| Thursday, 3rd July 2025, 4:22 pm

സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചില്ലാതാക്കിയ കലാസൃഷ്ടികള്‍

ശരണ്യ ശശിധരൻ

സിനിമാലോകത്ത് ഇപ്പോള്‍ ചര്‍ച്ച ജാനകി v|s സ്റ്റേറ്റ് ഓഫ് കേരളയും സെന്‍സര്‍ ബോര്‍ഡുമാണ്. സിനിമയിലെ ജാനകി എന്ന പേര് കാരണം പ്രദര്‍ശനം നിഷേധിച്ച സെന്‍സര്‍ ബോര്‍ഡും അതിനെതിരെ പോരാട്ടം നടത്തുന്ന സിനിമാപ്രവര്‍ത്തകരും. അനുമതി നിഷേധിച്ചതില്‍ നിര്‍മാതാക്കള്‍ സമർപ്പിച്ച ഹരജിയില്‍ കോടതി ഇടപെടുകയും എന്തുകൊണ്ടാണ് ജാനകി എന്ന പേര് മാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് ചോദിച്ചിരുന്നു.


എന്നാല്‍ അതിന് സെന്‍സര്‍ ബോര്‍ഡ് കൊടുത്ത ഉത്തരമാണ് വിചിത്രം, ഒരു പ്രത്യേക മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് അവര്‍ കോടതിയോട് പറഞ്ഞത്. ഇതോടെ സിനിമാച്ചട്ടങ്ങളിലെ ഏത് വ്യവസ്ഥയാണ് വിലക്കിന് കാരണമാകുന്നതെന്ന് വ്യക്തമാക്കണമെന്നും സിനിമയുടെ പേര് ഏതെങ്കിലും രീതിയില്‍ പ്രശ്‌നമുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സിനിമ കാണാമെന്ന് അറിയിക്കുകയും ചെയ്തു.  സിനിമയെ സെന്‍സര്‍ ബോര്‍ഡ് നിയന്ത്രിക്കുന്നത് ഇത് ആദ്യമായല്ല. ഇതിന് മുമ്പും പല ഭാഷകളിലായി പല സിനിമകളില്‍ അവര്‍ കത്തിവെച്ചിട്ടുണ്ട്. വെട്ടിക്കീറിയിട്ടുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് സര്‍ക്കാറിനെ വിമര്‍ശിക്കുന്ന, പേരിന് പോലും സെന്‍സറിങ്ങുകള്‍ ആവശ്യമുണ്ടോ എന്നതാണ് ചോദ്യം.

എന്താണ് സെന്‍സര്‍ ബോര്‍ഡ്

ഇന്ത്യയില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ സിനിമകള്‍ക്കും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ വാങ്ങിക്കണം.   ലോകത്തില്‍ തന്നെ ആദ്യമായി സിനിമയില്‍ നിയമം കൊണ്ടുവന്നത് 1909ല്‍ ബ്രിട്ടീഷ് സർക്കാരാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകത്ത് സിനിമ ജനപ്രിയമായപ്പോള്‍ പ്രദര്‍ശന സമയത്ത് ഉണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരമൊരു നിമയം കൊണ്ടുവരാനുള്ള കാരണം.

1912ല്‍ ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം സെന്‍സര്‍ രൂപം കൊണ്ടു. ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്നു ഇന്ത്യ. 1913ല്‍ ആദ്യ ഇന്ത്യന്‍ ചിത്രമായ രാജാ ഹരിശ്ചന്ദ്ര പ്രദര്‍ശിപ്പിച്ചു. ഇതിന് പിന്നാലെ ഇന്ത്യയില്‍ സിനിമാപ്രദര്‍ശനം വര്‍ധിക്കുകയാണെന്നും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും പ്രശ്‌നങ്ങളൊഴിവാക്കണമെന്നും ഇതില്‍ നിയമനിര്‍മാണം ആവശ്യമാണെന്നും കാണിച്ച് 1917ല്‍ ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബില്‍ അവതരിപ്പിക്കുകയുണ്ടായി. 1918 ല്‍ ഇന്ത്യന്‍ സിനിമാറ്റോഗ്രാഫ് ആക്ട് നിലവില്‍ വരികയും സിനിമക്ക് സെന്‍സര്‍ഷിപ്പിന് തുടക്കമിടുകയും ചെയ്തു.

