| Monday, 19th October 2026, 7:10 pm

കള്ളന്‍... അടിച്ച് മാറ്റിയല്ലേ; ജയിലര്‍ 2 ക്ലൈമാക്‌സിലെ ജെറ്റ് തകര്‍ക്കല്‍ കോപ്പിയടിയെന്ന് കണ്ടുപിടിച്ച് ട്രോളന്മാര്‍

അമര്‍നാഥ് എം.

സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ ഒരിക്കല്‍ കൂടി തന്റെ കൈയില്‍ കിട്ടിയപ്പോള്‍ ആരാധകര്‍ ആഗ്രഹിച്ചതിന്റെ ഒരുപടി മേലെ നില്‍ക്കുന്ന ട്രീറ്റാണ് നെല്‍സണ്‍ ജയിലര്‍ 2ല്‍ ഒരുക്കിവെച്ചത്. അധികം ആക്ഷനൊന്നും ചെയ്യാതെ വെറും സ്വാഗും നോട്ടവും കൊണ്ട് തലൈവര്‍ അഴിഞ്ഞാടിയെന്നാണ് ഓരോ ആരാധകനും അഭിപ്രായപ്പെടുന്നത്.

ബോക്‌സ് ഓഫീസിലും ഗംഭീര കളക്ഷനാണ് ചിത്രം നേടുന്നത്. റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ തന്നെ 400 കോടിക്കടുത്ത് ജയിലര്‍ 2 നേടിക്കഴിഞ്ഞു. എന്നാല്‍ ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സീന്‍ കോപ്പിയടിയാണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ചില ട്രോള്‍ പേജുകള്‍. ക്ലൈമാക്‌സില്‍ ഏറെ ആവേശം നല്‍കിയ എയര്‍പോര്‍ട്ട് സീനാണ് കോപ്പിയടിച്ചെന്ന് കണ്ടുപിടിച്ചത്.

വില്ലനായ എസ്.ജെ. സൂര്യ തന്റെ പ്രൈവറ്റ് ജെറ്റില്‍ രക്ഷപ്പെട്ട് പോകുന്നതിനിടെ റണ്‍വേയില്‍ വെച്ച് കാറിലൂടെ ചെയ്‌സ് ചെയ്ത് ജെറ്റിന്റെ ടയര്‍ തകര്‍ക്കുകയാണ്. മലയാളികളുടെ സ്വന്തം മോഹന്‍ലാലാണ് ഈ സീന്‍ ചെയ്തത്. എന്നാല്‍ ഈ സീന്‍ ഹോളിവുഡ് ചിത്രം ടേക്കണില്‍ നിന്ന് കോപ്പിയടിച്ചെന്ന് ട്രോളന്മാര്‍ കണ്ടുപിടിച്ചിരിക്കുകയാണ്.

2015ല്‍ പുറത്തിറങ്ങിയ ടേക്കണ്‍ എന്ന ചിത്രത്തില്‍ നായകനായ ലിയാം നീസണ്‍ ഇത്തരത്തില്‍ എയര്‍പോര്‍ട്ട് റണ്‍വേയിലേക്ക് കാറോടിച്ച് കയറ്റുന്നുണ്ട്. വില്ലന്‍ രക്ഷപ്പെട്ട് പോകുന്ന പ്രൈവറ്റ് ജെറ്റിനെ ചെയ്‌സ് ചെയ്ത് അതിന്റെ ടയര്‍ ഇടിച്ച് തെറിപ്പിക്കുന്ന സീന്‍ ഇതിനോടകം ആളുകള്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്.

ചിത്രത്തിന്റെ യൂട്യൂബ് വീഡിയോയുടെ കമന്റ് ബോക്‌സില്‍ പലരും ജയിലര്‍ 2നെ മെന്‍ഷന്‍ ചെയ്യുകയാണ്. നെല്‍സണ്‍ ഈ സീന്‍ നൈസായി കോപ്പിയടിച്ചെന്നാണ് മിക്ക കമന്റുകളും. ഫേസ്ബുക്ക്, എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഈ വീഡിയോ വൈറലായി. എന്നാല്‍ ജയിലര്‍ 2ന് മുമ്പ് ടേക്കണിലെ ഈ സീന്‍ മറ്റൊരു സിനിമയിലും കോപ്പിയടിച്ചിട്ടുണ്ട്.

ജോണ്‍ എബ്രഹാം നായകനായി 2022ല്‍ പുറത്തിറങ്ങിയ അറ്റാക്ക് എന്ന ചിത്രത്തില്‍ ഇതുപോലൊരു സീനുണ്ടെന്നും ചിലര്‍ കണ്ടുപിടിച്ചു. ടേക്കണിലും ജയിലര്‍ 2ലും കാര്‍ ഉപയോഗിച്ചാണ് ജെറ്റ് തകര്‍ത്തതെങ്കില്‍ അറ്റാക്കില്‍ ബൈക്ക് ഉപയോഗിച്ചാണ് ജെറ്റ് തകര്‍ക്കുന്നത്. ഇത്രയും വലിയ സിനിമയില്‍ പ്രധാനപ്പെട്ട ഒരു സീന്‍ കോപ്പിയടിക്കാന്‍ നെല്‍സണ് എങ്ങനെ തോന്നിയെന്നാണ് പലരും ചോദിക്കുന്നത്.

ചെയ്യുന്ന സിനിമകളെല്ലാം ഹോളിവുഡിലെ വെവ്വേറെ സിനിമകളില്‍ നിന്ന് കോപ്പിയടിക്കുന്നതില്‍ ഒരുപാട് വിമര്‍ശനം കേള്‍ക്കുന്ന അറ്റ്‌ലീയുമായി പലരും നെല്‍സണെ താരതമ്യം ചെയ്യുന്നുണ്ട്. ഇന്‍സ്പിറേഷനാണെന്ന് പറഞ്ഞാല്‍ ട്രോളില്‍ നിന്ന് രക്ഷപ്പെടാനാകുമെന്നും കമന്റുകളുണ്ട്.

Content Highlight: Cinema Pages finds out that climax scene in Jailer 2 copied from Taken

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more