| Friday, 31st October 2025, 2:34 pm

യു.എസ് അധിനിവേശത്തിന് ആഹ്വാനം ചെയ്താല്‍ പൗരത്വം റദ്ദാക്കും; പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി മഡൂറോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാരാകാസ്: യു.എസ് അധിനിവേശത്തിനെ പിന്തുണയ്ക്കുന്നവരുടെ പൗരത്വം റദ്ദാക്കുമെന്ന മുന്നറിയിപ്പ് നല്‍കി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ.

മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെയുള്ള നടപടിയെന്ന പേരില്‍ യു.എസ് വെനസ്വേലയെ കടന്നാക്രമിക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് മഡൂറോയുടെ പ്രതികരണം. വെനസ്വേലന്‍ ഭരണഘടനയുടെ 130ാം ആര്‍ട്ടിക്കിള്‍ പ്രകാരം പൗരത്വം റദ്ദാക്കാനുള്ള നീക്കം നടത്തുമെന്നാണ് മഡൂറോയുടെ പ്രതികരണം.

രാജ്യത്തെ തീവ്രവലതുപക്ഷ പ്രതിപക്ഷ പാര്‍ട്ടികള്‍ യു.എസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വെനസ്വേലയെ ആക്രമിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ യു.എസിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് മഡൂറോ വിമര്‍ശിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മേഖലയില്‍ ഭിന്നതയും വിദ്വേഷവും വിതയ്ക്കാനുള്ള ഗൂഢാലോചന നടത്തുകയാണ് യു.എസ് ഭരണകൂടമെന്ന് മഡൂറോ ആരോപിച്ചു.

അയല്‍രാജ്യങ്ങളെ എതിര്‍ത്ത് യുദ്ധമുണ്ടാക്കാനാണ് യു.എസ് ശ്രമിക്കുന്നത്. സി.ഐ.എ ആസൂത്രണം ചെയ്ത വ്യാജ ഓപ്പറേഷന്‍ പരാജയപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കവെ മഡൂറോ വെളിപ്പെടുത്തി.

ട്രിനിഡാഡ് ആന്റ് ടൊബാഗോയില്‍ നിലയുറപ്പിച്ചിരിക്കുന്ന യു.എസ് യുദ്ധക്കപ്പലുകളെ ആക്രമിക്കാന്‍ സി.ഐ.എ പദ്ധതിയിട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം വെനസ്വേലയ്ക്ക് മേല്‍ ആരോപിക്കാനുമായിരുന്നു പദ്ധതിയെന്ന് മഡൂറോ ആരോപിച്ചു.

അതേസമയം, കരീബിയന്‍ തീരത്ത് യു.എസ് യുദ്ധക്കപ്പലുകളും ചെറു ബോട്ടുകളും വിന്യസിച്ചിരിക്കുകയാണ്. മയക്കമരുന്ന് കടത്ത് ആരോപിച്ച് ബോട്ടുകള്‍ തകര്‍ക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തു.

സെപ്റ്റംബര്‍ ആദ്യവാരം മുതലുള്ള ആക്രമണങ്ങളില്‍ 57 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. ട്രിനിഡാഡ് ആന്റ് ടുബാഗോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു.

അതേസമയം, മയക്കുമരുന്ന് കടത്തുകാരുമായി സായുധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്.

കള്ളക്കടത്തുകാര്‍ നിയമവിരുദ്ധ പോരാളികളാണെന്നും യു.എസ് കോണ്‍ഗ്രസില്‍ ട്രംപ് പറഞ്ഞിരുന്നു. ട്രംപ് സി.ഐ.എയ്ക്ക് വെനസ്വേലയില്‍ രഹസ്യനീക്കങ്ങള്‍ നടത്താനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

Content Highlight: Citizenship will be revoked if call for US invasion, Maduro warns

We use cookies to give you the best possible experience. Learn more