| Monday, 13th July 2026, 3:02 pm

പൗരത്വ നിര്‍ണയം ന്യായമായ നടപടികളിലൂടെയാവണം; 27 പേരെ വിദേശികളായി പ്രഖ്യാപിച്ച നടപടി റദ്ദാക്കി സുപ്രീംകോടതി

റെന്വര്‍ പി

ന്യൂദല്‍ഹി: ഒരു വ്യക്തിയുടെ പൗരത്വം നിര്‍ണയിക്കുന്നതും വിദേശിയാണോ എന്ന് തീരുമാനിക്കുന്നതും ന്യായവും നിയമപരവും യുക്തിസഹവുമായ പ്രക്രിയയിലൂടെയാവണമെന്ന് സുപ്രീം കോടതി. ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ വിദേശികളെന്ന് പ്രഖ്യാപിച്ച 27 പേരുടെ ഹരജി പരിഗണിക്കുകയായിരുന്ന കോടതി.

വിദേശികളായി പ്രഖ്യാപിച്ച 27 പേരും ഗുവാഹതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഗോഹട്ടി ഹൈക്കോടതി ട്രിബ്യൂണല്‍ ഉത്തരവിനെ ശരിവെക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഹരജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരുടെ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

ഹരജിക്കാരെ വിദേശികളായി പ്രഖ്യാപിച്ച ട്രിബ്യൂണല്‍ തീരുമാനവും അതിനെ ശരിവച്ച ഹൈക്കോടതി വിധിയും സുപ്രീം കോടതി തള്ളി. 27 പേരുടെ കേസുകളും പുതിയ വിധിന്യായത്തിനായി ബന്ധപ്പെട്ട ഫോറിനേഴ്‌സ് ട്രൈബ്യൂണലുകള്‍ക്ക് കൈമാറിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

നിയമപരവും ഭരണഘടനാ പരവുമായി ഉയര്‍ന്ന പ്രാധാന്യമുള്ള വിഷയങ്ങളാണ് പൗരത്വവും വിദേശി പദവിയുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഒരു വ്യക്തിയുടെ പൗരത്വത്തെ ബാധിക്കുന്ന എല്ലാ തീരുമാനങ്ങളും ന്യായമായതും നിയമപരമായതും യുക്തിസഹമായതുമായ നടപടികളിലൂടെയാണ് കൈക്കൊള്ളേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

ഹരജിക്കാര്‍ 27 പേരുടെയും കേസുകള്‍ സ്വതന്ത്രമായി പരിഗണിക്കാന്‍ സുപ്രീം കോടതി ട്രിബ്യൂണലുകള്‍ക്ക് നിര്‍ദേശം നല്‍കി. ട്രിബ്യൂണലുകളുടെ പഴയ ഉത്തരവുകളോ ഗുവാഹതി ഹൈക്കോടതിയുടെ ഉത്തരവോ ഇതിനെ ബാധിക്കരുതെന്നും കോടതി വ്യക്തമാക്കി.

അതേസമയം ഇന്ത്യന്‍ പൗരത്വത്തിന് നിയമപരമായ അര്‍ഹതയില്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്നില്ലെന്ന് ഭരണകൂടത്തിന് ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത്തരം പദവികള്‍ പ്രക്രിയയെ ദുരുപയോഗം ചെയ്ത് നേടിയെടുക്കാനാവില്ലെന്നും ബെഞ്ച് പറഞ്ഞു.

ഹരജിക്കാര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് അവകാശപ്പെടുന്നതിന്റെ മെറിറ്റ് പരിശോധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

Content Highlight: ‘Citizenship must be determined through fair process’: SC sets aside Assam foreigner tags for 27 people

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more