കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം മലയാളം ഇന്‍ഡസ്ട്രി വിട്ട് പോയ ദുല്‍ഖറിന്റെ ഹോംകമിങ്ങായിരുന്നു ഐ ആം ഗെയിം. നഹാസ് ഹിദായത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം വന്‍ ഹൈപ്പിലായിരുന്നു പ്രേക്ഷകരിലേക്കെത്തിയത്. എന്നാല്‍ ഹൈപ്പിനൊത്ത് ഉയരാന്‍ ചിത്രത്തിന് സാധിക്കാതെ പോയി. നോണ്‍ ഫെസ്റ്റിവല്‍ റിലീസും ബെത്‌ലഹേമിന്റെ കുതിപ്പും വലിയ രീതിയില്‍ ഐ ആം ഗെയിമിനെ ബാധിച്ചു.
ബജറ്റ് പോലും തിരിച്ചുകിട്ടാതെ തിയേറ്റര്‍ വിട്ട ചിത്രം ഒരുമാസം പിന്നിട്ടിട്ടും ഒ.ടി.ടിയിലെത്താത്തത് സിനിമാപേജുകളില്‍ ചര്‍ച്ചയായി. റിലീസിന് മുമ്പ് റെക്കോഡ് തുകക്ക് റൈറ്റ്‌സ് വിറ്റുപോയെന്ന് ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഈ സമയത്ത് വൈറലായി. കാത്തിരിപ്പിനൊടുവില്‍ ഐ ആം ഗെയിം ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകായണ്. നവംബര്‍ ആറ് മുതല്‍ ജിയോ ഹോട്‌സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക.
റിലീസ് ചെയ്ത് രണ്ട് മാസമാകാറായിട്ടും എന്തുകൊണ്ട് ഒ.ടി.ടിയില്‍ ചിത്രം എത്തിയില്ലെന്ന് പലരും സിനിമാപേജുകളില്‍ ചോദിച്ചിരുന്നു. ഇപ്പോഴിതാ അത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കിയിരിക്കുകയാണ് ചില സിനിമാപ്രേമികള്‍. ചിത്രത്തിന്റെ പോസ്റ്ററില്‍ ബോളിവുഡ് എന്റര്‍ടൈന്മെന്റ് പ്ലാറ്റ്‌ഫോമായ ഷെമരൂവിന്റെ ലോഗോയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
ചിത്രത്തിന്റെ റൈറ്റ്‌സ് നേടിയത് ഷെമരൂവായിരുന്നു. കണ്ടുശീലിച്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെപ്പോലെയല്ല ഷെമരൂവിന്റെ രീതി. ഒരു സിനിമയുടെ ടോട്ടല്‍ റൈറ്റ്‌സ് സ്വന്തമാക്കുന്ന ഷെമരൂ കൂടിയ തുകയ്ക്ക് അത് മറ്റ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വില്‍ക്കുകയാണ് പതിവ്. ഒരേസമയം ഒന്നിലധികം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ചില സിനിമകള്‍ റിലീസാകുന്നത് ഇത്തരത്തിലാണെന്നും സിനിമാപേജുകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തിയേറ്റര്‍ റിലീസിന് മുന്നേ തന്നെ വലിയൊരു തുകക്ക് ദുല്‍ഖര്‍ ഐ ആം ഗെയിമിന്റെ റൈറ്റ്‌സ് വിറ്റിരുന്നു. എന്നാല്‍ തിയേറ്റര്‍ റിലീസിന് ശേഷം ലഭിച്ച പ്രതികരണം കണ്ട് പല പ്ലാറ്റ്‌ഫോമുകളും ചിത്രത്തെ ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്മാറിയതാകാമെന്നും റിപ്പോര്‍ട്ടിലുണ്ട്. സീ ഫൈവിലേക്ക് ഐ ആം ഗെയിം പോകുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ പലരെയും സര്‍പ്രൈസാക്കിക്കൊണ്ടാണ് ജിയോ ഹോട്‌സ്റ്റാറിലേക്ക് ചിത്രം എത്തിയത്.
ഡാന്‍ ജോണ്‍ എന്ന യുവാവിന് ഒരു അപകടത്തിന് ശേഷം കൈ മാറ്റിവെക്കേണ്ടി വരികയും പിന്നീട് ആ കൈ കാരണം അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് ഐ ആം ഗെയിമിന്റെ കഥ. സൂപ്പര്‍നാച്ചുറല്‍, ഫാന്റസി, സ്‌പോര്‍ട്‌സ്, ആക്ഷന്‍ ഴോണറുകള്‍ ബ്ലെന്‍ഡ് ചെയ്ത് ഒരുക്കിയ കഥ രണ്ടാം പകുതി കാരണമാണ് പ്രേക്ഷകര്‍ കൈവിട്ടത്. ഒ.ടി.ടി റിലീസിന് ശേഷം ഐ ആം ഗെയിം വീണ്ടും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
Content Highlight: Cinema pages about the delay in OTT release of I’m Game movie