1920കളില്‍ മുംബൈ, മദ്രാസ്, കൊല്‍ക്കത്ത, റങ്കൂണ്‍ എന്നിവിടങ്ങളിലാണ് ഓഫീസുകള്‍ തുടങ്ങിയത്. അന്ന് അതത് പ്രദേശത്തെ ഓഫീസുകളില്‍ നിന്ന് അനുമതി വാങ്ങിച്ചിട്ട് മാത്രമേ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളു.  ബ്രിട്ടീഷ് രാജാവിനെതിരെയും സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങള്‍ പാടില്ല, അനാവശ്യ ശരീരപ്രദര്‍ശനം പാടില്ല  എന്നിവയായിരുന്നു നിയമത്തിലെ പ്രധാന നിബന്ധനകള്‍. സ്വാതന്ത്ര്യ സമരത്തിന് പിന്തുണ നല്‍കുന്ന സിനിമകള്‍ തടയണമെന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ആദ്യമായി ഒരു സിനിമ നിരോധിക്കപ്പെട്ടു. അതാണ് ഭക്തവിദൂര്‍ എന്ന ചിത്രം.

1927- 28 കാലഘട്ടത്തില്‍ സിനിമാ സെന്‍സറിങ്ങിനെക്കുറിച്ചും സിനിമ പ്രദര്‍ശനത്തിനെക്കുറിച്ചും പഠിക്കുന്നതിനായി ഇന്ത്യന്‍ സിനിമാറ്റോഗ്രാഫ് കമ്മിറ്റിക്ക് രൂപം നല്‍കുകയും വര്‍ഷം കഴിയുന്തോറം ഇന്ത്യയില്‍ പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. 1943ല്‍ 1774 സിനിമകള്‍ സെന്‍സറിങ്ങിന് എത്തിയപ്പോള്‍ 25 ചിത്രങ്ങളിലെ രംഗങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചു. 1948ല്‍ 3099 സിനിമകള്‍ എത്തിയപ്പോള്‍ 464 എണ്ണം ആ വര്‍ഷം ഒഴിവാക്കി.

സര്‍ട്ടിഫിക്കറ്റുകള്‍ നാല് വിധം

യു, യുഎ, എ, എസ് എന്നിങ്ങനെ നാല് തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കുക. സിനിമയുടെ ഉള്ളടക്കത്തിന് യോജിച്ച വിധത്തിലുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കി ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കും.

യു സര്‍ട്ടിഫിക്കറ്റ്

പ്രായഭേദമന്യേ ആര്‍ക്കും കാണാന്‍ സാധിക്കുന്ന സിനിമക്ക് നല്‍കുന്നത്.

യുഎ സര്‍ട്ടിഫിക്കറ്റ്

രക്ഷിതാവിന്റെ മേല്‍നോട്ടത്തില്‍ മാത്രം കുട്ടികള്‍ക്ക് സിനിമ കാണാം. 2021ലെ ഭേദഗതി പ്രകാരം ഇതിനെയും മൂന്ന് വിഭാഗമാക്കി തിരിച്ചിട്ടുണ്ട്. യുഎ 7+, യുഎ 1 3+, യുഎ 17+ എന്നിങ്ങനെയാണത്.

എ സര്‍ട്ടിഫിക്കറ്റ്

പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രം കാണാന്‍ സാധിക്കുന്ന സിനിമക്ക് ലഭിക്കുന്നത്. സെഷ്വൽ, വയലസ് എന്നിവ കൂടുതലായിട്ടുള്ള സിനിമകൾക്ക് നൽകുന്നത്.

