഭിച്ചതെങ്ങനെയെന്നും സമരത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് പരിശോധിക്കപ്പെടണമെന്നുമായിരുന്നു സഹദേവന്‍ പറഞ്ഞിരുന്നത്.
മൊബൈല്‍ ഫോണ്‍വഴിയാണ് സമരത്തിന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നതെന്നും ഇത് നിലവിലുള്ള ട്രേഡ് യൂണിയന്‍ സംവിധാനങ്ങളെ അപ്രസക്തമാക്കുന്നതാണെന്നും സഹദേവന്‍ ആരോപിച്ചിരുന്നു.
അതേ സമയം സി.ഐ.ടി.യു നേതാവിന്റെ ആരോപണം തെറ്റാണെന്നും തങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്തുനല്‍കിയത് മൂന്നാറിലെ വ്യാപാരികളും പച്ചക്കറിക്കടക്കാരും ഐ.എഫ്.എസ് ഉദ്യോഗസ്ഥരും ആണെന്നുമായിരുന്നു സമര നേതാവായ ലിസി പ്രതികരിച്ചിരുന്നത്. തമിഴ് തീവ്രവാദികളുടെ സഹായം ലഭിച്ചു എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല എന്നും അവര്‍ പ്രതികരിച്ചു. ആരെല്ലാമോ സമരം പൊളിക്കാന്‍ ശ്രമിച്ചായും അവര്‍ ആരോപിച്ചു.