| Monday, 18th May 2026, 8:15 pm

ആദ്യ ദിവസം തന്നെ കാണണം, ഇല്ലെങ്കില്‍ വാഴയിലെ പോലെ ഓരോരുത്തന്മാര്‍ വരും സ്‌പോയിലറായിട്ട്; ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമ കണ്ടതില്‍ വെച്ച് തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൊന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. 2013 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദിയടക്കം ഒട്ടനവധി ഭാഷകളിലേക്കാണ് റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. വെറുമൊരു നാലാം ക്ലാസുകാരനായ ജോര്‍ജ് കുട്ടി എന്ന കഥാപാത്രം പൊലീസിന്റെ കണ്ണുവെട്ടിച്ച് ചെയ്ത് കൂട്ടുന്ന കാര്യങ്ങളെല്ലാം അമ്പരപ്പോടെയായിരുന്നു ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലും പ്രേക്ഷകര്‍ നോക്കിക്കണ്ടത്. ദൃശ്യത്തെ മറ്റ് ക്രൈം ത്രില്ലര്‍ ചിത്രങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തിയതാകട്ടെ അതിന്റെ അവസാന ഭാഗങ്ങളില്‍ സംവിധായകന്‍ നല്‍കിയ ട്വിസ്റ്റായിരുന്നു.

ദൃശ്യം. Photo: IMDB

ആദ്യ ഭാഗത്തില്‍ വരുണിന്റെ ശവശരീരം പണി നടക്കുന്ന പൊലീസ് സ്റ്റേഷനില്‍ കുഴിച്ചിടുന്നതും രണ്ടാം ഭാഗത്തില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും കുഴിച്ചെടുത്ത വരുണിന്റെ അസ്ഥി മനുഷ്യന്റേതല്ലായി മാറുകയും ചെയ്ത ട്വിസ്റ്റുകളായിരുന്നു ദൃശ്യം ഫ്രാഞ്ചൈസിനെ വേറിട്ട് നിര്‍ത്തിയത്. ചിത്രത്തിന് മൂന്നാം ഭാഗമൊരുക്കുമ്പോള്‍ ആദ്യ രണ്ട് ഭാഗങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ ചിത്രം കാണുന്നവരാരും മനസില്‍ കാണാത്ത ട്വിസ്റ്റാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും.

ഇത്തരം ട്വിസ്റ്റുകളാണ് ചിത്രത്തിന്റെ നട്ടെല്ല് എന്നതിനാല്‍ തന്നെ മറ്റാരും പറഞ്ഞറിയുന്നതിന് മുമ്പ് തന്നെ ചിത്രം തിയേറ്ററില്‍ പോയി കാണുക എന്നതാണ് ഓരോ സിനിമാ പ്രേക്ഷകനും മുന്‍ഗണന നല്‍കുന്ന കാര്യം. ചിത്രത്തിന്റെ റിലീസിന് ആഴ്ച്ചകള്‍ മുമ്പ് തന്നെ ദൃശ്യം 3യുടെ ബുക്കിങ് ആരംഭിച്ചതും ഈ വസ്തുത മുന്നില്‍ വെച്ച് തന്നെ. ഈ സംഭവത്തെ കൃത്യമായി പ്രതിനിധീകരിക്കുന്നതായിരുന്നു 2024ല്‍ പുറത്തിറങ്ങിയ വാഴയിലെ രംഗം. കൂട്ടുകാരുമൊത്ത് തിയേറ്ററിന് മുന്നില്‍ ദൃശ്യത്തിന് ടിക്കറ്റെടുക്കാന്‍ നില്‍ക്കവെ തിയേറ്ററിനുള്ളിലേക്ക് ഒളിഞ്ഞുനോക്കുന്ന ജോമോന്‍ ജ്യോതിറിന്റെ കഥാപാത്രം ജോര്‍ജ് കുട്ടി, ശവം കുഴിച്ചിട്ടിരിക്കുന്നത് പൊലീസ് സ്‌റ്റേഷനിലാണെന്ന് പറയുന്നുണ്ട്.

ദൃശ്യം 3. Photo: IMDB

ദൃശ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ട്വിസ്റ്റ് ചിത്രം കാണുന്നതിന് മുമ്പ് പുറത്താക്കിയതിന് ജോമോന്റെ കഥാപാത്രത്തെ ടിക്കറ്റിനായി വരി നിന്നവര്‍ ഓടിച്ചിട്ട് അടിക്കുന്നതും കാണാം. ദൃശ്യം പുറത്തിറങ്ങിയാല്‍ കേരളത്തില്‍ കാണാന്‍ സാധ്യതയുള്ള സംഭവങ്ങളിലൊന്നാണ് ഇതെന്നുള്ളത് സോഷ്യല്‍ മീഡിയ ഇപ്പോള്‍ സിനിമാ പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കഴിയുന്നതും ഏറ്റവും വേഗത്തില്‍ തന്നെ ചിത്രം തിയേറ്ററില്‍ പോയി കാണാനാണ് പല സിനിമാ പേജുകളും നിര്‍ദേശിക്കുന്നത്.

Content Highlight: Cinema groups reminds to book tickets earlier to avoid spoiler

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more