ദുബായ്: മരണപ്പെട്ട കുവൈത്ത് പൗരന്റെ അനന്തരാവകാശി ആണെന്ന് കാണിച്ച് കുവൈത്ത് പൗരത്വം നേടിയ പ്രശസ്ത സൗദി കവിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. വ്യാജ രേഖകള്‍ ചമച്ചാണ് ഇയാള്‍ കുവൈത്ത് പൗരന്റെ അനന്തരാവകാശിയാണെന്ന് വരുത്തി തീര്‍ത്തത്.
ഇതിനൊപ്പം പൊതു ഫണ്ടില്‍ നിന്നും 1.79 മില്യണ്‍ ദിനാര്‍ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്. കുവൈത്ത് ക്രിമിനല്‍ കോടതി ഈ കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തട്ടിപ്പുകേസുകളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്.
തന്റെ 34ാം വയസില്‍ 1995ലാണ് പ്രതി സൗദി പൗരത്വം ഉപേക്ഷിച്ചത്. ശേഷം മരണപ്പെട്ട കുവൈത്ത് പൗരന്റെ അനന്തരാവകാശി ആണെന്ന് കാണിക്കുന്ന വ്യാജരേഖകള്‍ ഉണ്ടാക്കുകയായിരുന്നു. തട്ടിപ്പിനായി സ്വന്തം പേരും ജനിച്ച വര്‍ഷവും മാറ്റുകയും ചെയ്തു.
1972ലാണ് താന്‍ ജനിച്ചതെന്ന് കാണിക്കുന്ന വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയായിരുന്നു. തട്ടിപ്പിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി 1972ല്‍ അല്ല ജനിച്ചതെന്നും 1961ല്‍ ആണെന്നും പൊലീസ് കണ്ടെത്തി. ഇയാളുടെ തട്ടിപ്പ് പുറത്ത് വന്നതോടെ ഇയാളുടെ 27 മക്കളുടെ കുവൈത്ത് പൗരത്വം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതി വിധി വന്നു.
1995ലാണ് മരിച്ചുപോയ പൗരന്റെ സിവില്‍ ഫയലില്‍ തന്റെ പേര് ചേര്‍ത്ത് പ്രതി കുവൈത്ത് പൗരത്വം നേടിയത്. തട്ടിപ്പ് പുറത്ത് വന്നതോടെ 2016ല്‍ തന്നെ പ്രതി കുവൈത്ത് വിട്ടിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇയാളുടെ പൗരത്വം കുവൈത്ത് റദ്ദാക്കിയത്.
Content Highlight: Citizenship fraud, Saudi poet sentenced to life in Kuwait; citizenship of 27 children to be revoked