ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിൽ എത്തിയ കളങ്കാവൽ തിയേറ്ററിലും ഒ.ടി.ടിയിലും വലിയ ചർച്ചയായപ്പോൾ, ചിത്രത്തിന്റെ വിഷ്വൽ ട്രീറ്റ്മെന്റിനെക്കുറിച്ച് ഛായാഗ്രാഹകൻ ഫൈസൽ അലി പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
മമ്മൂട്ടി പ്രതിനായകനായും വിനായകൻ നായകനായും എത്തിയ ഈ ചിത്രത്തിൽ ഇരുപത്തിയൊന്നോളം നായികമാർ ഉണ്ടായതും, രണ്ട് താരങ്ങളുടെ തകർപ്പൻ പ്രകടനവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രത്യേകിച്ച് മമ്മൂട്ടിയുടെ പ്രതിനായക വേഷം തന്നെയായിരുന്നു റിലീസിന് ശേഷം ഏറ്റവും കൂടുതൽ ചർച്ചയായ ഘടകം.
മമ്മൂട്ടി, Photo: SonyLIV/ Screengrab
വരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് കളങ്കാവൽ സിനിമയിലെ നിറങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഫൈസൽ അലി സംസാരിച്ചത്. ചിത്രത്തിൽ ഓരോ കഥാപാത്രത്തിനും വ്യക്തമായ കളർ തീം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടി അവതരിപ്പിക്കുന്ന ‘സ്റ്റാൻലി’ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട രംഗങ്ങളിൽ റെഡ് വൈൻ നിറമാണ് മുൻതൂക്കം. മമ്മൂട്ടി എത്തുന്ന ഷോട്ടുകളിൽ ചുവപ്പ് നിറം കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ കാറിന്റെ നിറം പോലും റെഡ് വൈൻ ആണെന്നും ഫൈസൽ അലി പറയുന്നു.
വിനായകൻ, Photo: SonyLIV/ Screengrab
അതേസമയം, വിനായകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പച്ച നിറമാണ് നൽകിയത്. വിനായകന്റെ വാഹനത്തിനും പച്ച നിറമാണ്, കൂടാതെ അദ്ദേഹത്തിന് ആധിപത്യമുള്ള രംഗങ്ങളിൽ പച്ച നിറം ശക്തമായി ഉപയോഗിച്ചിട്ടുണ്ടെന്നും ഫൈസൽ അലി വ്യക്തമാക്കി. സിനിമയുടെ ആദ്യ ഫ്രെയിം മുതൽ തന്നെ ഈ നിറങ്ങളുടെ സാന്നിധ്യം കാണാനാകുമെന്നും, ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ചുവപ്പിന്റെ ആധിപത്യം കുറയുകയും പച്ചയ്ക്ക് കൂടുതൽ മുൻതൂക്കം ലഭിക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് ആക്ഷൻ ചിത്രം ഡ്രൈവിൽ നിറങ്ങൾ ഉപയോഗിച്ച രീതിയാണ് തനിക്ക് വലിയ പ്രചോദനമായതെന്നും, തിരക്കഥ വായിച്ച സമയത്ത് തന്നെ സംവിധായകനുമായി ഇത്തരം വിഷ്വൽ ആശയങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നുവെന്നും ഫൈസൽ അലി പറഞ്ഞു. ലൈറ്റിംഗിലും കളർ പാലറ്റിലും ഡ്രൈവ് സിനിമയുടെ സ്വാധീനം കളങ്കാവലിൽ കുറച്ചെങ്കിലും പിന്തുടർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Cinematographer talks about colour in the movie Kalamkaaval