എസ് സര്‍ട്ടിഫിക്കറ്റ്

ഏതെങ്കിലും പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രം കാണാന്‍ സാധിക്കുന്ന സിനിമക്ക് നല്‍കുന്നത്. ഉദാഹരണത്തിന് ഡോക്ടർമാക്ക് മാത്രം കാണാൻ സാധിക്കുന്നത് എന്നിങ്ങനെ…

പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് മുന്നിലെത്തിയ സിനിമക്ക് അനുമതി നല്‍കാതിരുന്നത് പല ഘട്ടത്തിലായി വിവാദത്തിലായിട്ടുണ്ട്. അതില്‍ ചില സിനിമകൾ.

ഒരു ഭാരത സര്‍ക്കാര്‍ ഉത്പ്പന്നം

സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെടുകയും ഭാരതം എന്നുമാറ്റി സര്‍ക്കാര്‍ ഉത്പന്നം എന്നാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്. നിര്‍ദേശപ്രകാരം പേര് മാറ്റി സര്‍ക്കാര്‍ ഉത്പ്പന്നം എന്നാക്കി മാറ്റിയിരുന്നു.

ഇന്‍ഷാ അള്ളാ

കാശ്മീരിലെ പട്ടാള ഇടപെടലിനെക്കുറിച്ച് സംസാരിച്ചതിനാല്‍ ചിത്രത്തിന് അനുമതി ലഭിച്ചിട്ടില്ല. തുടര്‍ന്ന് ഓണ്‍ലൈനായി റിലീസ് ചെയ്തു.

ഇന്ത്യാസ് ഡോട്ടര്‍

നിര്‍ഭയ സംഭവത്തെ അടിസ്ഥാനമാക്കി ബി.ബി.സി നിര്‍മിച്ച ഡോക്യുമെന്ററി. പ്രതികളിലൊരാളുടെ അഭിമുഖം ഉള്‍പ്പെടുത്തിയതുകൊണ്ട് ഇന്ത്യയില്‍ നിരോധിച്ചു.

ഉഡ്താ പഞ്ചാബ്

ലഹരിയിയും അതിക്രമണവും കൂടുതലായിട്ടുണ്ട് എന്ന കാരണത്താല്‍ ചിത്രത്തിലെ 94 ഭാഗങ്ങളാണ് മാറ്റാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇതിനെതിരെ കോടതിയെ സമീപിക്കുകയും ഒരു ഭാഗം മാത്രം നീക്കി എ സര്‍ട്ടിഫിക്കറ്റോട് കൂടി പ്രദര്‍ശനത്തിനെത്തി.

ബാന്‍ഡിറ്റ് ക്വീന്‍

നിരവധി അന്തര്‍ദേശീയ മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ആദ്യം നൂറിനടുത്ത് മാറ്റങ്ങള്‍ വരുത്താന്‍ പറയുകയും ഇതിനെതിരെ സര്‍ട്ടിഫിക്കറ്റ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങി.

പാഞ്ച്

അനുരാഗ് കശ്യപ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചില്ല. ലഹരി ഉപയോഗം, കൊലപാതകം എന്നിവയെ മഹത്വവത്കരിക്കുന്നു എന്നുകാണിച്ചാണ് അനുമതി നിഷേധിച്ചത്.

ഫിറാക്ക്

നന്ദിതാദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പശ്ചാത്തലം ഗുജറാത്ത് കലാപമാണ്. ചിത്രം ഗുജറാത്തില്‍ നിരോധിക്കപ്പെട്ടു.

പര്‍സാനിയ

നസറുദ്ദീന്‍ ഷാ, സരിക എന്നിവര്‍ കേന്ദ്രകഥാപാ ത്രങ്ങളായെത്തിയ സിനിമ ഗുജറാത്ത് കലാപത്തിനിടെ കാണാതാവുന്ന ഒരു പാഴ്സി ബാലികയുടെ കഥയാണ് പറഞ്ഞത്. ചിത്രം ഗുജറാത്തില്‍ നിരോധിക്കപ്പെട്ടു.

