ഒരുപിടി ഗംഭീര സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച് മോളിവുഡ് പ്രതീക്ഷകള്‍ നല്‍കുകയാണ്. ഗംഭീര കണ്ടന്റുള്ള സിനിമകള്‍ ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയാകുമ്പോള്‍ ചെറിയ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് ചരിത്രമെഴുതുന്നതും ഈ വര്‍ഷം പലപ്പോഴായി കാണാന്‍ സാധിച്ചു.
ഓണം റിലീസില്‍ ബിഗ് ബജറ്റ് സിനിമകളെ പിന്തള്ളി ബെത്‌ലഹേം കുടുംബ യൂണിറ്റ് ചരിത്രവിജയത്തിലേക്ക് കുതിക്കുന്നത് ഇതിന് ഉദാഹരണമാണ്. കളക്ഷനിലും കണ്ടന്റിലുമെല്ലാം മലയാളസിനിമ ഒരുപാട് ദൂരം മുന്നോട്ട് പോകുമ്പോള്‍ ചില കാര്യങ്ങള്‍ പ്രേക്ഷകരെ നിരാശരാക്കുന്നുണ്ട്. കൃത്യമായ പോയിന്റില്‍ കഥ നിര്‍ത്താതെ രണ്ടാം ഭാഗത്തിലേക്ക് വലിച്ചുനീട്ടുന്നതും അനാവശ്യ കാമിയോയുമാണ് നിരാശയുണ്ടാക്കുന്ന കാര്യങ്ങള്‍.
അത്തരത്തില്‍ ഈ വര്‍ഷം പ്രേക്ഷകരിലേക്കെത്തിയ പല സിനിമകളിലും പ്രേക്ഷകരെ നിരാശരാക്കിയ കാമിയോകളും പ്രതീക്ഷിക്കാതെ രോമാഞ്ചം സമ്മാനിച്ച കാമിയോകളുമാണ് സിനിമാപേജുകളിലെ ചര്‍ച്ച. മോളിവുഡിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവരുടെ കാമിയോകളാണ് ഇംപാക്ടില്ലാതെ പോയത്.
ഇവരെക്കാള്‍ ഇംപാക്ട് നല്‍കിയതും തിയേറ്ററില്‍ കണ്ടപ്പോള്‍ രോമാഞ്ചം സമ്മാനിച്ചതുമായ കാമിയോ ജോമോന്‍ ജ്യോതിറിന്റേതാണെന്ന് പലരും അഭിപ്രായപ്പെടുന്നു. നിലവിലെ ഇന്‍ഡസ്ട്രി ഹിറ്റായ വാഴ 2ന്റെ ടെയ്ല്‍ എന്‍ഡില്‍ പ്രത്യക്ഷപ്പെട്ട ജോമോന്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. ഒരു മാസ് ഹീറോയെ പ്രസന്റ് ചെയ്യുന്നതുപോലെയാണ് സംവിധായകന്‍ ജോമോനെ കാണിച്ചത്. മറ്റ് കാമിയോകളില്‍ ഇല്ലാതെ പോയ ഇംപാക്ട് ഈയൊരു സീനില്‍ ലഭിച്ചെന്ന് പറയാം.
ഇതോടൊപ്പം ഈ വര്‍ഷം നിരാശപ്പെടുത്തിയ കാമിയോകളും ചര്‍ച്ചയാകുന്നുണ്ട്. ചത്താ പച്ചയില്‍ ബുള്ളറ്റ് വാള്‍ട്ടറായി വേഷമിട്ട മമ്മൂട്ടിയും പേട്രിയറ്റില്‍ എക്സ്റ്റന്‍ഡഡ് കാമിയോയായി എത്തിയ മോഹന്‍ലാലും ഒരു ഇംപാക്ടുമുണ്ടാക്കിയില്ല. പേട്രിയറ്റിന് ശേഷം ഖലീഫയിലും തുടക്കത്തിലും മോഹന്‍ലാല്‍ അതിഥിവേഷം കൈകാര്യം ചെയ്തിരുന്നു. സിനിമക്ക് ഹൈപ്പുണ്ടാക്കാന്‍ വേണ്ടി മാത്രമായിരുന്നു ഈ കാമിയോകള്‍.
കുറച്ചെങ്കിലും മെച്ചമെന്ന് തോന്നിയത് പള്ളിച്ചട്ടമ്പിയിലെ പൃഥ്വിരാജിനെയായിരുന്നു. എന്നാല്‍ ടെററായിട്ടുള്ള ഫസ്റ്റ് ലുക്കിനെപ്പോലും ഇല്ലാതാക്കിയ തരത്തില്‍ താടിയും വിഗ്ഗും വെച്ച് പ്രത്യക്ഷപ്പെട്ട സെക്കന്‍ഡ് ലുക്ക് കോമഡിയായി അനുഭവപ്പെട്ടു.
ഡയലോഗുകളൊന്നുമില്ലാതെ ഖലീഫയില്‍ വന്‍ കൈയടി നേടിയ ടൊവിനോയുടെ ഗസ്റ്റ് റോളും മികച്ചതായിരുന്നു. ഇന്ന് പ്രദര്‍ശനത്തിനെത്തിയ ഐ ആം ഗെയിമിലും ഒരു കാര്യവുമില്ലാത്ത ഗസ്റ്റ് റോളുണ്ടായിരുന്നു. കഥയുമായി ചേര്‍ന്ന് നില്‍ക്കാത്ത ഇത്തരം അതിഥിവേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് മടുത്തു തുടങ്ങിയിരിക്കുകയാണ്.
Content Highlight: Cinema pages saying Jomon Jyothir’s cameo in Vaazha 2 is best of this year