| Saturday, 26th September 2026, 8:11 am

നിവിന്‍ പോളിയെപ്പോലെ സേഫ് സോണ്‍ പിടിക്കുന്നതാണ് നല്ലത്, ആവശ്യമില്ലാതെ മാസ് പടങ്ങള്‍ ചെയ്യരുതെന്ന് നാനിക്ക് ഉപദേശം

അമര്‍നാഥ് എം.

നെപ്പോട്ടിസം കൊടികുത്തി വാഴുന്ന തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ആരുടെയും സഹായമില്ലാതെ സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത നടനാണ് നാനി. രാജമൗലിയുടെ അസിസ്റ്റന്റായി കരിയറാരംഭിച്ച നാനി ചെറിയ വേഷങ്ങളിലൂടെ മുന്‍നിരയിലേക്ക് കടന്നുവന്നു. ഫീല്‍ ഗുഡ് റോം കോം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചു.

എല്ലാ താരങ്ങളും അവരുടെ കരിയറില്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാനായി മാസ് സിനിമകളാണ് തെരഞ്ഞെടുക്കാറുള്ളത്. സേഫ് സോണില്‍ ഒതുങ്ങി നില്‍ക്കാതെ മാസ് മസാല എന്റര്‍ടൈനറുകളിലേക്ക് കടക്കുന്ന പല താരങ്ങള്‍ക്കും കൈ പൊള്ളാറുണ്ട്. ആ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ് നാനി ഇപ്പോള്‍. ഏറ്റവും പുതിയ ചിത്രമായ പാരഡൈസ് കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറി.

കെ.ജി.എഫ്, ബാഹുബലി, കാന്താര പോലുള്ള സിനിമകളുടെ കഥ കൂട്ടിക്കുഴച്ച് ഒരുക്കിയ പാരഡൈസ് ഇതിനോടകം സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയായി. 100 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ പാരഡൈസ് ട്രോള്‍ പേജുകളുടെ ഇരയാണ്. മാസ് ഹീറോയിലേക്കുള്ള നാനിയുടെ ചുവടുവെപ്പ് പാളിയതോടെ ചില ഉപദേശങ്ങളുമായി സിനിമാപേജുകള്‍ രംഗത്തെത്തി.

മലയാളി താരം നിവിന്‍ പോളിയുമായിട്ടാണ് നാനിയെ സിനിമാപേജുകള്‍ താരതമ്യം ചെയ്യുന്നത്. സേഫ് സോണില്‍ ഒരുപാട് ഹിറ്റുകള്‍ ചെയ്ത നിവിന്‍ അടുത്തിടെ പരീക്ഷണസിനിമകളില്‍ ശ്രദ്ധ നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും പ്രേക്ഷകര്‍ വേണ്ടത്ര സ്വീകരിക്കാത്തതോടെ തന്റെ സ്‌ട്രോങ് സോണിലേക്ക് നിവിന്‍ തിരിച്ചുവന്നു. ഇന്‍ഡസ്ട്രി ഹിറ്റടക്കം പല റെക്കോഡുകളും സേഫ് സോണ്‍ സിനിമകളിലൂടെ നിവിന്‍ തന്റെ പേരിലാക്കി.

നാനിയും നിവിന്റെ പാതയിലൂടെ സഞ്ചരിക്കുന്നതാണ് നല്ലതെന്ന് പലരും ഉപദേശിക്കുകയാണ്. നാനിക്ക് മാസ് ഹീറോയാകാനുള്ള സ്വാഗും ഓറയുമില്ലെന്നും ഫീല്‍ ഗുഡ് സിനിമകളാണ് താരത്തിന് നല്ലതെന്നും ഇത്തരം സിനിമകള്‍ കാണാനാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതെന്നും പോസ്റ്റുകളുണ്ട്. നിവിന്‍ പോളിയെപ്പോലെ നാനിയും തിരിച്ചുവരുമെന്നാണ് കരുതുന്നതെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു.

അതേസമയം ആദ്യദിനം വമ്പന്‍ കളക്ഷനാണ് പാരഡൈസ് നേടിയത്. മോശം റിവ്യൂ ലഭിച്ചെങ്കിലും 77 കോടിയിലേറെ ആദ്യദിനം സ്വന്തമാക്കാന്‍ നാനിക്ക് സാധിച്ചു. എന്നാല്‍ രണ്ടാംദിനം ചിത്രത്തിന്റെ കളക്ഷനില്‍ വലിയ ഇടിവ് വന്നേക്കുമെന്നും ആദ്യ ആഴ്ചയില്‍ തന്നെ തിയേറ്റര്‍ വിടുമെന്നാണ് കരുതുന്നതെന്നും ട്രാക്കര്‍മാര്‍ പ്രവചിക്കുന്നു. ദസറക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും ഒന്നിച്ച ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറുകയാണ്.

Content Highlight: Cinema pages advising Nani to focus on Fell good movies like Nivin Pauly

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more