ഫയര്‍

ലെസ്ബിയന്‍ ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കി ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും ശിവസേന ചിത്രത്തിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ചിത്രം പുനപരിശോധിച്ച് വെട്ടി മാറ്റലുകളൊന്നുംകൂടാതെ പ്രദര്‍ശനാനുമതി ലഭിക്കുകയും ചെയ്തു.  സ്വവർഗാനുരാഗ ബന്ധങ്ങൾ വ്യക്തമായി കാണിക്കുന്ന ആദ്യത്തെ  ചിത്രങ്ങളിലൊന്നായിരുന്നു ഇത്.

ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ

ലൈംഗിക ദൃശ്യങ്ങള്‍ അധികമാണെന്ന് കാട്ടിയിട്ടാണ് ചിത്രത്തിന് അനുമതി നിഷേധിച്ചത്. പിന്നീട് 16 കട്ടുകള്‍ നടത്തിയ ചിത്രം എ സര്‍ട്ടിഫിക്കറ്റില്‍ പ്രദര്‍ശിപ്പിച്ചു.

ചായം പൂശിയ വീട്

സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒന്നിലേറെ നഗ്‌നരംഗങ്ങള്‍ ഉണ്ടായ കാരണത്താല്‍ അനുമതി നല്‍കിയില്ല. ഈ രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന നിര്‍ദേശം സിനിമയുടെ സംവിധായകര്‍ സ്വീകരിക്കാതിരിക്കുകയും ഇന്ത്യയില്‍ നിരോധിക്കുകയായിരുന്നു.

സന്തോഷ്

സന്ധ്യ സുരി സംവിധാനം ചെയ്ത് ചിത്രം നിരവധി അന്തര്‍ദേശീയമേളകളില്‍ പ്രശംസനേടിയെടുത്തു. എന്നാല്‍ പെലീസ് സേനക്കുള്ളിലെ ജാതീയത, ഇസ്ലാമോഫോബിയ എന്നീ കാരണത്താല്‍ അനുമതി നിഷേധിച്ചു.

പഞ്ചാബ് 95

സിനിമ പൂർത്തിയായി  രണ്ട് വർഷത്തിലേറെയായിട്ടും റിലീസ് ചെയ്യാൻ സാധിക്കാത്ത ചിത്രമാണ് പഞ്ചാബ് 95. പഞ്ചാബിലെ തീവ്രവാദ കാലഘട്ടത്തിൽ നടന്ന കൂട്ട തിരോധാനങ്ങളും നിയമവിരുദ്ധ കൊലപാതകങ്ങളും തുറന്നുകാട്ടിയ  മനുഷ്യാവകാശ പ്രവർത്തകൻ്റെ കഥയാണ് ചിത്രം പറയുന്നത്. 127 കട്ടുകളാണ് സിനിമക്ക് പറഞ്ഞത്.


ഇത് വളരെ കുറച്ച് മാത്രമാണ്. അനുമതി നിഷേധിച്ച ഒരുപാട് സിനിമകള്‍ ഇനിയും ഉണ്ട്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് പലപ്പോഴും പ്രതിഷേധങ്ങള്‍ ഉയരാറുണ്ട്. സംഘപരിവാറാണ് അതില്‍ മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടി.  ബോംബെ, ഏ ദില്‍ ഹേ മുഷ്‌കില്‍, പത്മാവത് തുടങ്ങി മലയാളത്തിലെ എമ്പുരാന്‍ വരെ അതില്‍ പെടുന്നു.

Content Highlight: Cinema’s that were rejected by the censor board

ശരണ്യ ശശിധരൻ

ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം

We use cookies to give you the best possible experience. Learn more