| Sunday, 19th July 2026, 11:20 pm

മെസ്സിയുടെ കളി പോലെയാണ് ലാലേട്ടന്റെ അഭിനയം, കാണുമ്പോള്‍ എല്ലാവര്‍ക്കും സിമ്പിളായി തോന്നും: ഛായാഗ്രഹകന്‍ സന്തോഷ് തുണ്ടിയില്‍

അമര്‍നാഥ് എം.

സിബി മലയില്‍ സവിധാനം ചെയ്ത പ്രണയവര്‍ണങ്ങളിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി മാറിയ ആളാണ് സന്തോഷ് തുണ്ടിയില്‍. ബോളിവുഡിലെ വമ്പന്മാരായ ഗോവിന്ദ് നിഹ്ലാനി, ബിനോദ് പ്രധാന്‍, മലയാളിയായ വേണു എന്നിവരുടെ സഹായിയായി സന്തോഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലും ഹിന്ദിയിലുമായി ഗംഭീര സിനിമകള്‍ക്ക് സന്തോഷ് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

ബോളിവുഡ് ക്ലാസിക്കായ കുഛ് കുഛ് ഹോത്താ ഹേ, ക്രിഷ്, റൗഡി റാത്തോര്‍, റുസ്തം തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഛായാഗ്രഹകനാണ് സന്തോഷ് തുണ്ടിയില്‍. മലയാളത്തിലും ഗംഭീര സിനിമകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. കരിയറില്‍ ചെയ്ത സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് തുണ്ടിയില്‍ ഇപ്പോള്‍.

സന്തോഷ് തുണ്ടിയില്‍ Photo: Screen grab/ Cue Studio

പ്രണയവര്‍ണങ്ങള്‍ക്ക് ശേഷം സിബി മലയിലിനൊപ്പം ദേവദൂതനിലും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേവദൂതന് ശേഷം ഹിന്ദിയില്‍ ചില ഇന്‍ഡിപ്പെന്‍ഡന്റ് സിനിമകളിലായിരുന്നു പ്രവര്‍ത്തിച്ചതെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്റെ അഭിനയം തന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അതിനെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സന്തോഷ് തുണ്ടിയില്‍.

‘ലാല്‍ സാര്‍ എപ്പോഴും സെറ്റിലെ എല്ലാവരെയും തന്നിലേക്ക് അട്രാക്ട് ചെയ്യും. അതിനുള്ള എന്തോ ഒരു മാജിക് അദ്ദേഹത്തിനുണ്ട്. ക്രൂവിനെ മൊത്തം കംഫര്‍ട്ടബിളാക്കി ആ ഒരു അറ്റ്‌മോസ്ഫിയര്‍ സിമ്പിളാക്കും. അദ്ദേഹമാണ് ലീഡ് ആക്ടറെങ്കില്‍ സെറ്റിനെ നല്ല കംഫര്‍ട്ടാക്കിയ ശേഷമേ അഭിനയിക്കുള്ളൂ. ഒരുപാട് തമാശയൊക്കെ പറഞ്ഞ് എല്ലാം സെറ്റാക്കും.

ആക്ടിങ് കേപ്പബിലിറ്റിയെപ്പറ്റി പറയുകയാണെങ്കില്‍ ഫുട്‌ബോളുമായി താരതമ്യം ചെയ്യാം. ഞാന്‍ ഫുട്‌ബോള്‍ സ്ഥിരമായി ഫോളോ ചെയ്യുന്നയാളാണ്. മെസ്സിയാണ് എന്റെ ഫേവറെറ്റ്. പുള്ളി കളിക്കുന്ന ഒരു സ്റ്റൈലുണ്ട്. അധികം അറ്റാക്കിങ്ങോ അല്ലെങ്കില്‍ ആക്രോശമോ ഉണ്ടാകില്ല.

എല്ലാവരുമുണ്ടെങ്കിലും സൈലന്റായി നിന്ന് സൈഡിലൂടെ ഗോളടിക്കും. എമ്പാപ്പേയൊക്കെ ഫുള്‍ ഇളകി കളിക്കുമ്പോഴും മെസിയെ അങ്ങനെ കാണാന്‍ പറ്റില്ല. അതുപോലെയാണ് ലാലേട്ടനും. അദ്ദേഹം പെര്‍ഫോം ചെയ്യുമ്പോള്‍ സിമ്പിളാണെന്ന് നമുക്ക് തോന്നും,’ സന്തോഷ് തുണ്ടിയില്‍ പറയുന്നു.

ദേവദൂതന്‍, ആകാശഗോപുരം, നീരാളി എന്നീ സിനിമകളിലാണ് സന്തോഷ് തുണ്ടിയില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളത്. ദേവദൂതന്‍ ക്ലാസിക് സ്റ്റാറ്റസ് സ്വന്തമാക്കിയപ്പോള്‍ ആകാശഗോപുരവും നീരാളിയും വന്‍ പരാജയമായി മാറി. മോഹന്‍ലാലിനെക്കുറിച്ചുള്ള വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.

Content Highlight: Cinematographer Santhosh Thundiyil saying Mohanlal’s acting simple as Messi’s play

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more