2025ലെ കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡിനെക്കുറിച്ചാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. കഴിഞ്ഞവര്‍ഷത്തെ മികച്ച സിനിമകളും അതിലെ പ്രകടനങ്ങളും കണക്കിലെടുത്ത് ആര്‍ക്കെല്ലാം അവാര്‍ഡ് ലഭിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. എല്ലാ തവണത്തെയും പോലെ മികച്ച നടനുള്ള അവാര്‍ഡിനെക്കുറിച്ചാണ് പലരും ചര്‍ച്ച ചെയ്യുന്നത്. ഏറെക്കാലത്തിന് ശേഷം മികച്ച നടനുള്ള അവാര്‍ഡിന്റെ സാധ്യതാ ലിസ്റ്റില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഇടംപിടിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം മമ്മൂട്ടിയുടെ പേര് മുന്‍നിരയിലുണ്ടായിരുന്നെങ്കിലും മോഹന്‍ലാലിന്റെ പേര് ഉണ്ടായിരുന്നില്ല. 2025ല്‍ മോഹന്‍ലാലിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച തുടരും ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത ക്രൂരത നിറഞ്ഞ വില്ലനായി മമ്മൂട്ടി പ്രത്യക്ഷപ്പെട്ട കളങ്കാവലും അവാര്‍ഡ് ലിസ്റ്റില്‍ പലരുടെയും ഫേവറെറ്റാണ്.
എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും ലിസ്റ്റിലുണ്ടെങ്കിലും മികച്ച നടനുള്ള സാധ്യത കൂടുതല്‍ മറ്റ് രണ്ട് പേര്‍ക്കാണെന്ന് പലരും അഭിപ്രായപ്പെടുന്നു. സംവിധാനരംഗത്ത് നിന്ന് ഇടവേളയെടുത്ത് പൂര്‍ണമായും അഭിനയത്തില്‍ ശ്രദ്ധ നല്‍കുന്ന ബേസിലിന്റെ പേരാണ് ലിസ്റ്റില്‍ ഒന്നാമത്. പൊന്മാനിലെ അജേഷായി കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു ബേസില്‍ കാഴ്ചവെച്ചത്.
അജേഷിന് എതിരാളിയായി ആരെങ്കിലുമുണ്ടെങ്കില്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ ഹരിശങ്കറാണെന്നും കമന്റുകളുണ്ട്. ഒരുകാലത്ത് ചോക്ലേറ്റ് ഹീറോയായി തിളങ്ങിനിന്ന കുഞ്ചാക്കോ ബോബന്‍ ആദ്യാവസാനം റഫ് ആന്‍ഡ് ടഫ് പൊലീസുദ്യോഗസ്ഥനായി ഗംഭീര പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കുഞ്ചാക്കോ ബോബനില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത പ്രകടനമായിരുന്നു ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍.
ഇരുവരും തമ്മില്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും വിദൂര സാധ്യതയായിരിക്കുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. ബേസിലിനും കുഞ്ചാക്കോ ബോബനും പുറമെ ദിലീഷ് പോത്തന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. റോന്തിലെ യോഹന്നനായി കൈയടക്കമുള്ള പ്രകടനമായിരുന്നു ദിലീഷ് പോത്തന്‍ കാഴ്ചവെച്ചത്.
ഡീയസ് ഈറേയിലെ പ്രണവ് മോഹന്‍ലാലിന്റെ പ്രകടനവും പലരും എടുത്തുപറയുന്നുണ്ട്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രണവ് എന്ന നടന്റെ ഗംഭീര പ്രകടനമായിരുന്നു കാണാന്‍ സാധിച്ചത്. മോഹന്‍ലാലും പ്രണവും ഒന്നിച്ച് അവാര്‍ഡിന്റെ സാധ്യത പട്ടികയില്‍ ഇടംപിടിച്ചതാണ് പലരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരം അവാര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content highlight: Cinema pages on the predictions of Kerala State Film Awards 2025 viral