| Tuesday, 14th July 2026, 4:42 pm

ടോം ക്രൂയിസിനൊപ്പം ഫഹദ് ചെയ്യേണ്ടിയിരുന്ന റോള്‍; ഡിഗ്ഗര്‍ ട്രെയ്‌ലറിന് പിന്നാലെ ചര്‍ച്ചയായി താരത്തിന്റെ നഷ്ടപ്പെട്ട അവസരം

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ന് ഇന്ത്യന്‍ സിനിമിയിലെ ഏറ്റവും പ്രതിഭാശാലികളായ പത്ത് അഭിനേതാക്കളുടെ ലിസ്റ്റെടുത്താല്‍ അതില്‍ ഇടം പിടിക്കാന്‍ കെല്‍പുള്ള ആക്ടറാണ് ഫഹദ് ഫാസില്‍. ആദ്യ വരവില്‍ പരാജയപ്പെട്ടെങ്കിലും സിനിമയിലേക്കുള്ള രണ്ടാം വരവില്‍ ഓരോ ഉയരങ്ങളായി കീഴടക്കിയാണ് താരം കുതിക്കുന്നത്. എന്നാല്‍ കരിയറില്‍ താരത്തിന് കിട്ടിയേക്കാവുന്ന ഏറ്റവും വലിയ അവസരം നഷ്ടമാക്കിയതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സജീവം.

ലിയാനാര്‍ഡോ ഡി കാപ്രിയോയെ നായകനാക്കി ഒരുക്കിയ ദി റെവനന്റ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ സ്വന്തമാക്കിയ അലജാന്ദ്രോ ജി. ഇനിരുറ്റുവിന്റെ ഡിഗ്ഗര്‍ എന്ന ചിത്രത്തിലേക്കുള്ള അവസരം നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

അലജാന്ദ്രോ ജി. ഇനിരുറ്റു, റിസ് അഹമദ്. Photo: The Hindu/ Warner Bros

ടോം ക്രൂയിസ് നായകനായെത്തുന്ന ചിത്രത്തില്‍ റിസ് അഹമദ് അവതരിപ്പിക്കുന്ന ഗണേശ് എന്ന കഥാപാത്രത്തിലേക്കായിരുന്നു ഫഹദിന് അവസരം ലഭിച്ചത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും താരത്തിന് വേഷം നഷ്ടപ്പെടുകയായിരുന്നു. ഒക്ടോബര്‍ 2ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാതിരുന്നതിന്റെ കാരണം പറയുന്ന ഫഹദിന്റെ പഴയ അഭിമുഖവും വൈറലാകുന്നുണ്ട്.

ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ സംവിധായകന് ആശങ്കയായി തോന്നിയത് തന്റെ ആക്‌സെന്റ് ആയിരുന്നുവെന്നും അത് ശരിയാക്കാന്‍ വേണ്ടി മൂന്നരമാസത്തോളം അമേരിക്കയില്‍ പോയി താമസിക്കാന്‍ ആവശ്യപ്പെട്ടതായും ഫഹദ് പറയുന്നു. എന്നാല്‍ അതിന് പേമെന്റ് ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അതെല്ലാം കാരണമാണ് ചിത്രം വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല അതിന് ശേഷം സംവിധായകനുമായി ഒരു വീഡിയോ കോളിലൂടെ മീറ്റിങ് ഉണ്ടായിരുന്നുവെന്നും സംസാരിക്കവെ ഇവനെ അല്ലല്ലോ എനിക്ക് വേണ്ടത് എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തില്‍ എല്ലാം മാറ്റങ്ങളും ഉണ്ടായത് ഇവിടെയാണെന്നും ഇനി റീ ഡിഫൈനിങ് ആയ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അത് ഇവിടെ സംഭവിക്കണമെന്നാണ് ആഗ്രഹമെന്നും താരം അന്ന് പറഞ്ഞിരുന്നു.

ഫഹദ് ഫാസില്‍. Photo: Cue Studio

എന്നാല്‍ ഇത്രയും വലിയ ഒരു ചിത്രത്തില്‍ നിന്നുമുള്ള അവസരം മുതലാക്കാതെ ഇദയം മുരളി, ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ എല്ലാം ചെയ്ത ഫഹദിന്റെ തീരുമാനങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മികച്ച പ്രതികരണം നേടുന്ന ഡിഗ്ഗറിന്റെ ട്രെയ്‌ലറിന് പിന്നാലെ വലിയ നഷ്ടമാണ് ഫഹദിന് ഉണ്ടായിരിക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Cinema Lovers discuss about Fahadh Faasil’s missed chance to act with Tom Cruise Fil Directed by world Famous director Inarritu

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more