| Saturday, 18th July 2026, 8:59 pm

അന്ന് 60 കോടിക്കടുത്ത് കിട്ടിയതാ, ഇത്തവണ 100 കോടിയാകുമോ? ലീക്കായ ജന നായകന്‍ പ്രീ സെയിലില്‍ എത്ര നേടുമെന്ന് ഉറ്റുനോക്കി സിനിമാലോകം

അമര്‍നാഥ് എം.

തമിഴകത്തിന്റെ മുഖ്യമന്ത്രി വിജയ്‌യുടെ അവസാന ചിത്രം ജന നായകനെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സമീപകാലത്ത് മറ്റൊരു സൂപ്പര്‍താര സിനിമയും നേരിടാത്ത തരത്തിലുള്ള പ്രതിസന്ധികളായിരുന്നു ചിത്രം നേരിട്ടത്. ജനുവരിയില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കാരണം വൈകുകയായിരുന്നു.

‘A’ സര്‍ട്ടിഫിക്കറ്റാണ് ജന നായകന് ലഭിച്ചിരിക്കുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വിജയ് ചിത്രത്തിന് ‘A’ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. ജൂലൈ 23ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ഇന്ന് ആരംഭിച്ചു. വളരെ പതിയെയാണ് പല സെന്ററുകളിലും ബുക്കിങ് നടക്കുന്നത്. എന്നിരുന്നാലും പ്രധാന ഏരിയകളില്‍ ഗംഭീര വരവേല്പ് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

കേരളത്തിലും പലയിടങ്ങളില്‍ ജന നായകന്റെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ഓവര്‍സീസില്‍ നേരത്തെ ആരംഭിച്ചതിനാല്‍ ഇതിനോടകം 8.6 കോടിയുടെ പ്രീ സെയില്‍ ജന നായകന്‍ സ്വന്തമാക്കി. എന്നാല്‍ മുമ്പ് റിലീസിനോടടുത്തപ്പോള്‍ 60 കോടിക്കടുത്ത് ചിത്രം നേടിയിട്ടുണ്ടായിരുന്നു. 100 കോടി ഓപ്പണിങ് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലായിരുന്നു അന്ന് അവസാനനിമിഷം റിലീസ് മാറ്റിവെക്കേണ്ടി വന്നത്.

പ്രീ സെയിലായി ലഭിച്ച തുക തിരിച്ചുകൊടുക്കേണ്ടി വന്നത് വിതരണക്കാര്‍ക്ക് വലിയ നഷ്ടം വരുത്തിവെച്ചു. റിലീസ് വൈകിയതോടെ ചിത്രത്തിന്റെ റൈറ്റ്‌സ് തുകയിലും വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ ലീക്കായത് ജന നായകന് ലഭിച്ച പ്രഹരം ഇരട്ടിയാക്കുകയും ചെയ്തു. ഇപ്പോഴത്തെ പ്രീ സെയില്‍ 100 കോടി നേടുമോ ഇല്ലയോ എന്നാണ് സിനിമാപേജുകളിലെ ചര്‍ച്ച.

ചിത്രത്തിന്റെ കളക്ഷന്റെ കാര്യത്തെക്കുറിച്ചും ചര്‍ച്ചകളുണ്ട്. ഓവര്‍സീസില്‍ ജന നായകന്‍ ലാഭമാകാന്‍ ഒരു സാധ്യതയില്ലെന്നാണ് കണക്കുകൂട്ടല്‍. ഹോളിവുഡ് ചിത്രം ഒഡീസിക്കും മാര്‍വലിന്റെ സ്‌പൈഡര്‍മാനും ഇടയില്‍ റിലീസ് ചെയ്യുന്നത് സ്‌ക്രീനുകളുടെ എണ്ണത്തില്‍ വലിയ തിരിച്ചടി സമ്മാനിക്കുമെന്നും സിനിമാപേജുകള്‍ അഭിപ്രായം പങ്കുവെച്ചു.

400 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ ചിത്രമാണ് ജന നായകന്‍. തെലുങ്ക് ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്കിനൊപ്പം ടി.വി.കെയെ ബൂസ്റ്റ് ചെയ്യുന്ന രംഗങ്ങളും ചിത്രത്തില്‍ ധാരാളമുണ്ട്. മമിത ബൈജു, പൂജ ഹെഗ്‌ഡേ, ബോബി ഡിയോള്‍, പ്രിയാമണി, നരേന്‍, പ്രകാശ് രാജ്, ഗൗതം മേനോന്‍ തുടങ്ങി വന്‍ താരനിര ജന നായകനിലുണ്ട്.

Content Highlight: Cinema pages discussing about the pre sales of Jana Nayagan

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more