സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സീസണായിരുന്നു ഈ വര്‍ഷത്തെ ഓണം. മോളിവുഡിലെ മൂന്ന് വലിയ താരങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്ന ഓണമെന്ന നിലയില്‍ സിനിമാപേജുകള്‍ വലിയ ഹൈപ്പായിരുന്നു നല്‍കിയത്. ദുല്‍ഖര്‍, നിവിന്‍, പൃഥ്വി എന്നിവര്‍ തമ്മിലുള്ള ക്ലാഷില്‍ ആര് വിജയിക്കുമെന്നായിരുന്നു ചര്‍ച്ചകള്‍.
എന്നാല്‍ അവസാനനിമിഷം ദുല്‍ഖര്‍ ഓണം റേസില്‍ നിന്ന് പിന്മാറുകയായിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷമുള്ള ദുല്‍ഖറിന്റെ ഹോംകമിങ് കുറച്ച് വൈകുമെന്നറിയിച്ചുകൊണ്ടായിരുന്നു ഐ ആം ഗെയിമിന്റെ പിന്മാറ്റം. ഇതോടെ പൃഥ്വിയും നിവിനും തമ്മിലായി പ്രധാന മത്സരം. ഖലീഫ പോലൊരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രത്തെക്കാള്‍ ബോക്‌സ് ഓഫീസില്‍ മുന്നേറുന്നത് നിവിന്റെ ഫീല്‍ഗുഡ് ചിത്രമായ ബെത്‌ലഹേം കുടുംബയൂണിറ്റാണ്.
പൃഥ്വിരാജ് നായകനായി, മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തിയ ഖലീഫ രണ്ട് ദിവസം കൊണ്ട് 22 കോടിയോളം നേടിയപ്പോള്‍ ബെത്‌ലഹേം കുടുംബയൂണിറ്റ് ആദ്യദിനം 15 കോടിയോളം സ്വന്തമാക്കി. വരുംദിവസങ്ങളില്‍ ബെത്‌ലഹേം ഇനിയും മുന്നേറുമെന്നും അടുത്ത ഇന്‍ഡസ്ട്രി ഹിറ്റാകാന്‍ സാധ്യതയുണ്ടെന്നും പലരും പ്രവചിക്കുന്നു. ഇത്രയും വലിയൊരു ക്ലാഷില്‍ നിന്ന് പിന്മാറിയത് ദുല്‍ഖര്‍ എടുത്ത നല്ലൊരു തീരുമാനമാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഓണം പോലൊരു സീസണ് ഭൂരിഭാഗം പ്രേക്ഷകരുടെയും ആദ്യ ചോയ്‌സ് ഏതെങ്കിലും ഫീല്‍ഗുഡ് ചിത്രമാകുമെന്നും ബെത്‌ലഹേമിന് പോസിറ്റീവ് വന്നതോടെ ആളുകള്‍ ആ സിനിമക്ക് ഇടിച്ചുകയറുകയാണെന്നും സിനിമാപേജുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ദുല്‍ഖര്‍ മുന്‍കൂട്ടി കണ്ടിട്ടാണ് പിന്മാറിയതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
കിങ് ഓഫ് കൊത്തയുടെ വമ്പന്‍ പരാജയത്തിന് ശേഷം മോളിവുഡില്‍ നിന്ന് ഇടവേളയെടുത്ത ഡി.ക്യുവിന്റെ തിരിച്ചുവരവ് ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ദുല്‍ഖറിന്റെ കരിയറില്‍ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ഐ ആം ഗെയിം. സ്വല്പം പരീക്ഷണ സ്വഭാവമുള്ള സിനിമയായതിനാല്‍ വലിയ റിസ്‌കാണ് ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ എടുക്കുന്നത്. ഇതുപോലൊരു സിനിമക്ക് സോളോ റിലീസാണ് നല്ലതെന്നും ട്രാക്കര്‍മാര്‍ വിലയിരുത്തുന്നു.
ബെത്‌ലഹേമിന് മുന്നില്‍ ഖലീഫ കിതക്കുന്നതുപോലെ ഐ ആം ഗെയിമും കിതച്ചേനെയെന്നും സോളോ റിലീസില്‍ ദുല്‍ഖര്‍ എന്ന സ്റ്റാര്‍ ബോക്‌സ് ഓഫീസില്‍ അഴിഞ്ഞാടുമെന്നും ചിലര്‍ പ്രവചിക്കുന്നുണ്ട്. ആര്‍.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡാന്‍ ജോണ്‍ എന്ന ഗ്യാംബ്ലറായാണ് ദുല്‍ഖര്‍ വേഷമിടുന്നത്.
Content Highlight: Cinema pages appreciating I’m Game’s withdrawal from Onam clash