| Tuesday, 11th November 2025, 3:19 pm

രാജ്യത്ത് പൗരന്മാർ മരിച്ചു വീഴുമ്പോൾ പ്രധാനമന്ത്രി വിദേശത്ത് ക്യാമറയ്ക്ക് പോസ് ചെയ്യുന്നു: തൃണമൂൽ കോൺഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: ദൽഹിയിലെ റെഡ്‌ഫോർട്ടിന് സമീപമുണ്ടായ സ്ഫോടനത്തിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും വിമർശിച്ച് തൃണമൂൽ കോൺഗ്രസ്.

സ്വന്തം പൗരന്മാർ രാജ്യത്ത് മരിച്ചു വീഴുമ്പോൾ വിദേശത്ത് ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുകയാണ് മോദിയെന്നും മനസാക്ഷിയുള്ള മനുഷ്യൻ ആയിരുന്നെങ്കിൽ ആഭ്യന്തരമന്ത്രി സ്ഥാനം അമിത്ഷാ ഒഴിഞ്ഞേനെയെന്നും തൃണമൂൽ കോൺഗ്രസ് എക്സിൽ പറഞ്ഞു.

‘സ്വന്തം വീട്ടിൽ പൗരന്മാർ മരിച്ചു വീഴുമ്പോൾ വിദേശ മണ്ണിൽ ക്യാമറകൾക്കുമുന്നിൽ പോസ് ചെയ്യുന്ന തിരക്കിലാണ് രാജ്യത്തെ പ്രധാന സേവകൻ. ഓരോ സ്ഫോടനവും ഓരോ സുരക്ഷാ വീഴ്ചയും നഷ്ട്പ്പെടുന്ന നിരപരാധികളുടെ ജീവനും ദേശീയ സുരക്ഷയുടെ പൂർണമായ തകർച്ചയെ തുറന്നുകാട്ടുന്നു,’ നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ട് ടി.എം.സി പറഞ്ഞു.

പശ്ചാത്താപവും ഉത്തരവാദിത്തവും ഈ ഭരണകൂടത്തിന് അന്യമാണെന്നും ഓരോ സ്ഫോടനവും സുരക്ഷാ വീഴ്ചയും നഷ്ട്പ്പെടുന്ന നിരപരാധികളുടെ ജീവനും ദേശീയ സുരക്ഷയുടെ പൂർണമായ തകർച്ചയെ തുറന്നുകാട്ടുന്നെന്നും ടി.എം.സി പറഞ്ഞു.

‘പുൽവാമ, പഹൽഗാം, ഇപ്പോൾ ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഒരു ബോംബ് സ്ഫോടനം. ഓരോ തവണയും രാജ്യം രക്തം വാർക്കുന്നു. ഓരോ തവണയും ഒന്നും സംഭവിക്കാത്തതുപോലെ ഒരു ഉത്തരവാദിത്തവുമില്ലാതെ നടക്കുന്ന ഒരേ മനുഷ്യൻ @അമിത്ഷാ. ഒരു തരി മനസാക്ഷിയുള്ള ആളായിരുന്നെങ്കിൽ ഇപ്പോ തന്നെ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിഞ്ഞിരിക്കും,’ അമിത്ഷായെ വിമർശിച്ചുകൊണ്ട് ടി.എം.സി പറഞ്ഞു.

അതേസമയം ഭൂട്ടാന്റെ നാലാമത്തെ രാജാവും നിലവിലെ ഭരണാധികാരിയുടെ പിതാവുമായ ജിഗ്മേ സിംഗ്‌യേ വാങ്‌ചുക്കിന്റെ 70-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി പ്രധാന മന്ത്രി ഇന്ന് ഭൂട്ടാനിലെത്തി. ദൽഹി ചെങ്കോട്ട സ്ഫോടനം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രധാനമന്ത്രി ഭൂട്ടാനിലെത്തിയത്.

അതേസമയം, തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ദല്‍ഹിയിലെ കനത്ത സുരക്ഷാ പ്രദേശമായ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 13 പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഹ്യുണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

വൈകുന്നേരം 6.52ന് ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പര്‍ വണ്ണിന് സമീപത്തുവെച്ചായിരുന്നു പൊട്ടിത്തെറി. ചെങ്കോട്ടയില്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയ കാര്‍ പതിയെ നീങ്ങുമ്പോഴായിരുന്നു സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തില്‍ സമീപത്തെ കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചുവെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ സതീശ് ഗോള്‍ച്ച പറഞ്ഞു. രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനത്തില്‍ ദല്‍ഹി പൊലീസ് യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlight: citizens are dying in the country, the Prime Minister is posing for cameras abroad: Trinamool Congress

We use cookies to give you the best possible experience. Learn more