| Thursday, 12th November 2026, 3:45 pm

‘മൂന്ന് മണിക്കൂർ യാത്ര ചെയ്ത് രാവിലെ ഏഴിന് മുമ്പേ സെറ്റിലെത്തി, അദ്ദേഹത്തിന്റെ കൃത്യനിഷ്ഠത എടുത്ത് പറയേണ്ടതാണ്: സന്തോഷ് തുണ്ടിയിൽ

അജ്മല്‍ കെ

ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഛായാഗ്രാഹകരിൽ ഒരാളാണ് സന്തോഷ് തുണ്ടിയിൽ. കുച്ച് കുച്ച് ഹോതാഹെ, ദേവദൂതൻ, കൃഷ്, റൗഡി റാത്തോർ, പളുങ്ക്, പ്രണയവർണങ്ങൾ, തുടങ്ങി നിരവധി മികച്ച ചലച്ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

1998 ൽ തിയേറ്ററിൽ എത്തിയ പ്രണയവർണങ്ങളാണ് സന്തോഷ് തുണ്ടിയുടെ ആദ്യ സിനിമ. തുടർന്ന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾക് സന്തോഷ് തുണ്ടിയിൽ ഛായാഗ്രാഹകനായി. ഒരേ സമയം ബോളിവുഡിലും മോളിവുഡിലെ തിരക്കുള്ള ഛായാഗ്രാഹകനായി ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്.

അമിതാഭ് ബച്ചൻ. Photo. Facebook.com

ഇപ്പോഴിതാ ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപോലെ അച്ചടക്കവും പ്രൊഫഷണലിസവും പുലർത്തുന്ന നടനാണ് അമിതാഭ് ബച്ചനെന്ന് പറയുകയാണ് ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ. സെറ്റിലെ പെരുമാറ്റത്തിലും കൃത്യനിഷ്ഠയിലും അദ്ദേഹം പുലർത്തുന്ന ശ്രദ്ധ മറ്റുള്ളവർക്ക് മാതൃകയാണെന്നും സന്തോഷ് പറയുന്നു. അമിതാഭ് ബച്ചന്റെ ഈ അച്ചടക്കം വ്യക്തമാക്കുന്ന ഒരു ഷൂട്ടിങ് അനുഭവവും അദ്ദേഹം ക്യാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.

‘അമിതാഭ് ബച്ചൻ ക്യാമറയ്ക്ക് മുന്നിലാണെങ്കിലും പിന്നിലാണെങ്കിലും ഭയങ്കര അച്ചടക്കമുള്ള ഒരാളാണ്. മാത്രമല്ല, വളരെ പ്രൊഫഷണലുമാണ്. ഒരു ഡിസിപ്ലിൻഡ് ആക്ടർ എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണമാണ് അദ്ദേഹം. സെറ്റിൽ വന്നാലുള്ള പെരുമാറ്റം, കൃത്യനിഷ്ഠ അങ്ങനെ എല്ലാം അദ്ദേഹം കൃത്യമായി പാലിക്കും,’ സന്തോഷ് തുണ്ടിയിൽ പറഞ്ഞു.

ഒരിക്കൽ ബോംബെയിൽനിന്ന് മൂന്ന് മണിക്കൂറോളം യാത്ര ചെയ്യേണ്ട ദൂരത്തുള്ള സ്ഥലത്ത് സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. അതിരാവിലെ ഷിഫ്റ്റായിരുന്നതിനാൽ യൂണിറ്റിലെ എല്ലാവരും തലേദിവസം തന്നെ ലൊക്കേഷനിലെത്തി താമസിച്ചു. അമിതാഭ് ബച്ചനും അവിടെ താമസിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം വീട്ടിൽനിന്ന് രാവിലെ എത്തിയാൽ മതിയെന്നായിരുന്നു തീരുമാനിച്ചത്.

‘മൂന്ന് മണിക്കൂറോളം ഡ്രൈവ് ചെയ്തുവേണം അദ്ദേഹത്തിന് ലൊക്കേഷനിലെത്താൻ. രാവിലെ ഏഴ് മണിക്കായിരുന്നു ഷൂട്ട് പറഞ്ഞിരുന്നത്. ഞാനും ഡയറക്ടറുമൊക്കെ ആറരയോടെ അവിടെ എത്തി. അപ്പോൾ എതിർവശത്തുനിന്ന് ഒരു വാൻ വന്നു. അതിൽ അമിതാഭ് ബച്ചനായിരുന്നു. അദ്ദേഹം അത്രയും നേരത്തെ എത്തിയിട്ട് ‘എവിടെയാണ് എന്റെ സീൻ?’ എന്നാണ് ചോദിച്ചത്,’ സന്തോഷ് പറഞ്ഞു.

അമിതാഭ് ബച്ചനെപ്പോലൊരു മുതിർന്ന നടന് ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് എത്തിയാലും ആരും ചോദ്യം ചെയ്യില്ല. സെറ്റ് തയ്യാറാക്കുന്നതിനും മറ്റും കുറച്ച് സമയം എടുക്കുമെന്നതിനാൽ എട്ടരയോ ഒൻപതോ മണിക്ക് എത്തിയാലും മതിയാകുമായിരുന്നു. എന്നാൽ അതൊന്നും പരിഗണിക്കാതെ കൃത്യസമയത്തിന് മുമ്പുതന്നെ അദ്ദേഹം ലൊക്കേഷനിലെത്തിയെന്നും സന്തോഷ് വ്യക്തമാക്കി.

സന്തോഷ് തുണ്ടിയിൽ. Photo. Screen Grab/ Youtube

‘അദ്ദേഹത്തിന്റെ ലെവൽ വെച്ചുനോക്കുകയാണെങ്കിൽ എട്ടരയ്ക്കോ ഒൻപത് മണിക്കോ എത്തിയാലും ആരും ഒന്നും പറയില്ല. ഷൂട്ടിങ് തുടങ്ങാനുള്ള സെറ്റപ്പുകൾക്ക് കുറച്ച് സമയം എടുക്കുമല്ലോ. അതുകൊണ്ട് അതിനുമുമ്പ് എത്തിയാൽ മതിയായിരുന്നു. പക്ഷേ അദ്ദേഹം അങ്ങനെയല്ല. നേരത്തെ തന്നെ എത്തി. അതൊക്കെ അദ്ദേഹത്തിന്റെ അച്ചടക്കത്തിന്റെ ഭാഗമാണ്,’ സന്തോഷ് തുണ്ടിയിൽ പറഞ്ഞു.

Content Highlight: Cinematographer Santhosh Thundiyil states that Amitabh Bachchan is an actor who maintains equal levels of discipline and professionalism, both in front of and behind the camera

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more